.jpg?%24p=c075899&f=16x10&w=852&q=0.8)
കലാമണ്ഡലം ഹൈദരാലി, മുഹമ്മദ് റാഫി| ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
"ഇതൊരു ബാധയാണ്; ഒഴിയാബാധ. ജീവിച്ചിരിക്കുന്ന കാലം മുഴുവൻ ഈ ബാധ ഒപ്പമുണ്ടാവണേ എന്നാണെന്റെ പ്രാർത്ഥന..." വെസ്റ്റ് ഹില്ലിലെ "ഹിന്ദോള"ത്തിന്റെ പൂമുഖത്തിരുന്ന് കണ്ണുകൾ ചിമ്മി, കൈകൂപ്പി ഹൈദരാലി മാഷ് പറയുന്നു. ആ ബാധയെ ഹൃദയത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരെ മുൻപും കണ്ടുമുട്ടിയിട്ടുണ്ട്; മുഹമ്മദ് റഫിയെ ഈശ്വരനെപ്പോലെ ആരാധിക്കുന്നവരെ. എങ്കിലും കഥകളി സംഗീതത്തിന്റെ ആചാര്യനായ കലാമണ്ഡലം ഹൈദരാലിയിൽ ഒരു "റഫി ഭക്ത"നുമുണ്ടെന്നത് പുതിയ അറിവായിരുന്നു. ആ ഭക്തിക്ക് പതിറ്റാണ്ടുകളോളം പഴക്കമുണ്ടെന്നതും.
"കഥകളിപ്പദം പാടാത്തപ്പോഴെല്ലാം സിനിമാപ്പാട്ടാണ് ഞാൻ പാടുക. റഫിയുടെ പാട്ടുകൾ" - ഹൈദരാലി മാഷ് പറഞ്ഞു. "ആരും പുറത്തുകേൾക്കില്ലെന്ന് മാത്രം. ഉള്ളിലാണ് റഫിയുടെ വാസം. കുട്ടിക്കാലം മുതലുള്ള ശീലമാണ്.'' റഫിയുടെ ഗാനങ്ങളുമായുള്ള പ്രണയബന്ധത്തെ കുറിച്ച് വികാരവായ്പോടെ മാഷ് വിവരിച്ചുകേട്ടത് അന്നാണ്. വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയിലെ വീട്ടിൽ നിന്ന് സ്‌കൂളിലേക്കുള്ള നടത്തത്തിനിടെ ഏതോ കടയിലെ ഗ്രാമഫോണിൽ നിന്ന് "സിന്ദഗി ഭർ നഹി ഭൂലേഗി വോ ബർസാത് കി രാത് '' മഴനനഞ്ഞു നിന്ന് കേട്ടു കോരിത്തരിച്ചു നിന്ന നിമിഷങ്ങളെപ്പറ്റി; സംഗീതസ്നേഹിയായ ഒരു അധ്യാപകന് വേണ്ടി ആ ഗാനം മനഃപാഠമാക്കി പഠിച്ചു പാടിയതിനെപ്പറ്റി.. അന്ന് സമ്മാനമായി കിട്ടിയ വർണ്ണക്കടലാസിൽ പൊതിഞ്ഞ മിട്ടായിയെപ്പറ്റി... അങ്ങനെയങ്ങനെ മധുരം കലർന്ന ഒരുപാട് റഫിയോർമകൾ.
മാതൃഭൂമിയിലെ സഹപ്രവർത്തകനും സുഹൃത്തുമായ സുധീറാണ് കലാമണ്ഡലം ഹൈദരാലിയെ കോഴിക്കോട്ടെ എന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുവന്നത്. കൈയിലൊരു കാലൻകുടയും ചുമലിലൊരു തുണിസഞ്ചിയുമായി ഗേറ്റ് കടന്നു വരുമ്പോൾ മതിലിൽ എഴുതിവച്ചിരുന്ന ബോർഡ് ശ്രദ്ധിക്കാൻ മറന്നില്ല മാഷ്: "ഹിന്ദോളം''. ഒപ്പം ഒരു ചോദ്യവും: "അപ്പോ ഇഷ്ടരാഗത്തിന്റെ പേരാണ് വീടിനും, അല്ലേ?'' അതെ എന്ന് തലയാട്ടിയപ്പോൾ ആത്മഗതമെന്നോണം മാഷ് പറഞ്ഞു: "എനിക്കും ഹിന്ദോളത്തിനോടൊരു പ്രത്യേക മമതയുണ്ട്. ശാന്തതയാണ് ആ രാഗത്തിന്റെ മുഖമുദ്ര. പക്ഷേ സ്വൽപ്പം വിഷാദം കലർന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. പാടുന്നോനും കേൾക്കുന്നോനും ഒരുപോലെ കരഞ്ഞുപോകും...''
