'ദ ലെപ്പേഡ്' എന്ന നെറ്റ്ഫ്ളിക്സിന്റെ വെബ് പരമ്പരയിലേക്ക് കടക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ മനസ്സില്‍ തറച്ചു.' ഗോഡ്ഫാദര്‍ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും (ഫ്രാന്‍സിസ് ഫോഡ് കോപ്പൊള-യഥാക്രമം 1972,1974) കണ്ട സിസിലിയിലെ അതേ ഭൂപ്രകൃതി. അതേതരം നിര്‍മാണശൈലിയുള്ള കെട്ടിടങ്ങള്‍, പൂക്കള്‍, ഇലകള്‍. പ്രധാന കഥാപാത്രമായ ഡോണ്‍ ഫാബ്രിസിയൊ ആയി വേഷമിടുന്ന കിം റോസ്സി സ്റ്റിയൂവര്‍ട് സൂക്ഷ്മഭാവത്തില്‍ മമ്മുട്ടിയാണോ എന്ന തോന്നല്‍. 'ദ ലെപ്പേഡി'ന്റെ 1963 ല്‍ വന്ന സിനിമാപതിപ്പില്‍ ഇതേ വേഷത്തില്‍ വരുന്ന ബര്‍ട് ലങ്കാസ്റ്റര്‍ മമ്മുട്ടിയാണെന്ന് തോന്നില്ല എന്നതാണ് മറ്റൊരു കാര്യം. അതിന് ഒരു കാരണം ആ സിനിമ വന്നുകഴിഞ്ഞിട്ട് അര നൂറ്റാണ്ടായിരിക്കുന്നു എന്നതാവാം.
'ഗോഡ്ഫാദറി'ല്‍ സിസിലി മൂന്നു പ്രാവശ്യമേ പശ്ചാത്തലമായി വരുന്നുള്ളൂ. വിറ്റൊ കോര്‍ലിയോണ്‍ കുട്ടിയായിരിക്കെ കൊലയാളികളില്‍ നിന്ന് രക്ഷപ്പെടാന്‍ അമേരിക്കയിലേക്ക് കടക്കുന്നു. മുതിര്‍ന്ന് മാഫിയ തലവനായ ഗോഡ്ഫാദറായ ശേഷം വിറ്റൊ (മർലിൻ ബ്രാൻഡോ) പ്രതികാരം ചെയ്യാന്‍ സിസിലിയിലേക്ക് തിരിച്ചുവരുന്നു. ഒന്നാം ഭാഗത്തില്‍ മൈക്കിള്‍ കോര്‍ലിയോണ്‍ ( ആല്‍ പാച്ചിനൊ) സിസിലിയില്‍ ഒളിച്ചുപാര്‍ക്കുന്നതും കാണാം. മാഫിയ തലവനെ വധിക്കാന്‍ വരുമ്പോള്‍ വിറ്റൊ ചോദിക്കുന്നു.'ആണുങ്ങളൊക്കെ എവിടെ പോയി? ' കുടിപ്പകയില്‍ എല്ലാവരും ചത്തുപോയിരിക്കുന്നു എന്ന് സഹായിയുടെ മറുപടി. ജീര്‍ണിച്ച ചുമരുകളില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ വഹിക്കുന്ന ശിലാഫലകങ്ങളും അയാള്‍ കാണി്ച്ചു കൊടുക്കുന്നു.
ഡിലാംപഡൂസയുടെ, വിഗ്രഹ പദവി നേടിക്കഴിഞ്ഞ 'ദ ലെപ്പേഡ്' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള വെബ് സിരീസില്‍ കുടിപ്പകയോ കുറ്റകൃത്യങ്ങളുടെ സ്ഥാപനവത്കരണമൊ ഇല്ല. ചരിത്രത്തിന്റെ ദിശാമാറ്റത്തില്‍ തങ്ങളുടെ ജീവിതം അഴിച്ചുമാറ്റപ്പെടുന്ന ഘട്ടത്തില്‍ ഒരു പ്രഭുവും കുടുംബവും സാമൂഹികമായ പരിണാമത്തിലൂടെ കടണു പോകുന്നു. പുറമേക്കു കാണാവുന്ന ശോഭയില്‍ മാത്രമല്ല, മാനസിക വ്യാപാരത്തിലെ സംഘര്‍ഷങ്ങളിലും രചയിതാക്കള്‍ ശ്രദ്ധയൂന്നുന്നു എന്നത് പരമ്പരയെ ആസ്വാദ്യമാക്കുന്നു.
