
ടൂറിസ്റ്റ് ഫാമിലി പോസ്റ്റർ, സംവിധായകൻ അഭിഷൻ ജീവിന്ത് | ഫോട്ടോ: Facebook, ആകാശ് എസ്. മനോജ് | മാതൃഭൂമി
തമിഴർ മാത്രമല്ല, തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഒന്നാകെ ഇന്ന് ഏറ്റെടുത്തിരിക്കുകയാണ് ഒരു ശ്രീലങ്കൻ ടൂറിസ്റ്റ് ഫാമിലിയെ. നവാഗതനായ അഭിഷൻ ജീവിന്ത് സംവിധാനം ചെയ്ത ചിത്രം തീയേറ്റർ വിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും കണ്ണും മനവും നിറയ്ക്കുന്നു. ശശികുമാർ, സിമ്രാൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളോയെത്തിയ ടൂറിസ്റ്റ് ഫാമിലി മികച്ച പ്രതികരണം നേടി ഹൗസ്ഫുള്ളായി മുന്നേറുമ്പോൾ സന്തോഷം പങ്കുവയ്ക്കുകയാണ് അഭിഷൻ.
ശശികുമാർ-സിമ്രാൻ ഒട്ടും പ്രതീക്ഷിക്കാത്ത കിടിലൻ കോമ്പോ
ഇത്രയും മികച്ച രണ്ട് അഭിനേതാക്കളെ ആദ്യ ചിത്രത്തിൽ തന്നെ ഒന്നിപ്പിക്കാനായത് വളരെ സന്തോഷം തരുന്ന കാര്യമാണ്. ഭയങ്കര പുതുമയുള്ള അനുഭവമായിരുന്നു. ഞാനൊരു തുടക്കക്കാരനാണ്, പക്ഷേ സിനിമയിലധികവും സീനിയർ താരങ്ങളാണ്, മികച്ച അഭിനേതാക്കളും. വലിയ ഭാഗ്യം കൂടെയാണ് അത്. ശശികുമാർ സാറിന്റെയും സിമ്രാൻ മാമിന്റെയും കോമ്പോ പ്രേക്ഷകർ ഏറ്റെടുത്തു. ശശി സാറിനെ നമ്മൾ കണ്ടിരിക്കുന്നതെല്ലാം ഭയങ്കര സീരിയസ് ആയ റോളുകളിലാണ്. സുബ്രമണ്യപുരം മുതലിങ്ങോട്ടുള്ള ഒട്ടുമിക്ക എല്ലാ ചിത്രങ്ങളിലും അത്തരം കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. ടൂറിസ്റ്റ് ഫാമിലി വളരെ ലളിതമായ, ഫീൽ ഗുഡ് സിനിമയാണ്. അതിൽ ശശി സാറിന്റെ ഇന്നേ വരെ കാണാത്ത ഒരു ഭാവം അവതരിപ്പിച്ചാൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ആളാണ് ദാസ്. സഹജീവികളോട് സ്നേഹവും കരുണയും ഉള്ളയാൾ, രസികനാണ്, ഭാര്യയ്ക്കിന്നും കാമുകനാണ്, മക്കൾക്ക് കൂട്ടുകാരനായും അച്ഛനായും നിലനിൽക്കുന്നുണ്ട്. ശശികുമാർ സാർ ദാസിനെ ഗംഭീരമാക്കി. അതുപോലെ കോമഡിയും ഇമോഷനും പെർഫോമൻസും എല്ലാം വേണ്ട കഥാപാത്രമാണ് വാസന്തിയുടേത്. സിമ്രാൻ മാമിന് അല്ലാതെ മറ്റാർക്കും വാസന്തിയെ ഇത്ര മികച്ചതാക്കാനാകില്ല.
ശശി സാറിനോട് മനസിലെവിടെയോ ഒരു ദേഷ്യം കിടന്നിരുന്നല്ലേ ?