അതിശയോക്തി കലർന്നിരുന്നില്ല ആ വാക്കുകളിൽ. സുധീറിനും എനിക്കും വേണ്ടി ഹൈദരാലി മാഷ് "എന്തിഹ മന്മാനസേ'' പാടുമ്പോൾ, ആ കരച്ചിൽ അനുഭവിച്ചറിഞ്ഞതാണ് ഞാൻ. ഉള്ളിലാണെന്നു മാത്രം. "കർണ്ണശപഥ''ത്തിലെ കർണ്ണന്റെ ആകുലതകളും വ്യാകുലതകളും ആത്മസംഘർഷങ്ങളും ഹൃദയത്തിലേയ്ക്കാവാഹിച്ച് സ്വയം മറന്നു പാടുകയാണ് കലാമണ്ഡലം ഹൈദരാലി; കസേരയിൽ ചാരിക്കിടന്ന് ഏതോ സ്വപ്നനിദ്രയിലെന്നോണം: "എന്തിഹ മന്മാനസേ സന്ദേഹം വളരുന്നൂ, അങ്കേശനാമീ ഞാനെങ്ങു പിറന്നവനോ? ഇങ്ങാരറിവൂ ഞാനാരങ്ങെന്റെ വംശമെന്നോ, മാതാവ് രാധ താനോ, താതനതിരഥനോ....''
പദം പാടിത്തീർന്നിട്ടും അന്തരീക്ഷത്തിൽ ഹിന്ദോളരാഗത്തിന്റെ അലയൊലികൾ അടങ്ങുന്നില്ല. ഇടക്കെപ്പോഴോ ഹിന്ദുസ്ഥാനിയിലെ മാൽക്കോണ്‍സായി മാറി ഒഴുകിത്തുടങ്ങുന്നു അത്; ഇത്തവണ ഒരു ഹിന്ദി ചലച്ചിത്രഗാനത്തിന്റെ രൂപത്തിൽ. വിഷാദക്കാറ്റിൽ പൊടുന്നനെ ഭക്തിയുടെ സുഗന്ധം വന്നു നിറഞ്ഞപോലെ: "മൻ തഡ് പത് തഡ് പത് ഹരിദർശൻ കോ ആജ് മോരെ തും ബിൻ ബിഗരേ സഗരേ കാജ് ബിൻതി കർത് ഹൂ, രഖിയോ ലാജ്...'' - ബൈജു ബാവ്‌ര എന്ന ചിത്രത്തിൽ മുഹമ്മദ് റഫി ആത്മീയവിശുദ്ധിയോടെ പാടിയ വിശ്രുത ഭജൻ. മാൽക്കോണ്‍സ് രാഗത്തിന്റെ സത്ത് പിഴിഞ്ഞെടുത്ത് നൗഷാദ് സ്വരപ്പെടുത്തി സമ്മാനിച്ച ക്‌ളാസിക് ഗാനം. അത്ഭുതം. ആദ്യം കേൾക്കുകയായിരുന്നു അതുപോലൊരു ഫ്യൂഷൻ. കഥകളിപ്പദം ചലച്ചിത്രഗാനത്തിൽ ഒഴുകിച്ചേരുന്ന ഇന്ദ്രജാലം.
"രണ്ടിന്റെയും രാഗഭാവം ഒന്നുതന്നെ. ഒന്ന് കർണാട്ടിക്കും മറ്റേത് ഹിന്ദുസ്ഥാനിയും എന്നേയുള്ളൂ.'' - ചിരിച്ചുകൊണ്ട് ഹൈദരാലി മാഷ് പറയുന്നു.
