കഥാപാത്രത്തിനായി ശരീരഭാരം കൂട്ടി, നിവേദയെ തേടി മികച്ച നടിക്കുള്ള തെലങ്കാന സർക്കാരിന്റെ പുരസ്കാരം

7 months ago 7

പി.പി.അനീഷ്‌ കുമാർ

30 May 2025, 09:12 AM IST


രണ്ട് കുട്ടികളുടെ അമ്മയായ സരസ്വതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവേദ അവതരിപ്പിച്ചത്.

Nivetha Thomas

നിവേദ തോമസ് | ഫോട്ടോ: Instagram

കണ്ണൂർ: തെലങ്കാന സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി മലയാളി നടി നിവേദ തോമസ് കണ്ണൂർ ജില്ലയ്ക്കും അഭിമാനമായി. ഇരിട്ടിക്കടുത്ത എടൂരിലാണ് നിവേദയുടെ അമ്മ ഇല്ലി തോമസിന്റെ വീട്. ചെന്നൈയിലാണ് നിവേദ ജനിച്ചതും വളർന്നതും. നന്ദകിഷോർ സംവിധാനം ചെയ്ത ‘35 ചിന്നകഥ കാതു’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവേദയെത്തേടി പുരസ്കാരമെത്തിയത്.

ചിത്രത്തിലെ കഥാപാത്രത്തിന് പൂർണത നൽകാനായി നിവേദ തോമസ് ശരീരഭാരം കൂട്ടിയത് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ സരസ്വതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവേദ അവതരിപ്പിച്ചത്. ജയറാമിനെ നായകനാക്കി അക്കു അക്ബർ സംവിധാനംചെയ്ത ‘വെറുതെ ഒരു ഭാര്യ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. മോഹൻലാൽ ചിത്രമായ ‘പ്രണയ’ത്തിൽ ജയപ്രദയുടെ കുട്ടിക്കാലം അവതരിപ്പിച്ചു.

ഉത്തര, മധ്യവേനൽ, ചാപ്പാകുരിശ്, തട്ടത്തിൻമറയത്ത്, റോമൻസ് തുടങ്ങിയ മലയാളചിത്രങ്ങളിലഭിനയിച്ച നിവേദ തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചു. ‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പായ ‘പാപനാശ’ത്തിൽ കമലഹാസന്റെ മൂത്തമകളായി അഭിനയിച്ചത് നിവേദയാണ്. എ.ആർ.മുരുകദോസ് സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രമായ ‘ദർബാറി’ൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ച് ഏറെ ജനപ്രിയയായി. പവൻ കല്യാണിന്റെ നായികയായി തെലുങ്കിൽ വക്കീൽ സാബ് എന്ന ചിത്രത്തിലും അഭിനയിച്ചു.

ദുബായിൽ എൻജിനീയറായ ഷാജു തോമസിന്റെയും ഇല്ലി തോമസിന്റെയും മകളായ നിവേദ പഠിച്ചത്‌ ചെന്നൈയിലാണ്. “ഒരുവർഷം മുമ്പാണ് ഒടുവിൽ നാട്ടിലെത്തിയത്. ആദ്യ തെലങ്കാന പുരസ്കാരം മോൾക്ക് ലഭിച്ചതിൽ ഏറെ അഭിമാനം”-അച്ഛൻ ഷാജു തോമസ് പറയുന്നു. കാസർകോട് ജില്ലയിലെ തയ്യേനി സ്വദേശിയാണ് അച്ഛൻ. അനുജൻ നിഖിൽ തോമസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും പരസ്യരംഗത്ത് പ്രവർത്തിക്കുന്ന ആളുമാണ്. അഭിനേത്രി എന്നതിനു പുറമെ ആർക്കിടെക്ട് കൂടിയാണ് നിവേദ.

Content Highlights: Nivetha Thomas wins prestigious Telangana State Award for Best Actress

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article