ശരിയാണ് ചെറിയൊരു പരിഭവം ശശി സാറിനോടുണ്ട്. കാരണം കഷ്ടപ്പെട്ട് ഇഷ്ടത്തോടെ കഥ പറഞ്ഞ് കഴിഞ്ഞും ശശി സാറിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല. മുഖത്ത് ഒരു ഭാവവും ഇല്ലാതെയാണ് അദ്ദേഹം കഥ മുഴുവൻ കേട്ടത്. ഞാൻ കോമഡി പറയുന്നുണ്ട്, ഇമോഷണലാവുന്നുണ്ട്, എന്നിട്ടും അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല. ചുറ്റുമിരുന്ന ബാക്കിയുള്ളവർ ചിരിക്കുന്നുണ്ട്, സങ്കടപ്പെടുന്നുണ്ട്. ഇവിടെ നോ റിയാക്ഷൻ. അതെന്നെ സത്യം പറഞ്ഞാൽ നിരാശനാക്കിയിരുന്നു. കഥ കേട്ട് കഴിഞ്ഞപ്പോൾ ഗുഡ് എന്നൊരു വാക്കു പറഞ്ഞു, ഞാൻ തിരിച്ചു പോയ ശേഷം നിർമാതാവിനെ വിളിച്ചാണ് താനിത് ചെയ്യാൻ തയ്യാറാണെന്ന് അദ്ദേഹം പറയുന്നത്. എനിക്ക് സാറിനോട് ശരിക്കും അന്നേരം ദേഷ്യം തോന്നിയിരുന്നുവെന്ന് ഞാൻ പിന്നീട് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. സൂം കോളിലാണ് സിമ്രാൻ മാമിനോട് കഥ പറഞ്ഞത്. മാം വീണു കിടന്ന് ചിരിച്ചു. ചില രംഗങ്ങളിൽ എന്നിട്ടും സാർ ഒരു പുഞ്ചിരി പോലും തന്നില്ലെന്ന് പരാതി പറഞ്ഞിട്ടുണ്ട്. സിനിമ ഇറങ്ങിക്കഴിഞ്ഞ് പടം കണ്ടശേഷം വെറുതേ വെറുതേ ചിരിക്കുന്ന കാണാറുണ്ട്. അത് അന്നേരം ചിരിച്ചിരുന്നെങ്കിൽ എത്ര ആശ്വാസമായേനേ.. ഞാനിത് ഇടയ്ക്കിടെ അദ്ദേഹത്തോട് പറഞ്ഞിരുന്നു
മലയാളികളുടെ 'ബിബി മോനെ' സിനിമയുടെ ഭാഗമാക്കി
ആവേശത്തിലൂടെ മലയാളികൾക്ക് മാത്രമല്ല അങ്ങ് തമിഴ്നാട്ടിലും മിഥുൻ ഫെയ്മസായിരുന്നു. ചിത്രത്തിലെ ബിബി മോൻ ഹാപ്പിയല്ലേ എന്ന ഡയലോഗും എല്ലാവർക്കും അറിയാം. നിഥുഷൻ ആയി മിഥുൻ കിടിലൻ പെർഫോമൻസാണ് തന്നത്. മിഥുനെ തേടി തമിഴിൽ നിന്ന് ഇനിയും ധാരാളം ഓഫറുകൾ വരുമെന്ന് ഉറപ്പാണ്. നിർമാതാക്കളിൽ ഒരാളായ മഹേഷണ്ണനാണ് കമലേഷിന്റെ പ്രൊഫൈൽ എനിക്ക് അയച്ചു തരുന്നത്. പിന്നാലെ കമലേഷിനെ ഓഡിഷന് വിളിച്ചു. അതിലവൻ തകർത്ത് പെർഫോം ചെയ്തു ഞങ്ങൾക്ക് മറിച്ചൊന്നും ചിന്തിക്കാനുണ്ടായില്ല. ആള് കാണുന്ന പോലെ ഛോട്ടുവൊന്നുമല്ല കരിയറിൽ. പെരിയ സ്റ്റാർ ആണ്. രാക്ഷസി, കാത്തുവാക്കുലെ രണ്ട് കാതൽ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. റോക്ക്സ്റ്റാർ കമലേഷ് എന്നാണ് പുള്ളി അവിടെ അറിയപ്പെടുന്നത്. നന്നായി പാട്ടു പാടുകയും ചെയ്യും. മിടുക്കനാണ്. സത്യത്തിൽ അവന്റെ കഥാപാത്രമായ മുള്ളിക്കാണ് ഇപ്പോൾ ഫാൻസ് കൂടുതലും. അത്രയ്ക്ക് അടിപൊളിയായി അവൻ പെർഫോം ചെയ്തു.