"ബൈജുബാവര''യിലെ "മൻ തഡ്പത്'' എന്ന പാട്ടിനോട് പ്രത്യേകിച്ചൊരു ഇഷ്ടമുണ്ടായിരുന്നു ഹൈദരാലിക്ക്. "ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഹിന്ദു ഭജൻ. പക്ഷേ അതിന്റെ ശില്പികളെല്ലാം ഇസ്ലാംമത വിശ്വാസികൾ - എഴുതിയ ശക്കീൽ ബദായൂനി, ഈണമിട്ട നൗഷാദ്, പാടിയ റഫി സാഹിബ്. മതനിരപേക്ഷതയുടെ ഏറ്റവും ഉദാത്തമായ പ്രതീകമായി നിലനിൽക്കുന്നു ഇന്നും ആ പാട്ട്. ചിലപ്പോൾ തോന്നും സിനിമയിലാണ് മതങ്ങളുടെയും ജാതിയുടെയും അതിർരേഖകൾ തീർത്തും അപ്രസക്തമാകുന്നത് എന്ന്. മറ്റെല്ലാ മേഖലകളിലും വേർതിരിവുകളേ ഉള്ളൂ..'' അനുഭവങ്ങളുടെ തീക്ഷ്ണതയാവില്ലേ ഹൈദരാലിയെക്കൊണ്ട് അങ്ങനെ പറയിച്ചത്? 1980 കളിൽ ഹരിപ്പാട് തലത്തോട്ട ക്ഷേത്രത്തിൽ ശിഷ്യന്റെ അരങ്ങേറ്റത്തിന് പാടാൻ ചെന്ന ഹൈദരാലിക്ക് ക്ഷേത്രമതിൽക്കെട്ടിനകത്ത് പ്രവേശനം നിഷേധിക്കപ്പെട്ടതോർക്കുക. ഒടുവിൽ ഭാരവാഹികളിൽ ഒരു വിഭാഗം മുൻകൈയെടുത്ത് മതിൽ പൊളിച്ച് "അഹിന്ദു''വിന് പാടുവാനായി പ്രത്യേക വേദി ഒരുക്കുകയായിരുന്നു. മതിൽക്കെട്ടിന് പുറത്തിരുന്നാണ് അന്ന് ഹൈദരാലി പാടിയത്.
വിളംബിതകാലത്തിലുള്ള റഫിയുടെ പാട്ടുകളെ എന്നും ഹൃദയത്തോട് ചേർത്തുവെച്ചു ഹൈദരാലി മാഷ്. "ഭാവങ്ങളുടെ ചക്രവർത്തിയാണ് റഫി സാഹിബ്. കളിയരങ്ങിൽ പാടുമ്പോൾ ആ ഭാവദീപ്തി അറിയാതെ എന്നെ സ്വാധീനിക്കാറുണ്ട്. അതുകൊണ്ടാവണം ചിലരൊക്കെ എന്നെ പരിഹസിക്കുന്നത്, കഥകളിപ്പദത്തെ സിനിമാപ്പാട്ടാക്കിയ വിദ്വാൻ എന്നൊക്കെ.''- മാഷിന്റെ മുഖത്ത് അർത്ഥഗർഭമായ ഒരു പുഞ്ചിരി വിടരുന്നു. "പക്ഷേ എനിക്ക് പരിഭവമൊന്നും ഇല്ല. സിനിമാപ്പാട്ടിന് അങ്ങനെ അയിത്തം കല്പിക്കുന്നതെന്തിന്? റഫിയെ പോലൊരു ഗായകൻ സംഗീതത്തിന്റെ ഏത് മേഖല തിരഞ്ഞെടുത്തിരുന്നെങ്കിലും അതിൽ മുൻപന്തിയിൽ തന്നെ ഇടം നേടിയേനെ എന്നാണ് എന്റെ വിശ്വാസം. ക്ളാസിക്കലോ ഗസലോ ഫോക് ലോറോ എന്തുമാകട്ടെ. ചിലപ്പോൾ കഥകളി സംഗീതത്തിൽ വരെ... ദൈവം അനുഗ്രഹിച്ച തൊണ്ടയുള്ളവർക്കേ അതൊക്കെ കഴിയൂ..'' മാഷിന്റെ ശബ്ദം വികാരാധിക്യത്താൽ തെല്ലൊന്ന് ഇടറിയോ ?
