സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയിലുള്ള ത്യാഗരാജന്റെ പ്രശസ്തിക്കൊപ്പം മലയാളത്തില്‍ ആക്ഷന്‍ സിനിമകള്‍ക്കു വലിയ പ്രചാരം ലഭിക്കാനും തുടങ്ങി. കപ്പലിലും ഹെലികോപ്റ്ററിലും കൂറ്റന്‍ പാറക്കെട്ടുകള്‍ക്കു മുകളിലുമൊക്കെയായി ത്യാഗരാജന്‍ സംവിധാനം ചെയ്ത മിക്ക സംഘട്ടനങ്ങളും മലയാളി ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടത്. എഴുപതുകളുടെ അവസാനത്തോടെ മലയാളത്തിന്റെ വെള്ളിത്തിര തീപ്പൊരി ചിതറുന്ന ആക്ഷന്‍ സിനിമകളാല്‍ നിറഞ്ഞു. ഹോളിവുഡിലും ബോളിവുഡിലുമുള്ള സാഹസിക ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുംവിധത്തിലായിരുന്നു ത്യാഗരാജന്‍ പല സംഘട്ടനങ്ങളും കമ്പോസ് ചെയ്തതെങ്കിലും അതിലൊരു മൗലികതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ത്യാഗരാജന്‍ എന്ന പേര് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും തിയേറ്റര്‍ ഇളകി മറിയാന്‍ തുടങ്ങി.
ഓരോ നടന്റെയും ഫൈറ്റിങ്ങ് കപ്പാസിറ്റി തിരിച്ചറിഞ്ഞാണ് ത്യാഗരാജന്‍ സ്റ്റണ്ട് രംഗങ്ങള്‍ കമ്പോസ് ചെയ്തത്. പ്രേംനസീറിന്റെ ആക്ഷന്‍ വേഷങ്ങള്‍ക്കിടയില്‍ തന്നെ വിന്‍സന്റും സുധീറും രവികുമാറും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നെങ്കിലും കരുത്തുറ്റ നായകസങ്കല്പത്തിലേക്ക് അവര്‍ക്കൊന്നും കയറിവരാനായില്ല. അഭിനയത്തില്‍ വ്യത്യസ്ത ധാരകളിലൂടെ സഞ്ചരിച്ചപ്പോഴും ആക്ഷന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ് മധുവും സോമനും സുകുമാരനും. എന്നാല്‍, ഇവര്‍ക്കൊന്നും ആക്ഷന്‍ ഹീറോ ഇമേജ് കൈവന്നില്ല. ആ മുദ്ര അക്ഷരാര്‍ത്ഥത്തില്‍ പതിഞ്ഞത് ജയനിലാണ്. ഒരു പോരാട്ടത്തിനെന്നോണമുള്ള നില്‍പ്പും നടപ്പും സ്വരഗാംഭീര്യവും ശരീരശക്തിയുമെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ജയന്‍ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ആക്ഷന്‍ ഹീറോയായി. ആ കാലഘട്ടം സാഹസികാഭിനയത്തിന്റേതായി മാറുകയും ചെയ്തു.
എഴുപതുകളുടെ മധ്യത്തില്‍ ഇന്ത്യന്‍ സിനിമയിലെ അത്ഭുതമായി മാറിയ 'ഷോലെ'യെ പ്പോലൊരു ചിത്രം മലയാളത്തിലെ ഒട്ടുമിക്ക ആക്ഷന്‍ സിനിമാ സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും സ്വപ്നമായിരുന്നു. ത്യാഗരാജനോട് അങ്ങനെയൊരു മോഹം ആദ്യം പങ്കുവെച്ചത് ശ്രീ സായ് പ്രൊഡക്ഷന്‍സിന്റെ ആര്‍ എസ് ശ്രീനിവാസനായിരുന്നു.
''ഞാനും ഏറെ ആഗ്രഹിച്ചതാണ് സാര്‍, അതുപോലൊരു ചിത്രം. ബോളിവുഡില്‍ മാത്രമല്ല, മലയാളത്തിലും അങ്ങനെയുള്ള സിനിമയെടുക്കാന്‍ കഴിയുമെന്ന് നമ്മള്‍ക്ക് കാണിച്ചുകൊടുക്കണം.''
