ചെറിയൊരിടവേളയ്ക്കുശേഷം മലയാളസിനിമയില്‍ നായികയായി തിരിച്ചെത്തിയിരിക്കുകയാണ് ചാന്ദ്‌നി ശ്രീധരന്‍. ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രാവിന്‍കൂട് ഷാപ്പ് എന്ന ചിത്രത്തിലെ മെറിന്‍ഡ എന്ന അതിനിഗൂഢമായ കഥാപാത്രം കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ചാന്ദ്‌നി. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം സ്വപ്‌നം എന്നുപറയാവുന്ന തരത്തിലുള്ള കഥാപാത്രമാണ് മെറിന്‍ഡയെന്ന് ചാന്ദ്‌നി പറയുന്നു. കൂടുതല്‍ മികവുറ്റ കഥാപാത്രങ്ങളുമായി സിനിമയില്‍ സജീവമാകാന്‍ തുടങ്ങുകയാണ് ചാന്ദ്‌നി. പ്രാവിന്‍കൂട് ഷാപ്പിലെ മെറിന്‍ഡയേക്കുറിച്ച് ചാന്ദ്‌നി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
പ്രാവിന്‍കൂട് ഷാപ്പിലേക്ക്
ചെറിയൊരു ഇടവേളയ്ക്കുശേഷം ചെയ്ത സിനിമയാണ് പ്രാവിന്‍കൂട് ഷാപ്പ്. വളര്‍ന്നതെല്ലാം അമേരിക്കയിലാണ്. കുടുംബമെല്ലാം അവിടെയാണ്. മുന്‍പ് സിനിമ ചെയ്യുന്നതിന്റെ ഇടവേളകളില്‍ അമേരിക്കയ്ക്ക് പോകുമായിരുന്നു. പഠിത്തം പൂര്‍ത്തിയാക്കണമായിരുന്നു. ബാച്ചിലേഴ്‌സ് ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടാണ് പ്രാവിന്‍കൂട് ഷാപ്പ് ചെയ്യാന്‍ വന്നത്. പ്രാവിന്‍കൂട് ഷാപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ വിളിച്ച് കഥാപാത്രത്തെ വിശദീകരിച്ചുതരികയായിരുന്നു. അന്‍വറിക്ക (അന്‍വര്‍ റഷീദ്) തിരക്കഥ അയച്ചുതന്നിരുന്നു. സിഐഎ ചെയ്യുമ്പോഴാണ്, ഇംഗ്ലീഷ്, മലയാളം, മംഗ്ലീഷ് എന്നിങ്ങനെ മൂന്ന് തരം തിരക്കഥകള്‍ തന്നിരുന്നു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ വേണ്ടി.
കഥാപാത്രത്തിനുവേണ്ടി അധ്വാനിക്കാന്‍ ഇഷ്ടം
വളരെ വ്യത്യസ്തമായ കഥാപാത്രമാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്‌സ് കമ്പനിയില്‍ നിന്നാണ് ആദ്യം വിളി വന്നത്. അതനുസരിച്ച് അവിടെ പോയി. മെറിന്‍ഡ എന്ന കഥാപാത്രത്തിന്റെ ലുക്ക് സംവിധായകന്റെ കാഴ്ചപ്പാടാണ്. ഞാനടക്കമുള്ളവരോട് സംവിധായകന്‍ പറഞ്ഞത് നന്നായി ഭക്ഷണം കഴിച്ച് ശരീരഭാരം കൂട്ടണമെന്നാണ്. ആദ്യമായിട്ടാണ് ഒരു സംവിധായകന്‍ അങ്ങനെ പറയുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്നതുപോലൊരു കഥാപാത്രമാണത്. കഥാപാത്രത്തിനുവേണ്ടി അധ്വാനിക്കാന്‍ ഇഷ്ടമാണ്.
മെറിന്‍ഡ ആവാനുള്ള തയ്യാറെടുപ്പുകള്‍
കോസ്റ്റ്യൂം ചെയ്യാന്‍ അധികം സമയമെടുത്തില്ല. എന്നാല്‍ മേക്കപ്പും ഹെയര്‍ ഡ്രസ്സിംഗും ചെയ്യാന്‍ കൂടുതല്‍ നേരം വേണ്ടിവന്നു. എല്ലാം കൂടി ഒന്നര മണിക്കൂറോളം എടുക്കുമായിരുന്നു. തിരിച്ച് എന്റെ സാധാരണ രൂപത്തിലാകാന്‍ അതിലും ഇരട്ടി സമയമെടുക്കുമായിരുന്നു. ഇന്നെത്ര സമയമെടുത്തു എന്ന് സൗബിക്കയും ഞാനും പരസ്പരം തമാശയായി ചോദിക്കും. മാത്രമല്ല കുറച്ച് വരണ്ട അന്തരീക്ഷത്തിലാണ് കഥ നടക്കുന്നതും.