ജ്യൂസെപ്പെ ടോമാസി ഡി ലാംപഡൂസ (guiseppe tomasi de lampedusa, 1896-1957) ഒരു നോവലേ എഴുതിയിട്ടുള്ളൂ- 'ദ ലെപ്പേഡ്'. അദ്ദേഹത്തിന്റെ മരണശേഷമാണ് അത് പ്രസിദ്ധപ്പെടുത്തിയതു തന്നെ. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം എഴുതിയതൊന്നും വെളിച്ചം കാണുകയുണ്ടായില്ല. അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പില്‍ ഇങ്ങനെയും കാണുന്നു: 19ാം നൂറ്റാണ്ടിന്റെ ഒടുവില്‍, ഇറ്റലിയുടെ ഏകീകരണത്തിനു വേണ്ടി യുദ്ധം ചെയ്ത ദേശീയ നേതാവായ ജ്യൂസെപ്പെ ഗാരിബാള്‍ഡിയുടെ കാലത്തെക്കുറിച്ച് അമ്മവഴിക്ക് തന്റെ മുതുമുത്തച്ഛനെ കഥാപാത്രമാക്കി നോവല്‍ എഴുതുന്നതിനെക്കുറിച്ച് ഡി ലാംപഡൂസ കാല്‍ നൂറ്റാണ്ട് ധ്യാനിച്ചു. 60-ാം വയസ്സിലാണ് അദ്ദേഹം ഇത് എഴുതിത്തുടങ്ങിയതു തന്നെ. മരിക്കുന്നതിന് അല്പം മുമ്പ് അത് എഴുതിപ്പൂര്‍ത്തിയാക്കി. എന്നാല്‍, ഒരു പ്രസാധകന്‍ ഇത് അച്ചടിക്കാന്‍ കൊള്ളില്ലെന്നു പറഞ്ഞ് നിരസിച്ചു. മാസങ്ങള്‍ കഴിഞ്ഞ് മറ്റൊരു എഡിറ്റര്‍ക്ക് കയ്യെഴുത്തി പ്രതി ലഭിക്കുകയും അങ്ങനെ നോവല്‍ 1958 ല്‍ അച്ചടിക്കപ്പെടുകയുമായിരുന്നു. പിന്നീടത് അനശ്വരപദവിയിലേക്ക് ഉയരുകയായി.
സിസിലിയിലെ ഡോണ്‍ ഫാബ്രീസിയൊ കോര്‍ബേറ എന്ന പ്രഭുവിന്റെ (പ്രിന്‍സ് ഓഫ് സലിന) കുടുംബ ചിഹ്നമാണ് പുലി. ഫാബ്രീസിയൊ ആധുനിക ഇറ്റാലിയന്‍ സാഹിത്യത്തിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രങ്ങളില്‍ ഒരാളാണെന്നും നോവല്‍ മാസ്റ്റര്‍പീസായി കണക്കാക്കപ്പെുടുന്നുവെന്നും എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. പ്രഭുക്കളായ ബര്‍ബണുകളുടെ ഭരണത്തില്‍ നിന്നും സിസിലി ഇറ്റാലിയന്‍ രാജഭരണത്തിലേക്ക് മാറുന്ന, ചരിത്രം തിളച്ചു മറിയുന്ന ഒരു ഘട്ടത്തില്‍, മറ്റൊരു യുഗത്തിലേക്കുള്ള പ്രവേശന കവാടത്തില്‍, സംഭവങ്ങളെ പിടിച്ചുനിര്‍ത്താനോ സ്വാധീനിക്കാനോ ആവാതെ അതിന്റെ ഒഴുക്കില്‍ ഫാബ്രീസിയൊ ക്രമേണ മുങ്ങിത്താഴ്ന്നു പോകുകയാണ്. താന്‍ പരിചയിച്ച പഴയ ലോകം ജീര്‍ണിച്ച് ഇല്ലാതാവുകയാണെന്ന തിരിച്ചറിവോടെയും അതിന്റെ അനിവാര്യതയെ സ്വീകരിച്ചുകൊണ്ടും ഫാബ്രീസിയൊ കണ്ണടയ്ക്കുന്നു.

