കണ്ണൂർ ∙ ഇരുതല മൂർച്ചയുള്ള പോർച്ചുരിക വീശുന്ന കണ്ണൂർ വോറിയേഴ്സ്, കടുകട്ടി പ്രതിരോധത്തിന്റെ പരിചമറയുമായി തൃശൂർ മാജിക് എഫ്സി. സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഇന്ന് ആവേശം ചിതറുന്ന ഫൈനൽ പോരാട്ടം. കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 7.30ന് ആണു കിക്കോഫ്. ക്യാപ്റ്റൻ മെയിൽസൺ ആൽവസ് നയിക്കുന്ന പ്രതിരോധനിരയുടെ കരുത്തിൽ ടൂർണമെന്റിൽ ഏറ്റവും കുറവു ഗോളുകൾ വഴങ്ങിയ ടീമെന്ന ഖ്യാതിയുമായാണു തൃശൂരിന്റെ വരവ്.
നിലവിലെ ജേതാക്കളും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരുമായ കാലിക്കറ്റ് എഫ്സിയെ പോർവീര്യമെന്ന തന്ത്രത്തിലൂടെ മറികടന്നാണു കണ്ണൂരിന്റെ ഫൈനൽ പ്രവേശം. തന്ത്രവും മന്ത്രവും തമ്മിലെ അങ്കത്തിൽ ജേതാക്കളാകുന്നവർക്ക് ഒരു കോടി രൂപയാണു പ്രൈസ് മണി. സീസണിൽ മുൻപു രണ്ടുവട്ടം കണ്ണൂരും തൃശൂരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒരു വിജയവും ഒരു സമനിലയുമായി കണ്ണൂരിനായിരുന്നു മുൻതൂക്കം.
ആദ്യ മത്സരം 1–1 സമനിലയായി. സെമിയുറപ്പിച്ച ശേഷം പ്രധാന താരങ്ങളെ പുറത്തിരുത്തി തൃശൂർ രണ്ടാം മത്സരത്തിനിറങ്ങിയപ്പോൾ 2–0നു കണ്ണൂർ അനായാസ വിജയം നേടി. പക്ഷേ, കളിച്ച 11 മത്സരങ്ങളിൽ 6 വിജയവും 2 സമനിലയുമടക്കം പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തുടരുന്ന തൃശൂർ സെമിയിലെത്തിയതും മലപ്പുറത്തെ 3–1നു തോൽപിച്ചു ഫൈനലിൽ കയറിയതും ആധികാരികമായാണ്. എന്നാൽ, കണ്ണൂരിന്റെ വരവ് നൂൽപാലത്തിലൂടെയായിരുന്നു. ഹോം ഗ്രൗണ്ടിലെ അവസാന രണ്ടു കളികളിലും തോൽവി.
ആകെ 5 ഹോം മത്സരങ്ങളിൽ 3 തോൽവിയും രണ്ടു സമനിലയും. അവസാന ലീഗ് മത്സരത്തിൽ തൃശൂരിനെ 2–0നു തോൽപിച്ച് സെമിയിൽ കടന്നു. എതിരാളികളായി ലഭിച്ചതു കഴിഞ്ഞ സീസണിലെ ജേതാക്കളും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരുമായ മലപ്പുറത്തെ. 1–0നു ചാംപ്യൻമാരെ തകർത്തുവിട്ട് വിമർശകരുടെ വായ് പൂട്ടിക്കെട്ടിയാണു കണ്ണൂർ ഫൈനലിലെത്തിയത്. സ്റ്റേഡിയത്തിലേക്ക് ഇന്നു വൈകിട്ട് 5 മുതൽ കാണികളെ പ്രവേശിപ്പിക്കും. രണ്ടു സെമികളിൽ മാത്രം 40,000ലേറെ പേർ കളികണ്ടിരുന്നതായി എസ്എൽകെ സിഇഒ മാത്യു ജോസഫ് പറഞ്ഞു.
കണ്ണൂർ വോറിയേഴ്സ്
കരുത്ത്: ജയിച്ചാലും തോറ്റാലും ‘അഗ്രസീവ് ഫുട്ബോൾ’ വിട്ടൊരു കളിയില്ല. 14 ഗോളുമായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടെന്നതു പോലെ ഗോൾഷോട്ടുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തും കണ്ണൂരുണ്ട്. 133 ഷോട്ടുകളുതിർത്ത കണ്ണൂരിനു മുന്നിൽ 145 ഷോട്ടുകളോടെ മലപ്പുറം മാത്രമേയുള്ളൂ. ഗോളവസരങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനവും കണ്ണൂരിനാണ്. 89 അവസരങ്ങൾ സൃഷ്ടിച്ചു. ക്രോസുകളുടെ എണ്ണത്തിലും ഒന്നാംസ്ഥാനം കണ്ണൂരിനാണ്. പ്രതികൂല സാഹചര്യങ്ങളിലും വീണുപോയാലും തളരാതെ എഴുന്നേറ്റു പോരാട്ടം തുടരാനുള്ള വീര്യം സീസണിലുടനീളം അവരെ തുണച്ചിട്ടുണ്ട്. സെമി ബർത്ത് പോലും അങ്ങനെ നേടിയെടുത്ത അവസരമാണ്.