ത്യാഗരാജന്റെ പ്രതികരണം കേട്ട ശ്രീനിവാസന്‍ പറഞ്ഞു,
''ത്യാഗരാജന്‍ കൂടെയുണ്ടെങ്കില്‍ പിന്നെ എനിക്കെന്തു പ്രയാസം. ഒട്ടും വൈകാതെ നമുക്ക് ആരംഭിക്കണം.''
അന്നു രാത്രിതന്നെ സംവിധായകന്‍ എബി രാജുമായും ശ്രീനിവാസന്‍ സംസാരിച്ചു.
''നമുക്ക് സാരഥിയെക്കൊണ്ട് കഥയെഴുതിക്കാം'', രാജ് പറഞ്ഞു.
അക്കാലത്ത് ശ്രീ സായ് പ്രൊഡക്ഷന്‍സിന്റെ മിക്ക സിനിമകളുടെയും കഥയെഴുതിയിരുന്ന വിപി സാരഥിയായിരുന്നു. ഒരു മാസം കഴിഞ്ഞ് കഥയുമായി സാരഥി എത്തി. എബി രാജിന്റെ വീട്ടില്‍ ത്യാഗരാജനും ശ്രീനിവാസനും സാരഥിയെഴുതിയ കഥ വിലയിരുത്താന്‍ ഉണ്ടായിരുന്നു. ഷോലെയിലെപ്പോലെ ചിത്രത്തില്‍ മൂന്ന് നായകന്‍മാരായിരുന്നു. പ്രേംനസീര്‍, ജയന്‍, കെ പി ഉമ്മര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നത് കൊച്ചിന്‍ ഹനീഫ. നടനെന്ന നിലയില്‍ ചെറിയ വേഷങ്ങളിലൂടെ ഹനീഫ ശ്രദ്ധേയനായി വരുന്ന കാലമായിരുന്നു അത്. മൂന്നാഴ്ചകൊണ്ട് കൊച്ചിന്‍ ഹനീഫ സിനിമയുടെ തിരക്കഥ എഴുതി. തുടക്കം മുതല്‍ ഒടുക്കംവരെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രത്തിന് 'ഇരുമ്പഴികള്‍' എന്ന പേര് നിര്‍ദ്ദേശിച്ചതും ഹനീഫ തന്നെയായിരുന്നു. കോതമംഗലവും പരിസരവുമായിരുന്നു 'ഇരുമ്പഴി'കളുടെ ചിത്രീകരണത്തിനായി തിരഞ്ഞെടുത്തത്. മുപ്പതോളം സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ മദിരാശിയില്‍ നിന്നെത്തി. സിനിമയുടെ ആരംഭത്തില്‍ തന്നെ, പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ജയന്റെ കഥാപാത്രത്തെ നസീറിന്റെ ഇന്‍സ്‌പെക്ടര്‍ രാജന്‍ ജീപ്പില്‍ പിന്തുടരുന്ന രംഗമുണ്ട്. സാഹസികമായ ആ രംഗത്ത് നസീറിന് ഡ്യുപ്പായി വന്നത് പറന്താമരന്‍ എന്ന ഫൈറ്ററാണ്. സ്റ്റണ്ട് യുണിയനിലെ മികച്ച ജംപര്‍മാരില്‍ ഒരാളായിരുന്നു പറന്താമരന്‍. ജയന്‍ ഓടിക്കുന്ന കാറിന്റെ മുകളിലേക്ക് ഉയരത്തില്‍നിന്ന് എടുത്തു ചാടി വേണം നസീര്‍ ഫൈറ്റ് ചെയ്യാന്‍. ജംപിങ്ങില്‍ പറന്താമരന്‍ പരിചയസമ്പന്നനായതുകൊണ്ട് ആരുടെ മനസ്സിലും അല്പം പോലും ഭയമുണ്ടായിരുന്നില്ല. കാറിന്റെ മുകള്‍ഭാഗത്തേക്ക് ചാടിയപ്പോള്‍ ടൈമിങ്ങില്‍ പറ്റിയ ഒരബദ്ധം പറന്താമരന്റെ വാരിയെല്ലുകള്‍ തകര്‍ത്തു. എന്നിട്ടും അയാള്‍ ഫൈറ്റ് ചെയ്തു. സംവിധായകന്‍ 'കട്ട്' പറഞ്ഞിട്ടും പറന്താമരന്‍ കാറിനു മുകളില്‍ത്തന്നെ കിടന്നു. ഒടുവില്‍, അടുത്തു ചെന്നു നോക്കിയപ്പോഴാണ് ഗുരുതരമായ പരിക്കുകളോടെ അയാള്‍ കാറിനു മുകളില്‍ കിടക്കുകയാണെന്ന് മനസ്സിലാക്കുന്നത്. 'ഇരുമ്പഴികളു'ടെ ഫൈറ്റ് സീനുകളിലോന്നൊഴിയാതെ ഡ്യുപ്പുകള്‍ പരിക്കുകളിലേക്ക് വീണുകൊണ്ടിരുന്നു. ഫൈറ്റര്‍മാരുടെയും ഡ്യുപ്പുകളുടെയും ചോര വീഴാത്ത ഒരു സംഘട്ടനവും ആ സിനിമയുടെ ചിത്രീകരണത്തിലുണ്ടായിരുന്നില്ല.
