28 May 2025, 09:53 AM IST

കമൽ ഹാസൻ | Photo - Mathrubhumi archives
നടന്‍ കമല്‍ ഹാസനെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ തമിഴ് മെഗാ സ്റ്റാര്‍ കന്നഡയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 'നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്' എന്നായിരുന്നു പരാമര്‍ശം. വിവാദമായതോടെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ബിജെപി അധ്യക്ഷനും കന്നഡ അനുകൂല സംഘടനകളും രംഗത്തെത്തി. പുതിയ ചിത്രമായ തഗ് ലൈഫ് പുറത്തിറങ്ങാനിരിക്കെയാണ് താരത്തിന്റെ വിവാദ പരാമര്‍ശം. ഇതോടെ കന്നഡ അനുകൂല സംഘടനകള്‍ ബംഗളൂരുവില്‍ പ്രതിഷേധിച്ചു. സിനിമാ പോസ്റ്ററുകള്‍ കീറിക്കൊണ്ടായിരുന്നു പ്രതിഷേധം.
ചെന്നൈയില്‍ നടന്ന പരിപാടിയില്‍ 'എന്റെ ജീവനും എന്റെ കുടുംബവും തമിഴ് ഭാഷയാണ്' എന്നര്‍ഥം വരുന്ന 'ഉയിരേ ഉറവേ തമിഴേ' എന്ന വാക്കുകളോടെയാണ് നടന്‍ പ്രസംഗം ആരംഭിച്ചത്. കന്നഡ നടന്‍ ശിവരാജ് കുമാറും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തെ അഭിസംബോധ ചെയ്തുകൊണ്ടാണ് കമല്‍ ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. 'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാര്‍) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പ്രസംഗം ജീവന്‍, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്, അതിനാല്‍ നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.'- എന്നായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം. ഇതോടെ കര്‍ണാടകയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ വിജയെന്ദ്ര യെദ്യൂരപ്പ എതിര്‍പ്പുമായി രംഗത്തെത്തി. നടന്റെ പെരുമാറ്റം സംസ്‌കാരമില്ലാത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കമല്‍ ഹാസന്‍ കന്നഡയെ അപമാനിച്ചതായി അദ്ദേഹം ആരോഹിച്ചു. തമിഴ് ഭാഷയെ മഹത്വവത്കരിക്കാനായി നടന്‍ ശിവരാജ് കുമാറിനെ വേദിയിലിരുത്തി കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും അങ്ങേയറ്റത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ കുറ്റപ്പെടുത്തി. കമല്‍ ഹാസന്‍ ഉടന്‍ കന്നഡിഗരോട് നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹ ആവശ്യപ്പെട്ടു.
കന്നഡ അനുകൂല സംഘടനകളും നടനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബംഗളൂരുവില്‍ അവര്‍ പ്രതിഷേധിക്കുകയും കമല്‍ ഹാസന്റെ സിനിമാ പോസ്റ്ററുകള്‍ കീറുകയും ചെയ്തു. സംസ്ഥാനത്ത് അദ്ദേഹത്തിന്റെ സിനിമ നിരോധിക്കുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. 'കന്നഡയ്ക്കും കന്നഡിഗര്‍ക്കുമെതിരെ സംസാരിച്ചാല്‍ നിങ്ങളുടെ സിനിമ നിരോധിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു,' കര്‍ണാടക രക്ഷണ വേദി നേതാവ് പ്രവീണ്‍ ഷെട്ടി പറഞ്ഞു.
കമല്‍ ഹാസന്റെ 'തഗ് ലൈഫ്' ജൂണ്‍ 5-ന് തിയേറ്ററിലെത്താനിരിക്കെയാണ് കര്‍ണാടകയില്‍ പ്രതിഷേധം ഉയരുന്നത്. സംവിധായകന്‍ മണിരത്‌നവുമായി ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഇരുവരും അവസാനമായി ഒന്നിച്ചത് 'നായകന്‍' ല്‍ ആയിരുന്നു.
Content Highlights: protestation against histrion kamal haasan implicit his remark connected kannada language
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·