ആദ്യ ചിത്രം തന്ന അനുഭവം
നേരത്തെ പറഞ്ഞല്ലോ മികച്ച താരങ്ങളാണ് സിനിമയുടെ ഭാഗമാവുന്നത്. സീനിയർ താരങ്ങൾ. ഒപ്പം ശശി സാറാണെങ്കിൽ സുബ്രമണ്യപുരം പോലൊരു കൾട്ട് ക്ലാസിക് സിനിമ ഒരുക്കിയ സംവിധായകനും. അത് വലിയ സമ്മർദം തന്നിരുന്നു. പക്ഷേ ആദ്യ ദിവസം തന്നെ സാറെന്നെ കംഫർട്ടബിളാക്കി. നീ സംവിധായകനാണ് ഞാൻ അഭിനേതാവും എന്ന തോന്നലെന്നിൽ ഉറപ്പിച്ചു. സെറ്റിലെത്തിക്കഴിഞ്ഞാൽ അദ്ദേഹമെന്നെ സാർ എന്നേ വിളിക്കുള്ളൂ. അഭിയെന്ന് പോലും വിളിക്കില്ല. അദ്ദേഹം അങ്ങനെ ചെയ്തപ്പോൾ ബാക്കിയുള്ളവരും അത് തന്നെ പിന്തുടർന്നു. ഞാൻ സംവിധായകനാണ് എന്ന കോൺഫിഡൻസ് കൂട്ടാൻ അതെല്ലാം സഹായിച്ചിട്ടുണ്ട്.
ശ്രീലങ്കയും ഇന്ത്യയും പ്രധാന വിഷയമായത് എങ്ങനെ ?
തെനാലി സിനിമ കണ്ടിട്ടില്ലേ, അതിൽ പറഞ്ഞിരിക്കുന്ന സബ്ജക്ട് കുറച്ചുകൂടി ലൈറ്റായി പറയണമെന്ന് തോന്നി. അതിനൊരു രണ്ടാം ഭാഗം പോലെ ചെയ്യണെന്ന തോന്നലിൽ നിന്നാണ് ടൂറിസ്റ്റ് ഫാമിലിയുടെ കഥ വികസിക്കുന്നത്.
ചിത്രത്തിന്റെ ടീസറാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്
ഇന്ത്യയിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ടൈറ്റിൽ ടീസർ ചെയ്യണമെന്ന് കരുതിയപ്പോൾ സാധാരണ ടീസറിൽ നിന്ന് വ്യത്യസ്തമായി ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്താലോ എന്ന് ചിന്ത വന്നു. ഇന്ത്യയിലേക്ക് വരുന്നതിന്റെ അന്ന് രാത്രി അവരുടെ ജീവിതത്തിൽ നടന്ന കാര്യങ്ങളിലൂടെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും പ്രേക്ഷകർക്ക് ഒരു ധാരണ നൽകാനാണ് ശ്രമിച്ചത്. അത് ഇത്ര വലിയ രീതിയിൽ സ്വീകാര്യത നേടുമെന്ന് ഞങ്ങളാരും കരുതിയില്ല. പിന്നെ ശ്രീലങ്കൻ തമിഴാണ് പ്രധാന കഥാപാത്രങ്ങൾ സംസാരിക്കുന്നത്, ശ്രീലങ്കയിൽ ടീച്ചറായ മഹേശ്വരിയമ്മയാണ് അഭിനേതാക്കളെ ശ്രീലങ്കൻ തമിഴ് പഠിപ്പിച്ചെടുത്തത്.
ആദ്യ ചിത്രം പ്രേക്ഷകരുടെ കണ്ണും മനവും നിറച്ചു
നല്ല ഒരു ഫീൽ ഗുഡ് സിനിമ ചെയ്യണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. പ്രേക്ഷകരുമായി ഈസിയായി സംവദിക്കാൻ അത്തരം സിനിമകളാണ് സഹായിക്കുക. തുടക്കക്കാരനെന്ന നിലയ്ക്ക് കുടുംബപ്രേക്ഷകർക്കിടയിൽ എനിക്ക് സ്വീകാര്യത ലഭിക്കാൻ കുടുംബചിത്രം തന്നെയാണ് സഹായിക്കുക. അവർ മനസ് നിറഞ്ഞ് സന്തോഷത്തോടെ തീയേറ്റർ വിട്ടിറങ്ങി പോവുന്നത് കാണുമ്പോൾ ലഭിക്കുന്ന സംതൃപ്തിയേക്കാൾ വലുത് എന്തുണ്ട്.
Content Highlights: Director Abhishan's "Tourist Family": A Success Story and Behind-the-Scenes Insights





English (US) ·