ചരിത്രത്തില്‍ എവിടെയും ആവര്‍ത്തിക്കാറുള്ള ഒരു പരിവര്‍ത്തന സന്ദര്‍ഭത്തിന്റെ വ്യാഖ്യാന സാധ്യതകള്‍ മാത്രമാകില്ല സിനിമാ നിര്‍മാതാക്കളെ ഈ പ്രമേയത്തിലേക്ക് ആകര്‍ഷിച്ചിരിക്കുക. ഇറ്റലിയുടെ കാല്‍ച്ചുവട്ടിലെന്ന പോലെ കിടക്കുന്ന ദ്വീപായ സിസിലിയുടെ മഞ്ഞകലര്‍ന്ന വരണ്ട ഭൂപ്രകൃതിയും കയറിയും ഇറങ്ങിയും അടുക്കടുക്കായി നീണ്ടു പരന്നുകിടക്കുന്ന ചെറുകുന്നിന്‍നിരകളും അവയെ മുടുന്ന നിശ്ശബ്ദതയും ശുഷ്‌ക്കിച്ച സസ്യപ്രകൃതിയും ആകര്‍ഷകം. ഒപ്പം അതിന്റെ മറുവശത്തുനിന്നുള്ള വീക്ഷണവും ശ്രദ്ധേയം. എല്ലാം കൊണ്ടും പുറമേയ്ക്ക് വളരെ നിറപ്പകിട്ടോടെ കഴിയുന്ന പ്രഭുക്കളുടെ ജീവിത വ്യാപാരങ്ങള്‍ക്ക് അത് പശ്ചാത്തലമൊരുക്കുന്നു.
സിസിലിയില്‍ വെച്ചു തന്നെ പരമ്പര ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് മുഖ്യ സംവിധായകനായ ഇംഗ്ലീഷുകാരന്‍ ടോം ഷാങ്ക്ലാന്‍ഡ് പറയുമ്പോള്‍ ഭൂപ്രകൃതിയും കെട്ടിടങ്ങളും ചത്വരങ്ങളും പാതകളും അദ്ദേഹത്തിന്റെ മനസ്സില്‍ വിരിഞ്ഞിരുന്നുവെന്ന് മനസ്സിലാക്കാം. റിച്ചഡ് വാര്‍ലൊ ആണ് രചയിതാവ്. ബെഞ്ചി വാള്‍ട്ടേഴ്സിന്റെ സഹകരണവും ഉണ്ട്. ഷാങ്ക്ലാന്‍ഡിനു പുറമെ ജ്യുസെപ്പെ കാപ്പറ്റോന്‍ഡിയും ലോറ ലുച്ചെറ്റിയും സംവിധാന ചുമതല പങ്കിട്ടെടുത്തിരിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ പ്രഭു ജീവിതത്തിന്റെ വസ്ത്രങ്ങളിലൂടെയും ഭക്ഷണത്തിലൂടെയും മറ്റും പ്രത്യക്ഷപ്പെടുന്ന സാംസ്‌കാരിക സവിശേഷതകള്‍ സൂക്ഷ്മമായി ആവിഷ്‌ക്കരിക്കാന്‍ നിര്‍മാതാക്കള്‍ ഏറെ ശ്രദ്ധിച്ചിരിക്കുന്നു എന്ന് അവ സംബന്ധിച്ച് അതിന്റെ ചുമതലക്കാര്‍ തന്നെ നല്‍കുന്ന വിവരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. 3500 മീറ്റര്‍ തുണിത്തരങ്ങള്‍, 5000 എക്സ് ട്രകള്‍, 6000 തരം വേഷങ്ങള്‍, 2500 പാദരക്ഷകള്‍, കൈകള്‍ കൊണ്ട് നിര്‍മിച്ചെടുത്ത പൂക്കള്‍, അനേകം തൊപ്പികള്‍, വിശറികള്‍, തലമുടികള്‍ എന്നിങ്ങനെ പോകുന്നു അതിന്റെ കണക്കുകള്‍. നിരത്തുകളില്‍ പൊടി പാറ്റിയും കെട്ടിടങ്ങളുടെ പുതുകാല സൂചനകള്‍ എല്ലാം മറച്ചും മായ്്ച്ചും ഡിസൈനറായ ഡിമിട്രി കപ്പൗനി പഴയകാലം