21 July 2025, 05:05 PM IST

പ്രതീകാത്മക ചിത്രം | Photo: YouTube: Screen grab/ RelianceEntertainment, X/ Lalit Kumar Singhania,
ന്യൂഡല്‍ഹി: പുറത്തിറങ്ങാനിരിക്കുന്ന 'ഉദയ്പുര്‍ ഫയല്‍സ്: കനയ്യാ ലാല്‍ ടെയിലര്‍ മര്‍ഡര്‍' എന്ന ചിത്രത്തില്‍ ആറുമാറ്റങ്ങള്‍ നിര്‍ദേശിച്ച് കേന്ദ്ര വാര്‍ത്താവിതരണ- വിനിമയമന്ത്രാലയം. പ്രത്യേക സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മാറ്റം നിര്‍ദേശിച്ചത്. കഥാപാത്രത്തിന്റെ പേര് മാറ്റണം എന്നതുള്‍പ്പെടെയാണ് നിര്‍ദേശം.
ചിത്രത്തിന്റെ തുടക്കത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മുന്നറിയിപ്പ് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പകരം മന്ത്രാലയം നല്‍കിയ പുതിയ മുന്നറിയിപ്പ് ചേര്‍ക്കണം. ഇത് കേള്‍പ്പിക്കുകയും വേണം. ചിത്രത്തിന്റെ തുടക്കത്തില്‍ വിവിധ വ്യക്തികള്‍ക്ക് നന്ദി പറയുന്ന ഭാഗങ്ങള്‍ നീക്കംചെയ്യുക. നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിര്‍മിച്ച സൗദി അറേബ്യന്‍ രീതിയിലുള്ള തലപ്പാവുള്ള രംഗം പരിഷ്‌കരിക്കുക, പോസ്റ്ററിലുള്‍പ്പെടെയുള്ള കഥാപാത്രത്തിന്റെ പേരായ 'നൂതന്‍ ശര്‍മ' മാറ്റി, പുതിയ പേര് നല്‍കുക എന്നീ നിര്‍ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്.
രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരനായിരുന്ന കനയ്യാ ലാല്‍ തേലി വധക്കേസിന്റെ കഥപറയുന്ന ചിത്രമാണ് 'ഉദയ്പുര്‍ ഫയല്‍സ്: കനയ്യാ ലാല്‍ ടെയിലര്‍ മര്‍ഡര്‍'. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ജാമിയത്ത് ഉലമ ഐ ഹിന്ദ് പ്രസിഡന്റ് മൗലാനാ അര്‍ഷാദ് മദനിയും ഉത്തര്‍പ്രദേശിലെ മതപഠനസ്ഥാപനമായ ദാറുല്‍ ഉലൂം ദേവ്ബന്ദിന്റെ പ്രിന്‍സിപ്പലും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജൂലൈ 11-ന് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി തടഞ്ഞിരുന്നു. പിന്നാലെ, റിലീസ് തടഞ്ഞതിനെതിരേ നിര്‍മാതാക്കളും യഥാര്‍ഥ കേസിലെ പ്രതികളില്‍ ഒരാളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
2022 ജൂണിലാണ് കനയ്യാ ലാല്‍ കൊല്ലപ്പെട്ടത്. ഒരു മതവിഭാഗത്തെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ സാമൂഹിക മാധ്യമ പോസ്റ്റ് പങ്കുവെച്ചെന്ന കാരണത്താല്‍ മുഹമ്മദ് റിയാസും മുഹമ്മദ് ഘൗസും ചേര്‍ന്ന് കനയ്യയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപ്പെടുത്താനുള്ള കാരണങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോയും പുറത്തിറക്കി. സംഭവത്തില്‍ യുഎപിഎ പ്രകാരം കേസെടുത്ത് എന്‍ഐഎ ആണ് അന്വേഷണം നടത്തിയത്. കേസിന്റെ വിചാരണ ജയ്പുരിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ നടക്കുകയാണ്.
Content Highlights: Government directs 6 tweaks to Udaipur Files: Nutan Sharma name, AI turban scene
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·