‘കണ്ണു വേദനിച്ചപ്പോൾ തിരുമ്മിയതാണ്’: ആദ്യ മത്സരത്തിൽ ഔട്ടായപ്പോൾ കരഞ്ഞെന്ന പ്രചാരണം തള്ളി വൈഭവ് സൂര്യവംശി– വിഡിയോ

8 months ago 9

ഓൺലൈൻ ഡെസ്‌ക്

Published: May 21 , 2025 11:44 AM IST

1 minute Read

 X@IPL
വൈഭവ് കരഞ്ഞുകൊണ്ടു മടങ്ങുന്നുവെന്ന പേരിൽ പ്രചരിച്ച ചിത്രം

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) അരങ്ങേറ്റ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ പുറത്തായപ്പോൾ കരഞ്ഞുകൊണ്ടാണ് കളംവിട്ടതെന്ന പ്രചാരണം തള്ളി രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരൻ താരം വൈഭവ് സൂര്യവംശി. പുറത്തായപ്പോൾ കരഞ്ഞിട്ടില്ലെന്നും, വെളിച്ചമടിച്ച് കണ്ണുവേദനിച്ചപ്പോൾ തിരുമ്മുക മാത്രമാണ് ചെയ്തതെന്നും വൈഭവ് വെളിപ്പെടുത്തി.

രാജസ്ഥാൻ റോയൽസ് പങ്കുവച്ച വിഡിയോയിലാണ്, അരങ്ങേറ്റ മത്സരത്തിൽ പുറത്തായപ്പോൾ കണ്ണീരണിഞ്ഞുവെന്ന താരത്തിലുള്ള പ്രചാരണങ്ങൾ വൈഭവ് തള്ളിക്കളഞ്ഞത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനു ശേഷം പഞ്ചാബിന്റെ യുവതാരം മുഷീർ ഖാനുമായി സംസാരിക്കുമ്പോഴാണ്, എന്താണ് സംഭവിച്ചതെന്ന് വൈഭവ് വെളിപ്പെടുത്തിയത്.

‘‘അതിന് ഞാൻ എപ്പോഴാണ് കരഞ്ഞത്? എന്താണ് സംഭവിച്ചതെന്ന് ഞാൻ വിശദീകരിക്കാം. എന്റെ കണ്ണിന് നല്ല വേദനയുണ്ടായിരുന്നു. ഔട്ടായ സമയത്ത് ഞാൻ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിലേക്കു നോക്കിയപ്പോൾ വെളിച്ചം എന്റെ കണ്ണിലടിച്ചു. അതോടെ ഞാൻ കണ്ണു തിരുമ്മിയതാണ് കരഞ്ഞതായി വ്യാഖ്യാനിക്കുന്നത്’ – വൈഭവ് വിശദീകരിച്ചു.

‘‘ഞാൻ ഗാലറിയിലേക്ക് എത്തിയപ്പോൾ മുതൽ എന്തിനാണ് കരഞ്ഞതെന്ന് ആളുകൾ അന്വേഷിക്കുന്നുണ്ടായിരുന്നു. സത്യത്തിൽ ഞാൻ കരഞ്ഞിട്ടില്ല. കണ്ണിനു വേദന തോന്നിയപ്പോൾ തിരുമ്മി എന്നു മാത്രമേയുള്ളൂ’ – വൈഭവ് പറഞ്ഞു.

അരങ്ങേറ്റത്തിലെ ആദ്യ പന്തിൽത്തന്നെ ലക്നൗ താരം ഷാർദുൽ താക്കൂറിനെതിരെ തകർപ്പൻ സിക്സറുമായി വൈഭവ് അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. പരിചയസമ്പന്നനായ ബോളർക്കെതിരെ അരങ്ങേറ്റത്തിൽ സിക്സറടിച്ച് തുടക്കമിട്ടത് വാർത്തകളിലും ഇടംപിടിച്ചു. മത്സരത്തിലാകെ 20 പന്തിൽ 34 റൺസെടുത്താണ് വൈഭവ് പുറത്തായത്. തുടർന്ന് വൈഭവ് കരഞ്ഞുകൊണ്ടാണ് പവലിയനിലേക്ക് പോയതെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ വിശദീകരണം. 

English Summary:

Rajasthan Royal's 14-Year-Old Sensation Breaks Silence On 'Cried On IPL Debut' Claims

Read Entire Article