മെറിന്‍ഡയെപ്പോലൊരു കഥാപാത്രത്തെ മുന്‍പ് കണ്ടിട്ടില്ല
മെറിന്‍ഡയെപ്പോലൊരു കഥാപാത്രം കരിയറില്‍ ആദ്യമായാണ് അവതരിപ്പിക്കുന്നത്. പൊതുവേ പറയുമ്പോഴും ഇങ്ങനെയൊരു കഥാപാത്രത്തെ ഞാന്‍ കണ്ടിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും പോവാത്ത രീതിയില്‍ വേണമായിരുന്നു ആ വേഷം ചെയ്യാന്‍. എല്ലാവരും ആത്മാര്‍ത്ഥമായി അധ്വാനിക്കുന്നതുകാണുമ്പോള്‍ അവര്‍ക്കൊപ്പം ചേരാന്‍ നമ്മളും ആഗ്രഹിക്കും. നമ്മുടെ നൂറുശതമാനത്തിന് മുകളില്‍ കൊടുക്കാന്‍ നമ്മള്‍ ശ്രമിക്കും. പ്രാവിന്‍കൂട് ഷാപ്പിന്റെ സെറ്റില്‍ എനിക്കങ്ങനെയാണ് തോന്നിയത്. നല്ലൊരു ചിത്രമെടുക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. നമ്മുടെ സംവിധായകനായ ശ്രീരാജിനുപുറമേ അന്‍വറിക്ക, സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ഷൈജു ഖാലിദ് എന്നിങ്ങനെ സംവിധായകര്‍ കൂടിയായവർ ഉള്ള സെറ്റായിരുന്നു ഇത്. സിനിമയില്‍ മറ്റൊരു പ്രധാനവേഷം ചെയ്ത ചെമ്പന്‍ വിനോദ് ചേട്ടനാണെങ്കില്‍ തിരക്കഥാകൃത്തുമാണ്. ഇതുവരെ ഞാന്‍ ചെയ്ത സിനിമകളില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട സെറ്റാണ് പ്രാവിന്‍കൂടിന്റേത്.
ഏറ്റവും ആസ്വദിച്ച് ചെയ്ത സീന്‍
സിനിമയിലെ ഏറ്റവും ആസ്വദിച്ച് ചെയ്ത സീനായിരുന്നു ക്ലൈമാക്‌സിലെ അലറിക്കൊണ്ട് ഫോണ്‍ ചെയ്യുന്ന സീന്‍. ഡബ്ബിങ്ങിന്റെ സമയത്ത് ആ രംഗം വീണ്ടും ചെയ്യുന്നതുപോലെയായിരുന്നു. ഷൈജുക്ക (ഷൈജു ഖാലിദ്) ക്യാമറ തോളിലെടുത്താണ് ഷൂട്ട് ചെയ്തത്. അത്രയും കനമുള്ള ക്യാമറയെടുത്ത് അവര്‍ ജോലി ചെയ്യുന്നത് കാണുമ്പോള്‍ എന്റെ ഭാഗം തെറ്റരുതെന്ന് മനസിലുണ്ടായിരുന്നു. കൂടാതെ അവിടെ ലൈറ്റ് സജ്ജീകരിച്ചിരുന്നത് എന്റെ കയ്യിലെ ആ ടോര്‍ച്ച് വെളിച്ചത്തിന്റെ അടിസ്ഥാനമാക്കിയായിരുന്നു. നമ്മുടെ അഭിനയത്തെ സഹായിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഷൈജുക്കയും പറഞ്ഞുതരുമായിരുന്നു. ഉദാഹരണത്തിന് ആ സീനില്‍ ടോര്‍ച്ച് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഷൈജുക്കയാണ് പറഞ്ഞുതന്നത്. നമ്മളെ സ്വതന്ത്രമായി വിട്ടിട്ടാണ് ആ സീക്വന്‍സ് ചെയ്തത്. ഷോട്ട് കഴിഞ്ഞ ഉടനെ മോണിറ്ററില്‍ പോയി നോക്കും. ഷോട്ട് നന്നായോ എന്നറിയാനല്ല, ആ ഫ്രെയിമിന്റെ ഭംഗി കാണാന്‍.

ശിവജിത്തിന്റെ 'കൊമ്പന്‍ ബാബു'
ശിവജിത്തുമായി കുറച്ച് കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നു. ആ സിനിമയിലെ സിംഗിള്‍ ഷോട്ട് ഫൈറ്റ് സീനിന്റെ കുറച്ച് രംഗങ്ങള്‍ എനിക്ക് അവര്‍ കാണിച്ചുതന്നിരുന്നു. ആ സീനെടുക്കുമ്പോള്‍ ശിവജിത്ത് ആണെങ്കിലും ഫൈറ്റേഴ്‌സും സംവിധായകനും ക്യാമറാമാനുമെല്ലാം മണ്ണിലാണ്. ശരിക്കും അടികൊണ്ടാല്‍ കുറച്ചുകൂടി റിയലിസ്റ്റിക് ആവും എന്ന രീതിയിലാണ് ശിവജിത്ത് ആ സീന്‍ ചെയ്തത്. കൊമ്പന്‍ ബാബു എന്ന പേരിന് മാച്ചാവുന്ന രീതിയില്‍ത്തന്നെ അദ്ദേഹം ആ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. കഥാപാത്രം അങ്ങനെയാണെങ്കിലും നല്ല ചിരിയോടെയാണ് ശിവജിത്ത് സെറ്റില്‍ വന്നിരുന്നത്. ഒരു കഥാപാത്രമായി നില്‍ക്കാന്‍പറ്റുക എന്നത് നല്ലതാണല്ലോ.