പുനഃസൃഷ്ടിക്കുന്നു. വസ്ത്രാലങ്കാരം നിര്‍വഹിച്ചിരുന്ന തന്റെ സിനിമാ ജീവിതകാലത്തെക്കുറിച്ച് പ്രശസ്ത നടന്‍ ഇന്ദ്രന്‍സ് തന്റെ ആത്മകഥയില്‍ വിശദമായി സംസാരിച്ചതു മൂലം, സിനിമയുടെ നിര്‍മാണ പശ്ചാത്തലത്തെക്കുറിച്ച് മലയാളികളായ കാണികള്‍ ഇപ്പോള്‍ കൂടുതല്‍ ബോധവാന്മാരായിരിക്കും എന്നു വിചാരിക്കാം. ഗാരിബാള്‍ഡിയുടെ സൈന്യത്തിന്റെ കുപ്പായത്തിലെ ചുവപ്പിന്റെ ഒരു വകയും രാജ സൈന്യത്തിന്റെ ഒരു തരം നീലയും കൃത്യമായി സൃഷ്ടിക്കുവാന്‍ പരിശ്രമിച്ചിട്ടുണ്ട് എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഉജ്വലമായ നക്ഷത്രമാണ് ഡി ലാംപഡൂസയുടെ നോവല്‍. ചരിത്രം വളവു തിരിഞ്ഞ്, പരിചയമില്ലാത്ത മറ്റൊരു പാതയിലൂടെ സഞ്ചരിക്കുന്നത് എല്ലാ സമൂഹങ്ങള്‍ക്കും ബാധകം. നമുക്കാണെങ്കില്‍ സ്വാതന്ത്ര്യപ്രാപ്തി, കേരളത്തില്‍ ജന്മിത്വത്തിന്റെ അവസാനം. ഇതിന് സമാനമായ ഭൂമിയിലാണ് ഡി ലാംപഡൂസ തന്റെ മനുഷ്യരെ പ്രതിഷ്ഠിക്കുന്നതും മനുഷ്യജീവിതത്തോട് ഒരു മാതിരി വിദ്വേഷം നിറഞ്ഞ കണ്ണുകളോടെ അവരെ നിരീക്ഷിക്കുകയും ചെയ്യുന്നത്.
വെബ് പരമ്പര നോവലില്‍ നിന്ന് കടം കൊള്ളുന്നതു പോലെ പലതും ഉപേക്ഷിക്കുന്നതും കൂട്ടിച്ചേര്‍ക്കുന്നതും സ്വാഭാവികം. ഫാബ്രീസിയോയുടെ മകള്‍ കൊഞ്ചേറ്റയുടെ (ബെനഡിറ്റ പോര്‍കറോലി) ജീവിതത്തെ, പല സന്ദര്‍ഭങ്ങളും കൂട്ടിച്ചേര്‍ത്ത് വികസിപ്പിക്കുന്നു എന്നതാണ് ഇതില്‍ പ്രധാനം. കൊഞ്ചേറ്റയും ഫാബ്രീസിയോയുടെ അനന്തരവനായ (നമ്മുടെ മുറച്ചെറുക്കന്‍) ടാന്‍ക്രേഡിയും (സോള്‍ നാന്നി) തമ്മിലുള്ള അടുപ്പത്തെ പരമ്പര കൂടുതല്‍ അന്വേഷിക്കുന്നുണ്ട്. ടാന്‍ക്രേഡി, അപ്പോഴേക്കും ഉയര്‍ന്നുവരുന്ന ബൂര്‍ഷ്വയായ മേയര്‍ കലോജെറോ സെഡാറയുടെ (ഫ്രാന്‍ചെസ്‌കൊ കൊളേല) അതിസുന്ദരിയായ മകള്‍ ആഞ്ചലിക്കയില്‍ (ഡേവ കസാല്‍) ആദ്യദര്‍ശനത്തില്‍ തന്നെ ആകൃഷ്ടനാവുകയും ഒടുവില്‍ അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ആഘോഷക്കാലത്ത് (സീസണ്‍) നടക്കുന്ന സമ്പന്നരുടെ അവസാനത്തെ വിരുന്നുകളിലൊന്നില്‍, നീണ്ടുനില്‍ക്കുന്ന സമൂഹനൃത്തത്തിനൊടുവില്‍ ഫാബ്രീസിയൊ മരണശയ്യയെ പുണരുകയാണ്. സമൂഹനൃത്തം ഗംഭീരമായ ദൃശ്യ മുഹുര്‍ത്തമാണ്.
