Published: October 04, 2025 08:25 AM IST
1 minute Read
അഹമ്മദാബാദ്∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ സെഞ്ചറി നേടിയ ശേഷം സൈന്യത്തിന് സല്യൂട്ട് അടിച്ച് ഇന്ത്യൻ യുവതാരം ധ്രുവ് ജുറേല്‍. കന്നി ടെസ്റ്റ് സെഞ്ചറി സ്വന്തമാക്കിയ ധ്രുവ് ജുറേൽ, 210 പന്തുകളിൽനിന്ന് 125 റൺസാണ് അടിച്ചെടുത്തത്. 190 പന്തുകളിൽനിന്ന് സെഞ്ചറിയിലെത്തിയതിനു പിന്നാലെയായിരുന്നു ജുറേലിന്റെ ആഘോഷ പ്രകടനം. അർധ സെഞ്ചറി നേട്ടവും സല്യൂട്ട് ചെയ്താണ് ധ്രുവ് ജുറേൽ ആഘോഷിച്ചത്. കാർഗിൽ യുദ്ധത്തിൽ ഇന്ത്യയ്ക്കായി പോരാടിയിട്ടുള്ള സൈനികൻ റാംപ്രസാദ് ജുറേലിന്റെ മകനാണ് ധ്രുവ് ജുറേല്‍.
ഇങ്ങനെയൊരു ആഘോഷ പ്രകടനം വർഷങ്ങളായി മനസ്സിൽ കൊണ്ടു നടക്കുന്നതാണെന്നു ധ്രുവ് ജുറേൽ രണ്ടാം ദിവസത്തെ ബാറ്റിങ്ങിനു ശേഷം പ്രതികരിച്ചു. ‘‘അർധ സെഞ്ചറി നേടിയ ശേഷം സല്യൂട്ട് ചെയ്തത് എന്റെ പിതാവിനു വേണ്ടിയാണ്. പക്ഷേ സെഞ്ചറിയടിച്ചപ്പോഴുള്ള ആഘോഷം ഏറെക്കാലമായി മനസ്സിൽ കൊണ്ടു നടക്കുന്നതാണ്. കാരണം കുട്ടിക്കാലം മുതലേ എനിക്ക് ഇന്ത്യൻ സൈന്യവുമായി അടുപ്പമുണ്ട്. എന്റെ പിതാവ് സൈനികനായിരുന്നു. ഞങ്ങൾ മൈതാനത്തു ചെയ്യുന്നതും അവർ യുദ്ധമുഖത്തു ചെയ്യുന്നതും ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. പക്ഷേ രണ്ടും താരതമ്യം ചെയ്യാൻ സാധിക്കില്ല. എന്റെ നേട്ടം സൈന്യത്തിനു സമർപ്പിക്കുകയാണ്.’’– ധ്രുവ് ജുറേൽ വ്യക്തമാക്കി.
അരങ്ങേറ്റ മത്സരം കളിക്കുന്ന ഖാരി പിയേഴ്സിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ് ക്യാച്ചെടുത്താണ് ധ്രുവ് ജുറേല്‍ പുറത്താകുന്നത്. രാഹുൽ (100), ജുറേൽ (125), ജഡേജ (104 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചറിക്കരുത്തിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ 5ന് 448 എന്ന നിലയിലാണ് ടീം ഇന്ത്യ. 9 റൺസുമായി വാഷിങ്ടൻ സുന്ദറാണ് ജഡേജയ്ക്കൊപ്പം ക്രീസിൽ. ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കിപ്പോൾ 286 റൺസ് ലീഡുണ്ട്. സ്കോർ: വെസ്റ്റിൻഡീസ്– ഒന്നാം ഇന്നിങ്സ് 162, ഇന്ത്യ– ഒന്നാം ഇന്നിങ്സ് 5ന് 448.
English Summary:








English (US) ·