13 June 2025, 09:18 AM IST
ഇന്ത്യ എ ടീമിനുവേണ്ടിയും മികച്ച പ്രകടനം, എട്ടുവർഷത്തിനുശേഷം ഇന്ത്യൻ സീനിയർ ടീമിൽ കളിക്കാമെന്ന പ്രതീക്ഷയിൽ കരുൺ നായർ

Photo | PTI
ലണ്ടൻ: ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ രണ്ടാമനായ കരുൺ നായർ, ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യൻ സീനിയർ ടീമിൽ കളിക്കാനൊരുങ്ങുന്നു. അടുത്തയാഴ്ച ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് തുടങ്ങുമ്പോൾ ഇലവനിൽ ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാതിമലയാളിയായ ടോപ് ഓർഡർ ബാറ്റർ.
2016 ഡിസംബറിൽ ചെന്നൈയിൽനടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ 303 റൺസുനേടി പുറത്താകാതെനിന്ന കരുൺ നായർ പിന്നീട് ഒരു പരമ്പരയിൽ മാത്രമാണ് ഇന്ത്യക്കുവേണ്ടി കളിച്ചത്. 2017 മാർച്ചിൽ ഓസ്‌ട്രേലിയക്കെതിരേ മൂന്നുടെസ്റ്റുകൾ. അതിനുശേഷം ടീമിൽനിന്ന് മാറ്റിനിർത്തപ്പെട്ടു. പിന്നീട് ഒരു അന്താരാഷ്ട്ര മത്സരത്തിൽപ്പോലും അവസരം കിട്ടിയില്ല, ടെസ്റ്റിലെന്നല്ല ഒരു ഫോർമാറ്റിലും. വീരേന്ദർ സെവാഗിനുശേഷം ട്രിപ്പിൾ സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യക്കാരനാണ്.
ആറുടെസ്റ്റിൽ 62.33 റൺ ശരാശരിയിൽ 374 റൺസ് എന്ന കണക്കുമായി കാത്തിരിപ്പുതുടങ്ങിയട്ട് എട്ടുവർഷമാകുന്നു. ഇതിനിടെ ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി കളിച്ചു. ഇക്കുറി രഞ്ജിയിൽ മിന്നുന്നഫോമിലായിരുന്നു. നാലുസെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പെടെ ഒൻപതു കളിയിൽ 863 റൺസ് നേടി. സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിലെ ആറ് ഇന്നിങ്‌സിൽ 255 റൺസ് നേടി. ഇതിനിടെ 2023-24 സീസണിൽ ഇംഗ്ലീഷ് കൗണ്ടിയിലും മികച്ച പ്രകടനം കാഴ്ചവെച്ചു.
2024-25 സീസണിൽ
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചുടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ടീമിലെത്തിയത്. അതിനുമുന്നോടിയായി, ഇംഗ്ലണ്ട് ലയൺസിനെതിരായ ചതുർദിന മത്സരത്തിൽ ഇന്ത്യ എ ടീമിനുവേണ്ടി കഴിഞ്ഞയാഴ്ച ഡബിൾ സെഞ്ചുറി (204) നേടിയ 33-കാരൻ രഞ്ജിയിലെ ഫോം കൈമോശംവന്നിട്ടില്ലെന്ന് തെളിയിച്ചു. അനൗദ്യോഗിക ടെസ്റ്റിലെ മൂന്ന് ഇന്നിങ്‌സിൽ ആകെ 259 റൺസ് നേടി.
Content Highlights: Karun Nair is backmost successful the Indian Test squad








English (US) ·