1963ല്‍ കാന്‍ ചലച്ചിത്രോത്സവത്തില്‍ ലൂച്ചിനൊ വിസ്‌കോണ്ടിക്ക് 'പാം ദോര്‍' നേടിക്കൊടുത്ത ഇതേ പേരുള്ള സിനിമയിലും അന്ത്യം ഇതു തന്നെ. ഡി ലാംപഡൂസയുടെ നോവല്‍ പിന്നെയും, കഥാപാത്രങ്ങളെ അവരുടെ വാര്‍ധക്യം വരെ പിന്തുടരുന്നുണ്ട്. ദൃശ്യമായി എടുത്തുകാണിക്കാനുള്ള സന്ദര്‍ഭങ്ങള്‍ കുറവാണ് എന്നതും പ്രധാന കഥാപാത്രം മരിച്ചു കഴിഞ്ഞു എന്നതുമാണ് സിനിമയും വെബ്പരമ്പരയും അത്രയും നീട്ടാതെ വെട്ടിക്കുറച്ചതിന് കാരണം. ഇത് സാഹിത്യവും അതിന്റെ ദൃശ്യവും തമ്മില്‍ വേര്‍പിരിയുന്ന സന്ദര്‍ഭത്തെ എടുത്തുകാണിക്കുന്നുമുണ്ട്. കലാപരമായി കാണികളെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നതാണ് വിസ്‌കോണ്ടിയുടെ സിനിമ. അദ്ദേഹത്തിന്റെ കാഴ്ചയില്‍ ബര്‍ട് ലങ്കാസ്റ്ററുടെ ഫാബ്രീസിയൊ കുറച്ചുകൂടി പരുക്കനാണ്. സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായ ടാന്‍ക്രേഡിയെ അലന്‍ ഡിലോണും ആഞ്ചലിക്കയെ ക്ലോഡിയ കര്‍ണവാലിയുമാണ് അവതരിപ്പിക്കുന്നത്. കഥയും കാലവും വേഷങ്ങളും ഭക്ഷ്യവിഭവങ്ങളും ഒന്നു തന്നെയെങ്കിലും സിനിമ വന്നിട്ട് കാലം ഇത്രയും കഴിഞ്ഞതിനാല്‍, വെബ് പരമ്പരയിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളുമായുള്ള അവരുടെ സമ്പര്‍ക്കങ്ങളും സിനിമയെ അപേക്ഷിച്ച് കൂടുതല്‍ നവീനമായി കാണികള്‍ക്ക് അനുഭവപ്പെടും.! കലയിലെ ഉപകരണങ്ങള്‍ക്കുമേല്‍ കാലം പ്രവര്‍ത്തിക്കുന്നുണ്ട് എന്നു വ്യക്തം.