'ഇരുമ്പഴികളി'ലെ മറ്റൊരു സാഹസ ചിത്രീകരണവേളയില്‍ ജയഭാരതിയും കനകദുര്‍ഗയും മരണക്കയത്തില്‍നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 'ഷോലെ'യിലെ ഹേമമാലിനിയുടെ കുതിരയോട്ടത്തെ ഓര്‍മ്മിപ്പിക്കും വിധമായിരുന്നു ആ രംഗം. ക്ലൈമാക്സ് രംഗത്തിന് തൊട്ടുമുന്‍പ് കൊള്ളസങ്കേതത്തിലെ കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച് കുതിരവണ്ടിയില്‍ കയറി ജയഭാരതിയും കനകദുര്‍ഗയും രക്ഷപ്പെടുന്നതാണ് രംഗം. അവരെ പിന്തുടര്‍ന്ന് കൊള്ളക്കാരില്‍ മൂന്നുപേര്‍ കുതിരപ്പുറത്ത് കുതിച്ചുവരുന്നു. ഇടുക്കിയിലാണ് രംഗം ഷൂട്ട് ചെയ്യുന്നത്. ചിത്രീകരണത്തിനു മുന്‍പായി ജയഭാരതിക്കും കനകദുര്‍ഗക്കും ത്യാഗരാജന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി, പിറകില്‍ ഒരു ജീപ്പില്‍ ത്യാഗരാജനും ക്യാമറമാനും കുതിരക്കാരനും ഇരിക്കുന്നുണ്ട്. കുതിരയുടെ നീളമുള്ള കടിഞാണിന്റെ അറ്റം, ക്യാമറയില്‍ പതിയാത്തവിധം, കുതിരക്കാരന്റെ കൈയിലാണ്. ജയഭാരതിയുടെ കൈയില്‍ ഒരു ചാട്ടവാര്‍ മാത്രമേയുള്ളൂ. ഷൂട്ടിങ് സമയത്ത് ഒരു കാരണവശാലും കുതിരക്ക് പ്രകോപനമുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കരുതെന്ന് ജയഭാരതിയെ ത്യാഗരാജന്‍ പല തവണ ഓര്‍മിപ്പിച്ചു.
''ഇതൊക്കെ വളരെ ഈസിയായി ഞാന്‍ ചെയ്തോളാം, മാസ്റ്റര്‍!'' എന്ന മറുപടിയായിരുന്നു ജയഭാരതിയുടേത്. ത്യാഗരാജന്‍ ആക്ഷന്‍ പറഞ്ഞു. ചെങ്കുത്തായ ഇറക്കങ്ങളും കയറ്റങ്ങളും പിന്നിട്ട് കുതിര ഓടിക്കൊണ്ടിരുന്നു. ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ രംഗത്തിന്റെ സ്വാഭാവികതയ്ക്കുവേണ്ടി ജയഭാരതി കൈയിലെ ചാട്ടവാറു കൊണ്ട് കുതിരയെ ആഞ്ഞടിച്ചു. അതോടെ കുതിര കുതിച്ചോടാന്‍ തുടങ്ങി. ആ ശക്തിയില്‍ പിറകിലെ ജീപ്പിലിരുന്ന കുതിരക്കാരന് കടിഞ്ഞാണിന്മേലുള്ള പിടിവിട്ടു. കുതിച്ചു പായുന്ന വണ്ടിയിലിരുന്ന് ജയഭാരതിയും കനകദുര്‍ഗയും ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. അപകടം മനസ്സിലാക്കിയ ത്യാഗരാജന്‍ ജീപ്പ് അതിവേഗം ഓടിച്ച് കുതിരവണ്ടിയുടെ ഒരു ചക്രത്തിലേക്ക് ഇടിച്ചുകയറ്റി. ചക്രം തകര്‍ന്നപ്പോള്‍ കുതിരയുടെ ഓട്ടത്തിന്റെ വേഗവും കുറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കനകദുര്‍ഗ തെറിച്ചുവീണു. വണ്ടി നിന്നപ്പോള്‍ ജയഭാരതി ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു:
''മാസ്റ്റര്‍, എന്തു പണിയാണ് ചെയ്തത്?''
