ഇന്ത്യന്‍ യുവനിരയുടെ ഇംഗ്ലണ്ടിലെ ആദ്യ പരീക്ഷണം ജൂണ്‍ 20ന് ഹെഡിങ്ലിയില്‍ തുടങ്ങുകയാണ്. കരുത്തന്‍മാരുടെ അസാന്നിദ്ധ്യവും പരിചയക്കുറവുള്ള യുവതാരങ്ങളുടെ ആധിക്യവും പരമ്പരയുടെ ആരംഭത്തിനു മുന്‍പ് തന്നെ ചര്‍ച്ചയായിട്ടുണ്ടെങ്കിലും ഭാവിയെ മുന്‍നിര്‍ത്തി പുതിയ ടീമിനെ വാര്‍ത്തെടുക്കല്‍ ലക്ഷ്യമിട്ട ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും കോച്ച് ഗൗതം ഗംഭീറും യുവനിരയുടെ പ്രതിഭയിലും പ്രതിബദ്ധതയിലും പൂര്‍ണമായി വിശ്വാസമര്‍പ്പിച്ചുകൊണ്ടാണ് ടീമിനെ തയാറാക്കിയിട്ടുള്ളത്.
ഇംഗ്ലണ്ട് പര്യടനം എക്കാലവും വലിയ വെല്ലുവിളികളാണ് ഇന്ത്യയ്ക്കു മുന്നില്‍ ഉയര്‍ത്തിയിട്ടുള്ളത്. പിച്ചുകളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മുട്ടിനു മീതെ പന്തു പൊങ്ങാന്‍ പ്രയാസമുള്ള വിക്കറ്റുകളില്‍ കളിച്ചു പരിചയമുള്ള ഇന്ത്യക്കാര്‍ പന്ത് നന്നായി സ്വിങ് ചെയ്യുകയും ബൗണ്‍സ് ചെയ്യുകയും ചെയ്യുന്ന ഇംഗ്ലീഷ് പിച്ചുകളില്‍ എത്തുമ്പോള്‍ ബാറ്റും പന്തും തമ്മിലുള്ള അകലം മനസിലാക്കാന്‍ കഴിയാതെ വെള്ളം കുടിക്കുന്നതു പതിവാണ്. മികച്ച ബാറ്റര്‍മാരായ സുനില്‍ ഗാവസ്‌കറും വിരാട് കോലിയും വരെ അവരുടെ കരിയറിലെ ചില സന്ദര്‍ഭങ്ങളില്‍ ഇംഗ്ലണ്ടില്‍ ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്.
1996-ല്‍ അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമും നേരിട്ടത് സമാനമായ സാഹചര്യമായിരുന്നു. പരമ്പര പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ മധ്യനിര സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നീ യുവതാരങ്ങളുടെ വരവറിയിച്ചു കൊണ്ടാണ് അത്തവണ ഇംഗ്ലണ്ടില്‍നിന്നു മടങ്ങിവന്നത്. രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും അപ്രതീക്ഷിതമായ വിരമിക്കല്‍ ഇന്ത്യന്‍ ബാറ്റിങ്ങിനെ കടലാസിലെങ്കിലും ഒന്നു ദുര്‍ബലമാക്കിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനങ്ങളുമായി ടീമിലേക്ക് കടന്നുവന്നിരിക്കുന്ന സായ് സുദര്‍ശനും കരുണ്‍ നായരും ഇംഗ്ലണ്ടിലെ സീമിങ് സാഹചര്യങ്ങളിലും ആ ഫോം തുടരുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.
ബാറ്റിങ്ങിലും ബോളിങ്ങിലുമെല്ലാം ഓരോ സന്ദിഗ്ധഘട്ടങ്ങളില്‍ പല താരങ്ങളും പിറവി കൊണ്ടിട്ടുണ്ടെങ്കിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച, ഒരുപക്ഷേ ലോകക്രിക്കറ്റിലെത്തന്നെ മികച്ച ഓള്‍റൗണ്ടര്‍ ആയിരുന്ന കപില്‍ദേവിന്റെ അഭാവം 1990-ന് ശേഷമുള്ള ഓരോ ഇംഗ്ലണ്ട് പര്യടനത്തിലും ഇന്ത്യ നേരിടുന്നുണ്ട്. അടുത്ത കപില്‍ദേവ് എന്ന് പലരെയും വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റൊരു കപില്‍ദേവ് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ചില്ല. റോബിന്‍ സിങ്, മനോജ് പ്രഭാകര്‍, ഇര്‍ഫാന്‍ പഠാന്‍ അടക്കം പലരും വന്നുപോയി. ഒടുവില്‍ ഹാര്‍ദിക് പാണ്ഡ്യ വരെ. കുപ്പായം പാകമാകാതെ വെറും 'ബിറ്റ്സ് ആന്‍ഡ് പീസസ്' കളിക്കാരായി, അനുകര്‍ത്താക്കള്‍ പോലുമാവാതെ, അവരെല്ലാം കളിക്കളത്തില്‍ കപിലിന്റെ നിഴലുകള്‍ മാത്രമായി.