എല്ലാ തരം കാണികളെയും ലക്ഷ്യംവെക്കുന്ന വെബ് പരമ്പരകളിലെ ആവിഷ്‌ക്കാരത്തിനു പിന്നില്‍ കൂട്ടായ പരിശ്രമം മാത്രമല്ല സംഘചിന്തയുടെ പ്രവര്‍ത്തനവും കൂടുതലുണ്ട്. സിനിമയില്‍ സംവിധായകന്‍ ആദ്യസ്ഥാനത്തു നില്‍ക്കുന്നതിനാല്‍ അതിന്റെ രചന വ്യക്തിപരമാവുന്നത് സ്വാഭാവികം. വിസ്‌കോണ്ടിയുടെ സൃഷ്ടി ഇതെടുത്തു കാണിക്കുന്നു. ചില സന്ദര്‍ഭങ്ങള്‍ക്കുമേല്‍ അദ്ദേഹം നീണ്ട നേരം അടയിരിക്കുന്നു. ഗാരിബാള്‍ഡിയുടെ സേനയും രാജസൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ വിസ്‌കോണ്ടിയുടെ കണ്ണില്‍ ദീര്‍ഘിച്ചതാണ്; രംഗ വൈവിദ്ധ്യവും ചലനങ്ങളും അതില്‍ കൂടുതലുമാണ്. കെട്ടിടങ്ങള്‍ കുറേക്കൂടി ജീര്‍ണിച്ചവ. ദാരിദ്ര്യം പുറമേയ്ക്കു തന്നെ കാണാവുന്നത്. നൃത്തം കഴിഞ്ഞ് പുലര്‍ച്ചെ ഫാബ്രീസിയൊ അവസാനമായി നടന്നുമറയുന്നത് അഴുക്കു നിറഞ്ഞ ഇരുണ്ട ഒരു തെരുവിലേക്കാണ്.
ഇറ്റലി ഏകീകരിക്കപ്പെട്ട് ഒരു രാജ്യമായി മാറുന്നതിനെ എതിര്‍ക്കുന്ന ഒരേയൊരാളെ നോവലിലും അതിന്റെ ദൃശ്യരൂപങ്ങളിലും കാണാം. ഏകീകരണത്തിനെതിരായി വോട്ടു ചെയ്ത ചിച്ചിയൊ ഫാബ്രീസിയോയുടെ സേവകനും നായാട്ടുകൂട്ടുമാണ്.കുന്നിന്‍ പുറത്തുവെച്ച് ഒരു മുയലിനെ നായാടിയ ശേഷം ചിച്ചിയൊ തന്റെ വിചാരങ്ങള്‍ ദീര്‍ഘനേരം ഫാബ്രീസിയൊവുമായി പങ്കു വെക്കുന്നു. അയാള്‍ സംസാരിക്കുമ്പോള്‍ ഫാബ്രീസിയൊ ഒന്നും മിണ്ടുന്നില്ല. ഇരുവരും സ്ഥാനം മാറിയിരിക്കുന്നതിനു പുറമെ ആകെയുള്ള ഒരു പ്രവൃത്തി എന്നു പറയുന്നത്, കൊന്ന് മരക്കൊമ്പില്‍ കെട്ടിത്തൂക്കിയ മുയലിന്റെ, (ദൃശ്യതലത്തിന്റെ ഉയര്‍ന്ന മുന്‍ഭാഗത്തുതന്നെ അതുണ്ട്), രോമത്തിലൂടെ ഫാബ്രീസിയൊ വിരലോടിക്കുന്നതാണ്. ഒടുവില്‍ ഫാബ്രീസിയൊ ചിച്ചിയോയുടെ കഴുത്തിന് പിടിക്കുന്നുണ്ടെങ്കിലും. അകലെ പരന്നുകിടക്കുന്ന കുന്നുകള്‍,തിളക്കുന്ന ഉച്ചവെയില്‍. ധ്യാനിച്ചിരിക്കുന്ന ഇത്തരം മുഹൂര്‍ത്തങ്ങളില്‍ വിസ്‌കോണ്ടിയുടെ രചന, വെബ് പരമ്പരയില്‍ നിന്ന് വ്യത്യാസപ്പെട്ടു കിടക്കുന്നു. ലാംപഡൂസയുടെ വിവരണങ്ങളുമായി അത് അടുത്തു നില്‍ക്കുകയും ചെയ്യുന്നു. ദീര്‍ഘമായ ഒരു സംഭാഷണ ഭാഗത്തെ ദൃശ്യവത്കരിച്ചതിലെ സര്‍ഗക്രിയ എടുത്തുപറയേണ്ടതാണ്.