"റഫി സാഹിബിന് വേണ്ടുവോളം ലഭിച്ചിട്ടുണ്ട് ആ അനുഗ്രഹം, നമ്മുടെ യേശുദാസിനും.'' ഗാനഗന്ധർവനോടുള്ള ആരാധന മറച്ചുവയ്ക്കാതെ മാഷ് പറഞ്ഞു.
ഹൈദരാലി മാഷ് യാത്ര പറഞ്ഞു പിരിഞ്ഞിട്ടും റഫി ഇറങ്ങിപ്പോകാൻ കൂട്ടാക്കിയില്ല മനസ്സിൽ നിന്ന്. എങ്ങനെ പോകാൻ? അത്രയും ആഴത്തിൽ എന്നെ സ്പർശിച്ചിരുന്നല്ലോ മാഷിന്റെ ആലാപനം. പിന്നീട് രണ്ടുമൂന്നു തവണ ഫോണിൽ വിളിച്ചപ്പോഴും റഫിയായിരുന്നു ഞങ്ങളുടെ സംസാരവിഷയം. "റഫിയുടെ പാട്ടിനോട് ഒക്കില്ല ഒരു ലഹരിയും.''- ഒരിക്കൽ അദ്ദേഹം പറഞ്ഞു. "കുടിയന്മാരായ കഥാപാത്രങ്ങൾക്ക് വേണ്ടി റഫി സാഹിബ് പാടിയ പാട്ടുകൾ കേൾക്കുകയായിരുന്നു ഇന്നലെ രാത്രി മുഴുവൻ. മദ്യത്തിന്റെ മണം പോലും അറിയാത്ത ഒരാളാണ് പാടുന്നതെന്നു തോന്നുമോ? അതാണ് റഫി.'' നിരനിരയായി പിന്നാലെ വന്നു റഫിയുടെ ഒരു കൂട്ടം ശരാബി ഗാനങ്ങൾ: മുജേ ദുനിയാവാലോ ശരാബി നാ സംജോ (ലീഡർ), ദിൻ ഢൽ ജായേ (ഗൈഡ്), ക്യാ രഖാ ഹേ പ്യാർ കി (ദോ ലഡ്കിയാം), മേനേ പീ ശരാബ് (നയാ രാസ്ത), ചൂലേനെ ദോ നാസുക് ഹോതോം തോ (കാജൽ), ഹം ബേഖുദി മേ തുംകൊ പുകാരെ ചലേ ഗയേ (കാലാ പാനി), ഹേ ദുനിയാ ഉസി കീ (കശ്മീർ കി കലി), പിലാ ദേ മഗർ (സബ് കാ ഉസ്താദ്), കഭി ഖുദ് പേ (ഹം ദോനോം) , പീതേ പീതേ കഭീ കഭീ യൂ ജാൻ (ബൈരാഗ്)...
അതായിരുന്നു അവസാനത്തെ "മെഹ്ഫിൽ''. മാസങ്ങൾക്കകം, ഒരു ജനുവരി അഞ്ചിന് റോഡപകടത്തിൽ കലാമണ്ഡലം ഹൈദരാലി മരണമടഞ്ഞ വിവരം തൃശൂർ ലേഖകൻ വിളിച്ചറിയിച്ചപ്പോൾ ശരിക്കും ഞെട്ടിത്തരിച്ചുപോയി. മാഷ് ഓടിച്ചിരുന്ന കാർ തൃശൂർ ജില്ലയിലെ മുള്ളൂർക്കരയിൽ വെച്ച് മണൽലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവത്രേ. സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു അദ്ദേഹം.ഹൃദയഭേദകമായ ആ വാർത്ത കേട്ട നിമിഷം മനസ്സ് അറിയാതെ മൂളിയത് -ഇന്നും മൂളിക്കൊണ്ടിരിക്കുന്നതും - "ദിൻ ഢൽ ജായേ''യിലെ ആ വികാരനിർഭരമായ വരികൾ തന്നെ: "ദിൽ കേ മേരെ പാസ് ഹോ ഇത്നെ, ഫിർ ഭീ ഹോ കിത്നീ ദൂർ....'' എന്റെ ഹൃദയത്തിന്റെ തൊട്ടരികിലുണ്ട് നീ, എങ്കിലും എത്ര അകലെ...
Content Highlights: Uncovering Kalamandalam Hyderali's Lifelong Passion for Rafi's Music
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·