ത്യാഗരാജന്‍ വണ്ടിയില്‍ നിന്ന് ജയഭാരതിയെ പിടിച്ചിറക്കി ദൂരേക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു.
''കുറച്ചുദൂരംകൂടി കുതിര ഓടിയിരുന്നെങ്കില്‍ നിങ്ങളും കുതിരയും കൊക്കയിലുണ്ടാകുമായിരുന്നു.''
പാതയുടെ ഒരു വശം അഗാധഗര്‍ത്തം. താഴേക്ക് വീണിരുന്നെങ്കില്‍ ജീവന്റെ പൊടിപോലും ബാക്കിയുണ്ടാവില്ലായിരുന്നു.
മലയാള സിനിമ അന്നുവരെ കാണാത്ത രീതിയിലായിരുന്നു 'ഇരുമ്പഴികളു'ടെ ക്ലൈമാക്സ് ഫൈറ്റ് സീനും ത്യാഗരാജന്‍ ഫ്രെയിം ചെയ്തത്. ട്രെയിനിനു മുകളില്‍ വെച്ച് പ്രേംനസീറും ജയനും ജോസ് പ്രകാശിനെയും സംഘത്തെയും നേരിടുന്ന രംഗങ്ങള്‍ പ്രേക്ഷകര്‍ അമ്പരപ്പോടെയാണ് കണ്ടത്. ട്രെയിനിനു സമാന്തരമായി കൊള്ളസംഘം ഇരുപതിലേറെ കുതിരകളുടെ പുറത്ത് കുതിച്ചു മുന്നേറുന്നതും ജയനും നസീറും ചേര്‍ന്ന് അവരെ വെടിവെച്ചും കൈ ബോംബെറിഞ്ഞും തകര്‍ക്കുന്നതും കണ്ട പ്രേക്ഷകര്‍ക്ക് മലയാള സിനിമയിലാണ് ഇതൊക്കെ തങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് വിശ്വസിക്കാന്‍ പോലും പ്രയാസമായിരുന്നു.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയിലൂടെ പിടിച്ചുനീങ്ങി ബോഗിയുടെ മുകളിലേക്ക് കയറുന്നതും, ഒരു ബോഗിയില്‍നിന്ന് അടുത്ത ബോഗിയിലേക്ക് ചാടുന്ന രംഗവുമെല്ലാം ഒരൊറ്റ ഡ്യുപ്പ് ഷോട്ടുമില്ലാതെ ജയന്‍ അഭിനയിച്ചു തകര്‍ക്കുമ്പോള്‍ പ്രേക്ഷക മനസ്സിലേക്ക് ആ നടന്‍ ആവേശത്തിന്റെ അഗ്നി കോരിയിടുകയായിരുന്നു. ത്യാഗരാജനും ഡ്യുപ്പ് ആര്‍ടിസ്റ്റ് സുബ്ബരായനും ജയന് അപകടം പറ്റാതിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ പോലും സംഘട്ടനത്തിന് സ്വാഭാവികത പകരാന്‍ അപകടകരമായ രംഗങ്ങളെല്ലാം ജയന്‍ സ്വയം ചെയ്യുകയായിരുന്നു. ബോക്സോഫീസില്‍ 'ഇരുമ്പഴികള്‍' നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ പ്രധാന കാരണം ത്യാഗരാജന്‍ കമ്പോസ് ചെയ്ത തീ പാറുന്ന സംഘട്ടനങ്ങള്‍ തന്നെയായിരുന്നു.