'വേട്ടക്കാര്‍ കുന്നിന് മുകളിലെത്തിയപ്പോള്‍ ടമാറിസ്‌ക്കുകളുടെയും അങ്ങിങ്ങായി കിടക്കുന്ന കോര്‍ക്ക് മരങ്ങളുടെയും ഇടയില്‍ യഥാര്‍ത്ഥ സിസിലി പ്രത്യക്ഷപ്പെട്ടു.അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ബറുക്ക് പട്ടണങ്ങളും ഓറഞ്ച് തോട്ടങ്ങളും വെറും കുട്ടിക്കളി. മനസ്സിന് ഒരു പിടിയും തരാതെ, ഒരാശ്വാസവും പകരാതെ, യാതൊരാലോചനയുമില്ലാതെ, വരണ്ട് ഒന്നിനു പിറകെ ഒന്നായി താഴ്ന്നും പൊങ്ങിയും കിടക്കുന്ന കുന്നുകള്‍. സൃഷ്ടിയുടെ ഭ്രാന്തമായ ഒരു സന്ദര്‍ഭത്തിലായിരിക്കണം ഇങ്ങനെയൊരു പ്രദേശം മനസ്സില്‍ വന്നിരിക്കുക. പെട്ടെന്ന് മാറിവീശിയ കാറ്റ് തിരകളെ ഭ്രാന്തമായി ചുഴറ്റിയെറിഞ്ഞപ്പോള്‍ കല്ലായി മാറിപ്പോയ കടലാണിത്.' എന്ന് ഡി ലാംപഡൂസ.
ഫാബ്രീസിയൊയുടെ മരണത്തിനുശേഷവും ഡി ലാംപഡൂസ, നോവല്‍ നീട്ടിക്കൊണ്ടുപോയത് ജീവിത മുഹൂര്‍ത്തങ്ങളില്‍ നിന്ന് കയ്പുനീര്‍ പരമാവധി വാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാകണം; കലാപരമായി അതിന് നീതീകരണമുണ്ടെങ്കിലും. എങ്ങനെയാണത് അവസാനിക്കുക? കുടുംബത്തില്‍ ബെന്‍ഡിക്കൊ എന്ന നായയുണ്ട്. കൊഞ്ചേറ്റയുടെ എഴുപതാം വയസ്സിലും നായയെ കാണാം. മനോവിഷമത്തിന്റെ ഒരു മൂഹുര്‍ത്തത്തില്‍ കൊഞ്ചേറ്റ പരിചാരികയൊടു പറയുന്നു: 'അന്നേറ്റ! ഈ നായ വല്ലാതെ പൊടി പിടിച്ച് പാറ്റ തിന്നുതു പോലെയായിരിക്കുന്നു. ഇതിനെ കൊണ്ടു പോയി കളയുക!'
'ശവം വലിച്ചിഴച്ചു കൊണ്ടുപോകുമ്പോള്‍, വലിച്ചെറിയപ്പെടുന്ന, ഇല്ലാതാക്കപ്പെടുന്ന വസ്തുക്കള്‍ താഴ്മയോട കാണിക്കുന്ന അനിഷ്ടത്തോടെ അതിന്റെ ചില്ലു കണ്ണുകള്‍ അവളെത്തന്നെ നോക്കി' ബെന്‍ഡിക്കോയുടെ ശവം മുറ്റത്തേക്ക് വീഴുമ്പോള്‍ അതിന്റെ വലതു മുന്‍കാല്‍ പ്രാകുന്നത് പോലെ ഉയര്‍ത്തിയതായി തോന്നി എന്നും ഡി ലാംപഡൂസ എഴുതുന്നുണ്ട്.' പിന്നീട് എല്ലാം തന്നെ പൊടിയില്‍ വിലയിക്കുകയാണ്. ജീര്‍ണതയെ സംബന്ധിച്ച ഈ ബിംബത്തോടെയാണ് നോവല്‍ അവസാനിക്കുന്നത്. സാഹിത്യ കൃതിയുടെ ദൃശ്യാവിഷ്‌ക്കാരങ്ങള്‍ക്ക് അതിനെ അതേപടി പിന്തുടരാതെ തന്നെ അതിന്റെ ആത്മാവിനെ തൊട്ടുനോക്കാന്‍ മാത്രമല്ല, ഉയര്‍ത്തിക്കാണിക്കാനും സാധിക്കുമെന്ന് സിനിമയും വെബ് പരമ്പരയും കാണിച്ചുതരുന്നു.
Content Highlights: Comparing Netflix`s `The Leopard` bid to Visconti`s film
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·