സൗബിനും ബേസില്‍ ജോസഫും
എനിക്ക് രണ്ടുപേരേയും നേരത്തേതന്നെ അറിയാം. സൗബിക്കയുടെ കൂടെ രണ്ടുപടം ചെയ്തിട്ടുണ്ട്. ഡാര്‍വിന്റെ പരിണാമം, സിഐഎ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. പക്ഷേ രണ്ടിലും ഒരുമിച്ചുള്ള രംഗങ്ങള്‍ ഇല്ലായിരുന്നു. സൗബിക്ക നല്ല ജോളിയാണ്. നന്നായി ഭക്ഷണം കഴിക്കും. എല്ലാവരോടും വെയിറ്റ് കൂട്ടണമെന്ന് പറഞ്ഞതുകൊണ്ട് ഈ പടത്തില്‍ പ്രശ്‌നമില്ലായിരുന്നു. ചിത്രീകരണത്തിന്റെ ഇടവേളകളില്‍ ഞങ്ങളുടെ സംസാരം ഭക്ഷണവുമായി ബന്ധപ്പെട്ടായിരുന്നു. ബേസിലാണെങ്കിലും സെറ്റില്‍ നല്ല രസമാണ്. സംവിധായകര്‍ കൂടിയായതുകൊണ്ട് എങ്ങനെ ഒരു സാഹചര്യം കൈകാര്യം ചെയ്യണമെന്ന് രണ്ടുപേര്‍ക്കും അറിയാം.

'അള്ള് രാമേന്ദ്ര'നുശേഷം വന്ന ഇടവേള
അള്ള് രാമേന്ദ്രനുശേഷം ഞാന്‍ കേട്ട പ്രോജക്റ്റുകളെല്ലാം വലുതായിരുന്നു. പിന്നെ കോവിഡ് വന്നപ്പോള്‍ അതൊന്നും ചെയ്യാനായില്ല. അതിനിടയില്‍ പഠനം പൂര്‍ത്തിയാക്കി. ഇടയ്ക്ക് നാട്ടില്‍ വന്നപ്പോഴാണ് പ്രാവിന്‍കൂട് ഷാപ്പിലേക്ക് അവസരം വന്നത്. വളരെയേറെ എക്‌സൈറ്റഡ് ആയിരുന്നു. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം സ്വപ്‌നം എന്നൊക്കെ പറയാവുന്ന തരത്തിലുള്ള കഥാപാത്രമാണ് മെറിന്‍ഡ. ഇങ്ങനെയൊരു കഥാപാത്രം ചെയ്യാനാവുമെന്ന് വിചാരിച്ചിട്ടേയില്ല. അമേരിക്കയിലായിരുന്നപ്പോഴും മലയാളസിനിമകള്‍ കാണുമായിരുന്നു. തിയേറ്ററില്‍ വരുന്നത് അവിടെ പോയി കാണും. അല്ലാത്തത് ഒടിടിയില്‍ കാണും. പിന്നെ ഇടയ്ക്കിടെ നാട്ടില്‍ വരാറുണ്ടല്ലോ.
സിനിമയിലെ സൗഹൃദങ്ങള്‍
ഒരു ടോം ആന്‍ഡ് ജെറി പോലെയാണ് ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദം. എപ്പോഴും തമാശയായി ഉടക്കിക്കൊണ്ടിരിക്കും. ഇപ്പോള്‍ കണ്ടാലും അങ്ങനെതന്നെ. സിനിമയോട് വളരെ ഇഷ്ടമുള്ളയാളാണ് പൃഥ്വിരാജെന്ന് തോന്നിയിട്ടുണ്ട്. സിനിമയേക്കുറിച്ച് എനിക്ക് കുറേ പഠിക്കാന്‍ പറ്റിയ സഹതാരമാണ് അദ്ദേഹം. ചാക്കോച്ചന്‍ വളരെ സ്വീറ്റാണ്. കോവിഡ് സമയത്ത് എന്നെ വിളിക്കുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ ചിത്രങ്ങള്‍
കഥകള്‍ കേട്ട് രണ്ട് മൂന്നെണ്ണം കമ്മിറ്റ് ചെയ്തിട്ടുണ്ട്. അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മലയാളത്തിലും തമിഴിലുമാണ് ചിത്രങ്ങള്‍ ചെയ്യുന്നത്.
Content Highlights: Chandni Sreedharan's Triumphant Return: Unveiling the Enigmatic Merinda successful 'Pravinkoodu Shappu'
ABOUT THE AUTHOR
മാതൃഭൂമി ഡോട്ട് കോമിൽ സീനിയർ കണ്ടന്റ് റൈറ്റർ. സിനിമ, യാത്ര, സംഗീതം ഇഷ്ടവിഷയങ്ങൾ
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·