
മോഹൻലാൽ | ഫോട്ടോ: ബി. മുരളികൃഷ്ണൻ | മാതൃഭൂമി
വിഷ്ണു മഞ്ചു നായകനായ തെലുങ്ക് ചിത്രം 'കണ്ണപ്പ'യുടെ ഭാഗമാവാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നുവെന്ന് മോഹന്‍ലാല്‍. വലിയ ചിത്രമാണത്. തന്നെ ചിത്രത്തിലേക്ക് വിളിച്ചതിന് വിഷ്ണു മഞ്ചുവിന് നന്ദി പറയുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'കണ്ണപ്പ'യുടെ പ്രൊമോഷന്‍ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.
'വലിയ ചിത്രമാണ്. അഭിനേതാവെന്ന നിലയില്‍ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് അനുഗ്രഹമാണ്. ന്യൂസീലന്‍ഡിലായിരുന്നു ചിത്രീകരണം. എല്ലാവര്‍ക്കും പരിചിതമായ കഥയാണ്. ആ കഥയുടെ ഭാഗമാവാന്‍ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹമാണെന്ന് ഞാന്‍ കരുതുന്നു. എന്നെ ചിത്രത്തിലേക്ക് വിളിച്ചതിന് നന്ദി പറയുന്നു. കഥാപാത്രത്തിന്റെ ദൈര്‍ഘ്യത്തിനല്ല, ആ ചിത്രത്തിന്റെ ഭാഗമാവുക എന്നതാണ് കാര്യം. ഏതാനും നിമിഷങ്ങള്‍ ആണെങ്കില്‍ പോലും ഇത്രയും വലിയ ചിത്രത്തിന്റെ ഭാഗമാവുക എന്നതാണ്', മോഹന്‍ലാല്‍ പറഞ്ഞു.
'വന്ന് കഥ പറഞ്ഞപ്പോള്‍, ചെയ്യാം എന്നായിരുന്നു എന്റെ ആദ്യ പ്രതികരണം. വിഷ്ണു മഞ്ചുവിന്റെ കുടുംബവുമായി ഏറെക്കാലത്തെ പരിചയമുണ്ട്. അതും വേഷം സ്വീകരിക്കാന്‍ കാരണമായി. ഇത്രയും വലിയ പ്രൊജക്ടുമായി വന്ന് അഭിനയിക്കാമോ എന്ന് ചോദിക്കുമ്പോള്‍ എങ്ങനെ വേണ്ടെന്ന് പറയാന്‍ കഴിയും', മോഹന്‍ലാല്‍ ചോദിച്ചു
മോഹന്‍ലാലിനൊപ്പം വിഷ്ണു മഞ്ചുവും അഭിമുഖത്തില്‍ ഉണ്ടായിരുന്നു. 'കാലാപാനി'യില്‍ മിര്‍സാ ഖാന്‍ എന്ന കഥാപാത്രത്തിന്റെ ഷൂ, നാവുകൊണ്ട് വൃത്തിയാക്കുന്ന സീനില്‍ അഭിനയിച്ചതിനെക്കുറിച്ച് വിഷ്ണു മഞ്ചു മോഹന്‍ലാലിനോട് ചോദിച്ചു. എങ്ങനെ ഇത്തരമൊരു സീന്‍ ചെയ്യാമെന്ന് സമ്മതിച്ചുവെന്നായിരുന്നു വിഷ്ണു മഞ്ചുവിന്റെ ചോദ്യം.
കഥാപാത്രമാണ് അത് ചെയ്യുന്നതെന്നും അപ്പോള്‍ അത് അഭിനയിക്കുകയല്ലാതെ നിങ്ങള്‍ക്കുമുന്നില്‍ മറ്റൊരു ചോയ്‌സ് ഇല്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. കഥാപാത്രം ആവശ്യപ്പെടുമ്പോള്‍ തടയാന്‍ പറ്റില്ല. അത് ആ കഥാപാത്രത്തിന്റെ അവസ്ഥയാണ്. നിങ്ങള്‍ അത് ചെയ്‌തേ പറ്റൂ. ഒരു ഇന്ത്യക്കാരനോട് കാണിക്കുന്ന ക്രൂരതയാണ് ആ സീനിലുള്ളത്. കഥാപാത്രവും സാഹചര്യവും ആവശ്യപ്പെടുകയാണെങ്കില്‍ അത് ചെയ്‌തേ പറ്റൂവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
Content Highlights: Mohanlal expresses gratitude for being portion of Vishnu Manchu's Telugu movie `Kannappa`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·