12 August 2025, 08:52 PM IST

ദക്ഷിണാഫ്രിക്കൻ ടീം | AFP
ഡാര്‍വിന്‍: ഡെവാള്‍ഡ് ബ്രെവിസ് അതിവേഗസെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 53 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. പ്രോട്ടീസ് ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 165 റണ്‍സിന് പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ടിം ഡേവിഡ് വെടിക്കെട്ട് അര്‍ധസെഞ്ചുറി തികച്ചെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. 24 പന്തില്‍ താരം 50 റണ്‍സെടുത്ത് പുറത്തായി. അലക്‌സ് കാരി(26) മിച്ചല്‍ മാര്‍ഷ്(22), ഗ്ലെന്‍ മക്‌സ്വെല്‍(16), ബെന്‍ ഡ്വാര്‍ഷുയിസ്(12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുബാറ്റര്‍മാര്‍. ബാക്കിയുള്ളവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഓസീസ് ഇന്നിങ്‌സ് 165-ന് അവസാനിച്ചു. പ്രോട്ടീസിനായി കോര്‍ബിന്‍ ബോഷ്, ക്വെന മഫെക്ക എന്നിവര്‍ മൂന്ന് വീതം വിക്കറ്റെടുത്തു.
നേരത്തേ ഡെവാള്‍ഡ് ബ്രെെവിസിന്റെ അതിവേഗസെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 41 പന്തില്‍ സെഞ്ചുറി തികച്ച താരം 56 പന്തില്‍ 12 ഫോറുകളുടെയും എട്ട് സിക്‌സറുകളുടെയും അകമ്പടിയോടെ 125 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. നാലാം വിക്കറ്റില്‍ ബ്രെെവിസും ട്രിസ്റ്റണ്‍ സ്റ്റബ്‌സും 126 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെയാണ് ടീം കരകയറിയത്.
സെഞ്ചുറി നേട്ടത്തോടെ ബ്രെെവിസ് പുതിയ റെക്കോഡുകളും സ്വന്തമാക്കി. അന്താരാഷ്ട്ര ടി20 യില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കന്‍ താരമായി ബ്രെെവിസ് മാറി. ടി20 മത്സരത്തില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 119 റണ്‍സെടുത്ത ഫാഫ് ഡുപ്ലൈസിസിന്റെ റെക്കോഡാണ് ബ്രെെവിസ് തകര്‍ത്തത്. ഒരു പ്രോട്ടീസ് ബാറ്ററുടെ രണ്ടാമത്തെ അതിവേഗ ടി20 സെഞ്ചുറി കൂടിയാണിത്.
Content Highlights: southbound africa bushed australia t20 lucifer brevis century








English (US) ·