'ഇരുമ്പഴികള്‍'ക്കു ശേഷം മറുഭാഷാ ചിത്രങ്ങളിലെന്ന പോലെ ആക്ഷന്‍ സിനിമകളുടെ തേരോട്ടം തന്നെ മലയാള സിനിമയിലുണ്ടായി. അത് സിനിമയുടെ വളര്‍ച്ചയ്ക്ക് ഏതു രീതിയില്‍ ഉപകരിച്ചു എന്നു ചോദിച്ചാല്‍, സിനിമയെന്ന കലാ വ്യവസായത്തെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു എന്നു തന്നെ പറയാം. ഒപ്പം, ആയിരക്കണക്കിന് മനുഷ്യര്‍ ജീവിച്ചുപോയതും ഇത്തരം ആക്ഷന്‍ സിനിമകളെ ആശ്രയിച്ചായിരുന്നു.
'ഇരുമ്പഴികള്‍' പ്രദര്‍ശനത്തിനെത്തി ഒന്‍പതുമാസം പിന്നിടുമ്പോഴാണ് ശശികുമാര്‍ സംവിധാനം ചെയ്ത 'കരിപുരണ്ട ജീവിതങ്ങള്‍' റിലീസാകുന്നത്. പ്രേംനസീറും ജയനുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍. ഈ ചിത്രവും ത്യാഗരാജന്‍ കമ്പോസ് ചെയ്ത ഗംഭീര സംഘട്ടനങ്ങള്‍ നിറഞ്ഞതായിരുന്നു. രണ്ടു എന്‍ജിന്‍ ഡ്രൈവര്‍മാരുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിന്റെ ഷൂട്ടിങ് ഷൊര്‍ണ്ണൂരിലും സമീപങ്ങളിലുമായാണ് നടന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതും എന്നാല്‍ അപകടകരവുമായ ഫൈറ്റുകളാണ് ഇതിനുവേണ്ടി ത്യാഗരാജന്‍ ഒരുക്കിയത്. ക്ലൈമാക്സ് ഫൈറ്റ് ആയിരുന്നു ഏറെ അപകടം നിറഞ്ഞത്. 'ഇരുമ്പഴികളി'ലേതുപോലെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുമുകളില്‍ വെച്ച് വില്ലനും സംഘവുമായി നായകന്മാര്‍ ഏറ്റുമുട്ടുന്നു. രണ്ടു ദിവസത്തേക്ക് ട്രെയിന്‍ വാടകയ്‌ക്കെടുത്ത് ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടിലാണ് ഈ രംഗം ചിത്രീകരിച്ചത്. അക്കാലത്ത് നിലമ്പൂര്‍ ഭാഗത്തേക്ക് ഒരു പാസഞ്ചര്‍ ട്രെയിന്‍ മാത്രമേയുള്ളു. ഷൊര്‍ണൂരില്‍ നിന്ന് രാവിലെ ഏഴു മണിക്ക് പുറപ്പെട്ട് വൈകീട്ട് നാലു മണിക്ക് നിലമ്പൂരില്‍ നിന്ന് മടങ്ങുന്നതാണ് ട്രെയിന്‍. രാവിലെ ട്രെയിന്‍ പുറപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ഷൂട്ടിങ് ട്രെയിന്‍ പുറപ്പെടും. ട്രെയിനിനു മുകളില്‍ ഫൈറ്റും കമ്പാര്‍ട്ടുമെന്റില്‍ മറ്റു സീനുകളുമായി ഒരേസമയം രണ്ടു യൂണിറ്റുകളിലായി ഷൂട്ടിങ് നടത്താന്‍ തീരുമാനിച്ചു. പ്രശസ്ത ഛായാഗ്രഹകന്‍ സായിനാഥായിരുന്നു 'കരിപുരണ്ട ജീവിതങ്ങളു'ടെ ക്യാമറാമാന്‍. ഷൂട്ടിങ് തുടങ്ങും മുന്‍പായി സംവിധായകന്‍ ശശികുമാര്‍ എഞ്ചിന്‍ ഡ്രൈവറോട് കര്‍ശനമായി പറഞ്ഞു, ''ഒരു കാരണവശാലും ട്രെയിനിന്റെ സ്പീഡ് കൂട്ടാന്‍ പാടില്ല. മുകളില്‍ നസീറും ജയനും കുറെ ഡ്യുപ്പ് ആര്‍ട്ടിസ്റ്റുകളുമുണ്ടെന്ന കാര്യം മറക്കരുത്.''