മൂന്ന് ഇംഗ്ലണ്ട് പര്യടനങ്ങളില്‍ (1982, 1986, 1990) കപില്‍ദേവ് തുടര്‍ച്ചയായി തന്റെ സാന്നിധ്യവും പ്രാമാണ്യവും പ്രകടമാക്കിയെങ്കിലും, അപരാഹ്ന സൂര്യനെപ്പോലെ കത്തിജ്വലിച്ചത് 1982-ലെ പര്യടനത്തില്‍ ആയിരുന്നു. ഇംഗ്ലണ്ടിലെ ഒരു ഓള്‍റൗണ്ടറുടെ ഏറ്റവും മികച്ച പ്രകടനമായി അതു വിലയിരുത്തപ്പെടുന്നു. നാല് പതിറ്റാണ്ടുകള്‍ക്കു ശേഷവും തത്തുല്യമായ ഒരു പ്രകടനം കാഴ്ചവെയ്ക്കാന്‍ മറ്റൊരു താരത്തിനും കഴിഞ്ഞിട്ടില്ല. ഗാവസ്‌കര്‍, വിശ്വനാഥ്, വെങ്സാര്‍ക്കര്‍ എന്നീ താരങ്ങള്‍ ഉണ്ടായിരുന്നിട്ടും പരമ്പരയില്‍ മുന്‍തൂക്കം ക്രിക്കറ്റ് പണ്ഡിതര്‍ നല്‍കിയത് ഇംഗ്ലണ്ടിനായിരുന്നു. ഇയാന്‍ ബോതവും കപില്‍ദേവും തമ്മിലുള്ള ഒരു പോരാട്ടം കൂടിയായാണ് ആ പരമ്പര വിശേഷിപ്പിക്കപ്പെട്ടത്. ബോതം ഒരു സെഞ്ചുറിയും (രണ്ടാം ടെസ്റ്റ് - ഓള്‍ഡ്ട്രാഫോര്‍ഡ്) ഒരു ഇരട്ട സെഞ്ചുറിയും (മൂന്നാം ടെസ്റ്റ് - ഓവല്‍) നേടിയെങ്കിലും ഒരു സെഞ്ചുറി പോലും നേടാതിരുന്ന കപില്‍ദേവ് പരമ്പരയിലെ താരമായി.
നാലു പതിറ്റാണ്ടുകള്‍ക്കിപ്പുറം കളിക്കണക്കുകള്‍ പരിശോധിക്കുന്നവര്‍ കാണുന്നത് വെറും അക്കങ്ങളായിരിക്കും. പക്ഷേ, 1982-ലെ പരമ്പരയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് (സാങ്കേതികവിദ്യ ഇത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത കാലത്തെ റെക്കോഡിങ്ങുകളാണ്) നവയുവാവായ കപില്‍ദേവിന്റെ കൂസലില്ലായ്മ ഇന്ത്യയുടെ മറ്റു കളിക്കാരില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത് പ്രകടമായിത്തന്നെ കാണാനാവും. ലോഡ്സിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഏഴുവിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 433 റണ്‍സിനെതിരെ ബാറ്റ് ചെയ്ത ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് വെറും 128 റണ്‍സില്‍ അവസാനിച്ചു. ഗാവസ്‌കര്‍ (48) ഒഴികെയുള്ള മറ്റു ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടുവെങ്കിലും കപില്‍ദേവ് കൂട്ടത്തകര്‍ച്ചയ്ക്കു നടുവില്‍ 41 റണ്‍സടിച്ച് വരാനുള്ള വിപത്തിനെക്കുറിച്ച് ഇംഗ്ലണ്ടിന് വ്യക്തമായ സൂചന നല്‍കി. 305 റണ്‍സ് പിറകിലായി ഫോളോ ഓണ്‍ ചെയ്ത ഇന്ത്യയ്ക്കുവേണ്ടി പോരാട്ടം നയിച്ചത് സെഞ്ചുറി നേടിയ ദിലീപ് വെങ്സാര്‍ക്കര്‍ (157) ആയിരുന്നു.
