
സംവിധായകനും എഴുത്തുകാരനുമായ മനീഷ് ഗുപ്ത | Photo: ANI
തനിക്കെതിരെ ഡ്രൈവർ നൽകിയ പരാതി കള്ളമെന്ന് സംവിധായകനും എഴുത്തുകാരനുമായ മനീഷ് ഗുപ്ത. ശമ്പളക്കുടിശ്ശിക ചോദിച്ചതിന് മനീഷ് ഗുപ്ത തന്നെ അടുക്കളയിലുപയോഗിക്കുന്ന കത്തിയെടുത്ത് കുത്തി എന്നായിരുന്നു ഡ്രൈവറുടെ പരാതി. ഡ്രൈവറായ റജിബുൾ ഇസ്ലാം ലഷ്കർ തനിക്കെതിരെ വെർസോവ പോലീസിനുനൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണെന്ന് മനീഷ് ഗുപ്ത പറഞ്ഞു.
"പരാതിക്കാരൻ വയറ്റിൽ വലതുകൈവെച്ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടിൽ വ്യക്തമായി കാണാൻ സാധിക്കും. വയറിലേക്ക് സൂം ചെയ്താൽ രക്തം ഇല്ലെന്ന് മനസിലാവും. കത്തികൊണ്ട് കുത്തേറ്റെങ്കിൽ അവിടെ രക്തം ഉണ്ടാവില്ലേ? അങ്ങനെയൊന്ന് സിസിടിവി ദൃശ്യത്തിൽ കാണാത്തതിനുകാരണം അയാൾ കള്ളം പറയുകയായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. അടുത്ത സിസിടിവി ദൃശ്യങ്ങളിൽ പരാതിക്കാരൻ വളരെ സാധാരണമായി യാതൊന്നും സംഭവിക്കാത്തതുപോലെയാണ് നടക്കുന്നത്. വയറ്റിൽ കുത്തേറ്റ വ്യക്തി നടക്കുന്നതുപോലെയേ അല്ല അയാൾ നടക്കുന്നത്." മനീഷ് ഗുപ്തയുടെ പ്രസ്താവനയിലെ വാക്കുകൾ.
"റജിബുൾ ഇസ്ലാം പോലീസിന് നൽകിയ മൊഴിയിലെ ആദ്യ വാചകംതന്നെ തികച്ചും തെറ്റാണ്. കഴിഞ്ഞ മൂന്നുവർഷമായി ഞാനയാൾക്ക് ശമ്പളം കൊടുക്കുന്നില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇത് ശരിയല്ല. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ കൃത്യസമയത്ത്, ഒരു മുടക്കവും കൂടാതെ, അദ്ദേഹത്തിന് ശമ്പളം നൽകിയിട്ടുണ്ടെന്ന് വ്യക്തമായി കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റുകളുണ്ട്. അദ്ദേഹത്തിന്റെ ശമ്പളത്തേക്കാൾ കൂടുതൽ തുക ഞാൻ അഡ്വാൻസ് ആയി നൽകിയിട്ടുണ്ട്. വ്യക്തമായ നുണയോടെ ആരംഭിക്കുന്ന അദ്ദേഹത്തിന്റെ മൊഴി ദുരുദ്ദേശപരമാണ്.
എഫ്‌ഐആർ ഫയൽ ചെയ്യാൻ മതിയായ സാഹചര്യം സൃഷ്ടിക്കാൻ വേണ്ടി പരാതിക്കാരൻ സ്വയം ഈ പരിക്കുകൾ വരുത്തിയതാണ്. കള്ളക്കേസുകൾ ഫയൽ ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നത് പതിവാക്കിയ ചിലർ ഘട്ടം ഘട്ടമായി അദ്ദേഹത്തെ പരിശീലിപ്പിച്ചിട്ടുണ്ട്. ഈ കള്ളക്കേസ് ഫയൽ ചെയ്യുന്നതിൽ പരാതിക്കാരന്റെ ഉദ്ദേശം അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ച മൂന്നാം കക്ഷികളുമായി ഒത്തുചേർന്ന് പണം തട്ടിയെടുക്കുക എന്നതാണ്.
പരാതിക്കാരനെതിരെ മുൻപ് ക്രിമിനൽ നടപടികളുണ്ടായിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യക്കേസിൽ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഈ കള്ളക്കേസ് ഫയൽ ചെയ്യാൻ ഘട്ടം ഘട്ടമായി അദ്ദേഹത്തെ പരിശീലിപ്പിച്ച അദ്ദേഹത്തിന്റെ അഭിഭാഷകനെതിരെ ബലാത്സംഗ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളുണ്ട്, അദ്ദേഹം രണ്ടുതവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. റജിബുളിനെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്, ഇയാളുടെ അഭിഭാഷകനെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അങ്ങനെയൊരാളിൽ നിന്ന് എന്ത് സത്യസന്ധതയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?
ബ്ലാക്ക്മെയിലിംഗ് റാക്കറ്റിൻ്റെ ഈ പ്രവണത നമ്മുടെ രാജ്യത്തിന്, പ്രത്യേകിച്ച് ബോളിവുഡ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് വളരെ അപകടകരമാണ്. ഞങ്ങൾ എളുപ്പത്തിൽ ലക്ഷ്യമിടാവുന്ന ആളുകളായതിനാൽ, ഈ ഭീഷണിക്കാരെ തടയണം... അതിനാൽ ഈ വ്യക്തിക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുകയാണ്. മുകളിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ പോലീസിന് നൽകിയ ഒപ്പിട്ട കത്തിൽ എന്റെ മൊഴിയായി സമർപ്പിച്ചിട്ടുണ്ട്." മനീഷ് ഗുപ്ത പ്രസ്താവന അവസാനിപ്പിക്കുന്നതിങ്ങനെ.
Content Highlights: Manish Gupta refutes claims of stabbing his driver, citing CCTV footage and slope statements
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·