ഷൂട്ടിംഗ് തുടങ്ങിയാല്‍ പെര്‍ഫെക്ഷനു വേണ്ടി കൂടുതല്‍ അക്രോബാറ്റിക്സ് കാണിക്കും എന്നറിയാവുന്നതുകൊണ്ട് ജയനോടും പറഞ്ഞു, ''പറഞ്ഞതിനപ്പുറമൊന്നും ചെയ്യാന്‍ ശ്രമിക്കരുത്. നിങ്ങള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഒരുപാട് പേരുടെ ജീവിതമാണ് തകര്‍ന്നുപോവുക, അത് മറക്കരുത്.''
രാവിലെ എട്ടുമണിയോടെ ശശികുമാറിന്റെ സംവിധാനത്തില്‍ ട്രെയിനിനകത്ത് നിന്നുള്ള സീനുകള്‍ ഷൂട്ട് ചെയ്തു തുടങ്ങുമ്പോള്‍, മുകളില്‍ ത്യാഗരാജന്റെ നേതൃത്വത്തില്‍ സംഘട്ടനരംഗങ്ങളുടെ ചിത്രീകരണവും തുടങ്ങി. ട്രെയിനിനു മുകളിലൂടെ ഓടുന്നതിന്റെയും ഒരു കമ്പാര്‍ട്ടുമെന്റിനു മുകളില്‍നിന്ന് മറ്റൊരു കമ്പാര്‍ട്ടുമെന്റിനു മുകളിലേക്ക് ചാടുന്നതിന്റെയുമൊക്ക ശബ്ദം അകത്തിരിക്കുന്നവര്‍ക്ക് കേള്‍ക്കാം. അങ്ങാടിപ്പുറം സ്റ്റേഷന്‍ പിന്നിടുമ്പോഴേക്കും ട്രെയിനിന് സ്പീഡ് കൂടിക്കൊണ്ടിരുന്നു. ചാടിവീഴുന്ന ശബ്ദങ്ങള്‍ക്കൊപ്പം പലരുടെയും ശബ്ദവും അവ്യക്തമായി കേള്‍ക്കുന്നുണ്ട്. എന്താണ് മുകളില്‍ സംഭവിക്കുന്നതെന്ന് അറിയാന്‍ കഴിയുന്നില്ല. ട്രെയിന്‍ നിലമ്പൂരിലെത്തും വരെ ശശികുമാര്‍ ഉള്‍പ്പെടെ എല്ലാവരും പരിഭ്രാന്തരായി. പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ ശശികുമാര്‍ എഞ്ചിനരികിലേക്ക് ഓടിപ്പോകുന്നതു കണ്ട് പലരും പിറകെ ഓടി. അപ്പോഴേക്കും ത്യാഗരാജന്‍ സ്റ്റണ്ട് നിര്‍ത്തിയിരുന്നു. ജയനും ത്യാഗരാജനും താഴേക്ക് ഇറങ്ങിവന്നു. എഞ്ചിനടുത്ത് ആളുകള്‍ കൂടിയിരിക്കുന്നു.
''ട്രെയിന്‍ പതുക്കെയേ ഓടിക്കാവൂ എന്ന് പറഞ്ഞതല്ലേ... മുകളിലുള്ള ആര്‍ക്കെങ്കിലും വല്ലതും സംഭവിച്ചാല്‍ താന്‍ സമാധാനം പറയുമോ?'' എഞ്ചിന്‍ ഡ്രൈവറോട് ക്ഷോഭത്തോടെ സംസാരിക്കുന്ന ശശികുമാറിനെയാണ് എല്ലാവരും കാണുന്നത്. അവിടേക്ക് കയറിവന്ന ത്യാഗരാജന്‍ ഇടപെട്ടു, ''സാര്‍, അദ്ദേഹത്തോട് ദേഷ്യപ്പെടേണ്ട. ട്രെയിനിന്റെ സ്പീഡ് കൂട്ടാന്‍ ഞാനാണ് പറഞ്ഞത്.''
