കണ്ണൂരിനെ തളച്ച് കൊമ്പന്റെ കൊലവിളി; തിരുവനന്തപുരം കൊമ്പൻസ് എഫ്സി - 3, കണ്ണൂർ വാരിയേഴ്‌സ് എഫ്സി - 1

2 months ago 2

മനോരമ ലേഖകൻ

Published: November 10, 2025 10:38 PM IST

1 minute Read

 SLK)
എസ്എൽകെയിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സി – കണ്ണൂർ വാരിയേഴ്‌സ് എഫ്സി മത്സരത്തിൽനിന്ന് (ചിത്രം: SLK)

കണ്ണൂർ∙ സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയെ അവരുടെ തട്ടകത്തിൽ 3-1 ന് തകർത്ത്  തിരുവനന്തപുരം കൊമ്പൻസ് എഫ്സി. കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കണ്ണൂരിനായി ഓട്ടിമർ ബിസ്‌പൊ രണ്ടും മുഹമ്മദ്‌ ജാസിം ഒരു ഗോളും നേടി. കണ്ണൂരിന്റെ ആശ്വാസ ഗോൾ എസിയർ ഗോമസിന്റെ ബൂട്ടിൽ നിന്നാണ്. ആറു കളികളിൽ ഏഴു പോയന്റുള്ള തിരുവനന്തപുരം പട്ടികയിൽ അഞ്ചാമതാണ്. ഇത്രയും കളികളിൽ ഒൻപത് പോയന്റുമായി കണ്ണൂർ നാലാമത് നിൽക്കുന്നു. 

ഒന്നാം മിനിറ്റിൽ തന്നെ എതിരാളികളെ ഞെട്ടിച്ചുകൊണ്ടാണ് കണ്ണൂർ സ്വന്തം ഗ്രൗണ്ടിൽ രണ്ടാം മത്സരം തുടങ്ങിയത്. കോർണർ കിക്കിൽ നിന്ന് പന്ത് സ്വീകരിച്ച മനോജ്‌ ഇടത് വിങിൽ നിന്ന് ബോക്സിലേക്ക് ക്രോസ് ചെയ്തു. കാത്തിരുന്ന ലവ്സാംബയുടെ ഹെഡ്ഡർ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. പന്ത്രണ്ടാം മിനിറ്റിൽ തിരുവനന്തപുരത്തിന് ബോക്സിന് തൊട്ടുപുറത്തു നിന്ന് ഫ്രീകിക്ക് ലഭിച്ചു. ഓട്ടിമർ ബിസ്‌പൊ കരുത്തോടെ കിക്കെടുത്തെങ്കിലും പ്രതിരോധമതിലിൽ തട്ടി പുറത്തേക്ക് പോയി. 

ആദ്യപകുതിയിൽ കണ്ണൂരിന്റെ അണ്ടർ 23 താരം എബിൻ ദാസിനും തിരുവനന്തപുരത്തിന്റെ ബാദിഷിനും ലഭിച്ച അവസരങ്ങൾ  ഗോളാകാതെ പോയി. അതിനിടെ കണ്ണൂരിന്റെ വിങ് ബാക്ക് മനോജിനും മിഡ്‌ഫീൽഡർമാരായ സൈദ് മുഹമ്മദ്‌ നിദാൽ, ലവ്സാംബ എന്നിവർക്കും മഞ്ഞക്കാർഡ് ലഭിച്ചു.  രണ്ടാം പകുതിയുടെ തുടക്കത്തിൽ കണ്ണൂർ അണ്ടർ 23 താരം മുഹമ്മദ്‌ സിനാൻ, ഷിബിൻ എന്നിവരെ കളത്തിലിറക്കി. നാല്പത്തിയൊന്നാം മിനിറ്റിൽ തിരുവനന്തപുരം ഗോൾ നേടി. ഓട്ടിമർ ബിസ്‌പൊയുടെ ഷോട്ട് കണ്ണൂർ ഗോൾകീപ്പർ സി കെ ഉബൈദ് തടുത്തിട്ടത് യുവതാരം മുഹമ്മദ്‌ ജാസിം ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലെത്തിച്ചു (1-0). 

വൈകാതെ കണ്ണൂരിന്റെ സ്പാനിഷ് താരങ്ങളായ എസിയർ ഗോമസും അഡ്രിയാൻ സെർദിനേറോയും പകരക്കാരായി വന്നു. മുഹമ്മദ്‌ ഷാഫി, മുഹമ്മദ്‌ അസ്ഹർ എന്നിവർക്ക് തിരുവനന്തപുരവും അവസരം നൽകി. അറുപത്തിയൊൻപ താം മിനിറ്റിൽ തിരുവനന്തപുരം ലീഡ് രണ്ടാക്കി. ഇടതു വിങിലൂടെ മൂന്ന് എതിരാളികളെ മറികടന്ന് കുതിച്ചെത്തിയ ബ്രസീലുകാരൻ റൊണാൾഡ് മെലോ നൽകിയ പന്ത് ഓട്ടിമർ ബിസ്‌പൊ പോസ്റ്റിലേക്ക് തട്ടിയിട്ടു (2-0). അവസാന മിനിറ്റുകളിൽ ഗോൾ തിരിച്ചടിക്കാൻ കണ്ണൂർ  നിരന്തരശ്രമങ്ങൾ നടത്തുന്നതിനിടെ തിരുവനന്തപുരം മൂന്നാം ഗോളും നേടി. ഷാഫിയുടെ പാസിൽ സ്കോർ ചെയ്തതും ഓട്ടിമർ ബിസ്‌പൊ തന്നെ. ലീഗിൽ ബ്രസീൽ താരത്തിന്റെ നാലാം ഗോൾ. എതിർ താരങ്ങളുമായി കൈയ്യാങ്കളിക്ക് ഇറങ്ങിയ കണ്ണൂർ നായകൻ അഡ്രിയാൻ സെർദിനേറോ ചുവപ്പ് കാർഡ് വാങ്ങി കളംവിട്ടു. ഇഞ്ചറി സമയത്ത് ഫ്രീകിക്കിലൂടെ എസിയർ ഗോമസ് കണ്ണൂരിന്റെ ആശ്വാസ ഗോൾ കുറിച്ചു. 

English Summary:

Super League Kerala: Kannur Warriors FC faced a decision against Thiruvananthapuram Combans FC. The lucifer concluded with a people of 3-1, with Thiruvananthapuram Combans FC dominating the crippled successful Kannur.

Read Entire Article