പക്ഷേ, കളിക്കാരും കാണികളും കളിയെഴുത്തുകാരും ഒരുപോലെ ഞെട്ടിയത് കപില്‍ദേവിന്റെ നിര്‍ദയമായ ബാറ്റിങ് കണ്ടിട്ടായിരുന്നു. ടി20-ക്കും മുന്‍പുള്ള ക്രിക്കറ്റിനെക്കുറിച്ചാണ് പറയുന്നത്. ഏകദിനത്തില്‍ പോലും 50 ഓവറില്‍ 200 റണ്‍സ് വിജയസാധ്യതയുള്ള ടോട്ടല്‍ ആയിരുന്ന കാലം. കലിപൂണ്ട കപില്‍ ഇംഗ്ലണ്ട് ബോളര്‍മാരെ ലോഡ്സിലെ പുല്‍മൈതാനിയില്‍ തലങ്ങും വിലങ്ങും അടിച്ചോടിച്ചു. ഇടയ്ക്ക് കാണികളുടെ ഇടയിലേക്ക് ഉയര്‍ത്തിയും അടിച്ചു. വെറും 55 പന്തില്‍ നിന്ന് 89 റണ്‍സുമായി അവസാന ഇന്ത്യക്കാരനായി കപില്‍ മടങ്ങുമ്പോള്‍ ഇന്ത്യ ഇന്നിങ്സ് പരാജയം ഒഴിവാക്കിയിരുന്നു. പാഡഴിക്കാന്‍ പവലിയനില്‍ തിരിച്ചുകയറിയ കപില്‍ പന്തുമായി തിരിച്ചുവന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ മൂന്നുവിക്കറ്റുകള്‍ക്കൂടി വീഴ്ത്തി. മത്സരം ഇന്ത്യ തോറ്റെങ്കിലും കപില്‍ മാന്‍ ഓഫ് ദ് മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
അടുത്ത ടെസ്റ്റില്‍ ബോതം ഇംഗ്ലണ്ടിനു വേണ്ടിയും സന്ദീപ് പാട്ടീല്‍ ഇന്ത്യയ്ക്കു വേണ്ടിയും സെഞ്ചുറി നേടി. ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ഇത്തവണയും കപില്‍ദേവ് ഇംഗ്ലണ്ട് ബോളര്‍മാരോട് കാരുണ്യം കാണിച്ചില്ല. ഏകദിനത്തില്‍ പോലും ഒരു പന്തില്‍ ഒരു റണ്‍ എന്നത് കേട്ടുകേള്‍വി മാത്രമായിരുന്ന കാലത്ത് വീണ്ടും 55 പന്ത് നേരിട്ട കപില്‍ 65 റണ്‍സ് നേടി ബൗളര്‍മാരുടെ മേലുള്ള ആധിപത്യം വിളിച്ചോതി. ഒരു ദിവസത്തിലേറെ മഴ കൊണ്ടുപോയതോടെ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ഓവലില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ബോതം ഇരട്ട സെഞ്ചുറി നേടി ഇംഗ്ലണ്ട് പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിച്ചു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ ആയ 594 റണ്‍സിനെതിരെ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കു വേണ്ടി കപില്‍ദേവ് വീണ്ടും പട നയിച്ചു. ഇംഗ്ലണ്ട് ബാറ്റ് ചെയ്യുമ്പോള്‍ കപില്‍ ദേവിന്റെ ബോളിങ്ങില്‍ ക്രീസില്‍ നിന്നു പുറത്തേക്ക് ചാടിയിറങ്ങി സിക്സര്‍ നേടി ബോതം കാണികളെ ത്രസിപ്പിച്ചിരുന്നു. ഇന്ത്യയുടെ ചേസിങ്ങില്‍ കപില്‍ അതേ നാണയത്തില്‍ ബോതത്തെ സൈറ്റ് സ്‌ക്രീനിനു മുകളിലൂടെ പറത്തിവിട്ടു പക വീട്ടി. പരമ്പരയുടെ തുടക്കം മുതല്‍ പന്തുകളെ ലീവ് ചെയ്ത് കളിക്കാന്‍ മടിച്ച കപില്‍ദേവ് ഓവലിലും ഇംഗ്ലണ്ട് ബോളിങ്ങിനെ അടിച്ചുനിരത്തി. സെഞ്ചുറിയുടെ പടിവാതില്‍ക്കല്‍ 93 പന്തില്‍ നിന്ന് 97 റണ്‍സുമായി പുറത്താവുമ്പോഴും സെഞ്ചുറി നഷ്ടമായ നിരാശ ആയിരുന്നില്ല, പരമ്പരയിലുടനീളം പുലര്‍ത്തിയ കൂസലില്ലായ്മ ആയിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്. ഇന്ത്യ പരമ്പര 1-0 ത്തിന് തോറ്റെങ്കിലും കപില്‍ദേവ് പരമ്പരയിലെ താരമായി.