''സ്പീഡ് കൂട്ടണമെന്ന് ത്യാഗരാജനോട് ഞാന്‍ പറഞ്ഞോ? ''
''ഇല്ല.''
''പിന്നെ..?''
ത്യാഗരാജന്‍ ജയന്റെ മുഖത്തേക്ക് നോക്കി.
''ജയന്‍ പറഞ്ഞിട്ടാണ് ഡ്രൈവറോട് സ്പീഡ് കൂട്ടാന്‍ ഞാന്‍ ആവശ്യപ്പെട്ടത്.''
ജയന്റെ മുഖത്തേക്ക് കടുപ്പിച്ചൊരു നോട്ടം നോക്കി ശശികുമാര്‍ പറഞ്ഞു, ''ഞാന്‍ ജയനോട്...''
വാക്കുകള്‍ മുഴുമിപ്പിക്കും മുന്‍പേ ജയന്‍ പറഞ്ഞു, ''ട്രെയിന്‍ സ്പീഡില്‍ പോകുമ്പോള്‍ മാത്രമേ ആ ഫൈറ്റിന് പെര്‍ഫെക്ഷന്‍ ഉണ്ടാകൂ എന്നു തോന്നി. പിന്നെ ട്രെയിനിന് മുകളില്‍ നിന്ന് ഞാന്‍ മുന്‍പും ഫൈറ്റ് ചെയ്തതാണെന്ന് സാറിനറിയാമല്ലോ.''
എല്ലാവരുടെയും മുന്‍പില്‍ വെച്ച് ശശികുമാര്‍ ജയനോടായി പറഞ്ഞു, ''പെര്‍ഫെക്ഷനു വേണ്ടിയാവാം നിങ്ങള്‍ അങ്ങനെ ചെയ്തത്. പക്ഷേ, ജയന്‍ ഒരു കാര്യം മനസ്സിലാക്കണം. ഷൂട്ടിംഗിനിടയില്‍ നിങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ എത്രപേരുടെ ജീവിതമാണ് തകര്‍ന്നുപോകുന്നതെന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ... നിങ്ങളെ മാത്രം വിശ്വസിച്ച് പണം മുടക്കിയവരുടെയും ആ സിനിമയുടെയും ഗതി പിന്നീടെന്താകും; ഒന്നാലോചിച്ച് നോക്ക്....''
ഇത്രയും പറഞ്ഞ് ശശികുമാര്‍ തിരിഞ്ഞു നടന്നു. അദ്ദേഹത്തിനു പിറകിലായി മറ്റുള്ളവരും നീങ്ങി. അപ്പോഴും ഒന്നും പറയാനാവാതെ രണ്ടു പേര്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. സാഹസികതയെ പ്രണയിച്ച ത്യാഗരാജനും ജയനും.
ശശികുമാറിന്റെ വാക്കുകള്‍ ത്യാഗരാജനില്‍ വേദനയുളവാക്കി. സാധാരണക്കാരായ സിനിമാപ്രേക്ഷകര്‍ തീയേറ്ററിലെത്തുന്നത് എല്ലാം മറന്ന് ആനന്ദിക്കാനാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു കൊണ്ടാണ് ഓരോ ഫൈറ്റ് സീക്വന്‍സും അദ്ദേഹം കമ്പോസ് ചെയ്തത്. സാങ്കേതികവിദ്യകള്‍ അത്രകണ്ട് വളര്‍ന്നിട്ടില്ലാത്ത കാലത്ത് ത്യാഗരാജനൊരുക്കിയ സംഘട്ടനങ്ങളെല്ലാം വലിയ അപകടങ്ങള്‍ നിറഞ്ഞതായിരുന്നു. എഴുപതുകളുടെ അവസാനമാകുമ്പോഴേക്കും മലയാളസിനിമ ആക്ഷന്‍ ചിത്രങ്ങളാല്‍ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചു. എണ്‍പതിന്റെ തുടക്കമാവുമ്പോഴേക്കും സാഹസിക ചിത്രങ്ങളുടെ വെള്ളിത്തിരയായി മലയാള സിനിമ മാറിക്കഴിഞ്ഞിരുന്നു!
Content Highlights: Explore the bequest of Thyagarajan, the legendary stunt maestro who revolutionized Malayalam action
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·