ദൗർബല്യം: ഹോം ഗ്രൗണ്ടിലെ മോശം പ്രകടനമാണു കണ്ണൂരിനെ അലട്ടുന്നത്. എവേ മത്സരങ്ങളിൽ തോൽവി അറിയാതെ കുതിച്ചെങ്കിലും ഹോം ഗ്രൗണ്ടിലെ അവസാന 5 കളികളിൽ 3 തോൽവിയും 2 സമനിലയുമാണു ഫലം. അതിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ 3–1നും ഫോഴ്സ കൊച്ചിക്കെതിരെ 4–1നും കനത്ത തോൽവി വഴങ്ങേണ്ടിവന്നു. ടൂർണമെന്റിൽ അടിച്ചതിനെക്കാൾ കൂടുതൽ ഗോൾ വഴങ്ങേണ്ടി വന്ന ടീം എന്ന പോരായ്മയുമുണ്ട്. 14 ഗോളടിച്ചപ്പോൾ 15 എണ്ണം വഴങ്ങി. ഹോം മത്സരങ്ങളിൽ പ്രതിരോധ നിര ഇടിഞ്ഞുവീഴുന്നതു വലിയ തലവേദനയാണ്.
തൃശൂർ മാജിക് എഫ്സി
കരുത്ത്: ഉള്ളിൽ ഒളിപ്പിച്ചതെന്താണെന്ന് മത്സരത്തിനു തൊട്ടുമുൻപേ അറിയാൻ കഴിയൂ. ആദ്യ 5 മത്സരങ്ങൾക്കു ശേഷം ബെഞ്ചിലായിരുന്ന സ്റ്റാർ സ്ട്രൈക്കർ മാർക്കസ് ജോസഫിനെ ടീം പിന്നീടിറക്കിയതു സെമിയിലാണ്! കുന്തമുനയായ ഇവാൻ മാർക്കോവിച്ചിനെയും കോച്ച് ആന്ദ്രേ ചെർണിഷോവ് പല മത്സരങ്ങളിലും ഒളിപ്പിച്ചുവച്ചു. ഇവരെല്ലാം ഒത്തുചേർന്ന ലൈനപ് ഇന്ന് ആദ്യ ഇലവനിലിറങ്ങിയാൽ തൃശൂരിനെ പിടിച്ചുകെട്ടാൻ ബുദ്ധിമുട്ടാകും.
ക്യാപ്റ്റൻ മെയിൽസൺ ആൽവസ് നയിക്കുന്ന പ്രതിരോധനിര 11 കളികളിൽ 8 ഗോളുകൾ മാത്രമേ ഇതുവരെ വഴങ്ങിയിട്ടുള്ളൂ. ഗോളടിച്ചില്ലെങ്കിലും ഗോൾ വഴങ്ങരുതെന്നതായിരുന്നു ടീമിന്റെ ആപ്തവാക്യം. വിജയകരമായി പൂർത്തിയാക്കിയ പാസുകളുടെ എണ്ണമെടുത്താൽ 3309 പാസോടെ തൃശൂരാണു മുന്നിൽ.
ദൗർബല്യം: ഗോൾ വഴങ്ങുന്നതിലെ പിശുക്ക് ഗോളടിക്കുന്നതിലും പ്രകടം. സെമിയിൽ ഇടംപിടിച്ച നാലു ടീമുകളിൽ ഏറ്റവും കുറവു ഗോളുകൾ നേടിയതു തൃശൂരാണ്. 11 കളികളിൽ 11 ഗോളുകളാണു തൃശൂർ നേടിയത്. കണ്ണൂർ 14 ഗോളുകൾ നേടിയിട്ടുണ്ട്. തുടക്കത്തിൽ തന്നെ ഗോൾ നേടുക, അതു പ്രതിരോധിക്കുക എന്നതായിരുന്നു പല കളികളിലും ടീമിന്റെ സ്ട്രാറ്റജി.
English Summary:








English (US) ·