1986-ല്‍ ഇംഗ്ലണ്ടിലേക്ക് കപില്‍ എത്തിയത് ക്യാപ്റ്റനായിട്ടായിരുന്നു. മൂന്ന് ടെസ്റ്റ് പരമ്പര ഇന്ത്യ 2-0 ത്തിന് ജയിച്ചു. ആദ്യ ടെസ്റ്റില്‍ കപില്‍ തന്നെയായിരുന്നു മാന്‍ ഓഫ് ദ് മാച്ച്. മറ്റുള്ളവര്‍ റണ്‍സ് നേടാന്‍ വിഷമിച്ച പിച്ചില്‍ ഇന്ത്യ ദുര്‍ഘട ഘട്ടത്തില്‍ ചെയ്സ് ചെയ്യുമ്പോള്‍ വെറും 10 പന്തില്‍ നിന്ന് 23 റണ്‍സ് (നാല് ഫോര്‍, ഒരു സിക്സര്‍) നേടി കപില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. 1990-ലും കപില്‍ ദേവ് ഇംഗ്ലണ്ടിലെത്തി, അസ്ഹറുദ്ദീന്റെ ക്യാപറ്റന്‍സിയില്‍. ആദ്യ ടെസ്റ്റില്‍ ഫോളോ ഓണ്‍ ഒഴിവാക്കാനായി എഡ്ഡി ഹെമ്മിങ്സിനെതിരെ നേടിയ തുടര്‍ച്ചയായ നാലു സിക്സറുകള്‍ ഇന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ ആവര്‍ത്തിച്ചു പാടുന്ന ക്രിക്കറ്റ് ഗാഥകളില്‍ ഒന്നാണ്. ആ പരമ്പരയിലെ അവസാന ടെസ്റ്റില്‍ സെഞ്ചുറിയും നേടി കപില്‍ദേവ് ഇംഗ്ലണ്ടിലെ തന്റെ ഇതിഹാസകഥകള്‍ക്ക് വിരാമമിട്ടു. തുടര്‍ച്ചയായി മൂന്നു പരമ്പരകളില്‍ ഇന്ത്യന്‍ ബോളിങ്ങിനെ ചുമലിലേറ്റി, തകരുന്ന മധ്യനിരയില്‍ തലയുയര്‍ത്തി നിന്ന് പോരാടിയ വീരന്‍ ഇന്ന് ക്രിക്കറ്റ് കാണാന്‍ പോലും മിനക്കെടാറില്ലെന്ന് ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞുകേട്ടു. ഗോള്‍ഫാണ്രേത ഇപ്പോള്‍ കപിലിന്റെ ഇഷ്ടവിനോദം.
വിരാട് കോലിയും രോഹിത്തും ഇറങ്ങിപ്പോയ സ്ഥാനങ്ങളിലേക്ക് യശസ്വി ജയ്സ്വാള്‍മാരും ശുഭ്മാന്‍ ഗില്ലുമാരും കടന്നുവരാന്‍ തയാറെടുക്കുന്നു. കെ.എല്‍. രാഹുല്‍ അടക്കമുള്ള താരങ്ങളും കൂടെയുണ്ട്. ഇനിയും പരീക്ഷിക്കപ്പെടാത്ത സായ് സുദര്‍ശനും അഭിമന്യു ഈശ്വരനുമുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ടീമിലേക്ക് തിരിച്ചുവിളി കിട്ടിയ കരുണ്‍ നായരുടെ പ്രകടനം മലയാളികള്‍ ഉറ്റുനോക്കുന്നു. പക്ഷേ, മൂന്നു പതിറ്റാണ്ട് മുന്‍പ് കളിയവസാനിപ്പിച്ച കൂസലില്ലായ്മയ്ക്ക് പകരംവെയ്ക്കാന്‍ മറ്റൊരു താരം ഇനിയെന്നു വരും?
Content Highlights: amerind champion each rounder kapil dev successful trial cricket








English (US) ·