19 June 2025, 03:05 PM IST

ഇബ്രാഹിം അഷ്‌ഫാക്ക് മീത്തൽ 'ലാസ്റ്റ് ബ്രെത്ത്' എന്ന സിനിമയിൽ, ഇബ്രാഹിം അഷ്‌ഫാക്ക് മീത്തൽ | Photo: Special Arrangement
തൃക്കരിപ്പൂർ: കണ്ണൂർ എട്ടിക്കുളത്തെ ഇബ്രാഹിം അഷ്‌ഫാക്ക് മീത്തലിനെ ‘സിൽമേലെടുത്തു’. അതും ഹോളിവുഡ് ‘സിൽമേല്’. അതിയശപ്പെടാൻവരട്ടെ, ഈ 27-കാരൻ ഒന്നും രണ്ടുമല്ല അഞ്ച് ഹോളിവുഡ് സിനിമകളിലാണ് അഭിനയിച്ചത്. അലക്സ് പാർകിൻസൺ സംവിധാനം ചെയ്ത ’ലാസ്റ്റ് ബ്രെത്ത്’ എന്ന സിനിമയിൽ പ്രധാന റോളിലെത്തുന്ന ക്യാപ്റ്റന്റെ നാല് അസിസ്റ്റന്റിൽ ഒരാളായിട്ടാണ് ഇബ്രാഹിം അഷ്‌ഫാക്കെത്തുന്നത്.
ആദ്യം അഭിനയിച്ച സിനിമ ’നോട്ട് വിത്ത് ഔട്ട് ഹോപ്പി’ൽ പോലീസ് ഓഫീസറുടെ വേഷമായിരുന്നു. സിനിമ അടുത്തമാസം റിലീസിനെത്തും. റിലീസിനൊരുങ്ങുന്ന ’മാജിക് ഫാർ എവേ ട്രീ’യിൽ ഗോബ്ലിൻ എന്ന മുഴുനീള കഥാപാത്രത്തെയാണ് അഷ്‌ഫാക്ക് അവതരിപ്പിക്കുന്നത്. ’ഹംഗ്രി’ ഉൾപ്പെടെയുള്ള സിനിമകളിൽ പ്രധാന നടന്മാരുടെ ഡ്യൂപ്പായിട്ടാണ് അഷ്‌ഫാക്ക് അഭിനയിച്ചത്.
ചെറുപ്പം മുതൽ അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നു. പയ്യന്നൂരിൽ നടന്ന ഭൂരിഭാഗം ഷൂട്ടിങ് ലൊക്കേഷനുകളിലും അവസരം ചോദിച്ചെത്തിയിട്ടുണ്ട്. അങ്ങനെയാണ് കോളേജ് പഠനകാലത്ത് 2018-ൽ റിലീസായ ’ഓട്ടർഷ’ എന്ന മലയാളം സിനിമയിൽ അഭിനയിക്കുന്നത്.
ചിത്രത്തിലെ സെക്കൻഡുകൾ മാത്രം നീണ്ടുനിൽക്കുന്ന സംഭാഷണത്തിലൂടെയാണ് അഷ്‌ഫാക്ക് സിനിമാഭിനയത്തിന് ഹരിശ്രീ കുറിക്കുന്നത്. തുടർന്ന് ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തുവെങ്കിലും റിലീസിനെത്തുമ്പോൾ തന്റെ ഭാഗം ഒഴിവാക്കാറാണ് പതിവെന്ന് അഷ്‌ഫാക്ക്. പിന്നീട് ജോലിക്കായി മാൾട്ടയിലേക്ക് പോയി. സിനിമാമോഹം കാരണം അവിടത്തെ ഷൂട്ടിങ് ലൊക്കേഷനുകളിൽ പോകുമായിരുന്നു. ‘നോട്ട് വിത്ത് ഔട്ട് ഹോപ്പ്’ ലൊക്കേഷനിൽ സംവിധായകനെ നേരിൽ കാണാൻ അവസരം കിട്ടി. ചാൻസ് ചോദിച്ചു. ഒരു രംഗം അഭിനയിച്ചുകാണിക്കാൻ പറഞ്ഞു. അത് സംവിധായകന് ഇഷ്ടമായി. അങ്ങനെയാണ് ഹോളിവുഡിലേക്ക് വഴിതുറന്നത്.
ജോലിയുടെ ഇടവേളയിലാണ് ലോക്കേഷനുകൾ കയറിയിറങ്ങിരുന്നത്. അങ്ങനെ ‘മോളിവുഡി’ലെ നിരാശയ്ക്ക് പകരം ‘ഹോളിവുഡി’ൽ അവസരങ്ങളായി. മലയാള സിനിമ മാത്രം കണ്ടുവളർന്ന തനിക്ക് മലയാള സിനിമതന്നെയാണ് ആഗ്രഹമെന്ന് അഷ്‌ഫാക്ക് പറയുന്നു. എട്ടിക്കുളത്തെ ഷെരീഫാ മീത്തലിന്റെ മകനാണ്.
Content Highlights: Ibrahim Ashfaq from Kannur stars successful Hollywood movies
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·