Published: December 20, 2025 12:43 PM IST
1 minute Read
-
സൂപ്പർ ലീഗ് കേരള ഫൈനൽ: കണ്ണൂർ വോറിയേഴ്സ് –1, തൃശൂർ മാജിക് എഫ്സി –0
കണ്ണൂർ ∙ സൂപ്പർ ലീഗ് കേരള ഫുട്ബോൾ ഫൈനലിൽ കണ്ണൂർ വോറിയേഴ്സ് എഫ്സിയുടെ വടക്കൻ വീരഗാഥ. തൃശൂർ മാജിക് എഫ്സിയെ 1–0നു തോൽപിച്ച് കണ്ണൂർ കന്നിക്കിരീടം പിടിച്ചു. 18-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ അസിയർ ഗോമസ് കണ്ണൂരിന്റെ വിജയഗോൾ നേടി. കപ്പ് കൊതിച്ചെത്തിയ തൃശൂർ മാജിക് എഫ്സിയുടെ മോഹക്കപ്പൽ കണ്ണൂരിന്റെ പ്രതിരോധത്തിട്ടയിൽ ഇടിച്ചു മുങ്ങി. ആദ്യ പകുതിയിലെ അധിക സമയത്തു സച്ചിൻ സുനിൽ ചുവപ്പു കാർഡ് കണ്ടു പുറത്തായതോടെ പത്തു പേരായി ചുരുങ്ങിയിട്ടും രണ്ടാം പകുതി മുഴുവൻ തൃശൂരിനെ ഗോൾ മടക്കാൻ അനുവദിക്കാതെ പിടിച്ചുകെട്ടിയിട്ടാണു കണ്ണൂർ കിരീടം സ്വന്തമാക്കിയത്.
അങ്കത്തട്ട് കണ്ണൂരിന്റേതാണെങ്കിലും ആദ്യം ആയുധമെടുത്തതു തൃശൂർ. കിക്കോഫിൽ നിന്നു ലഭിച്ച പന്തുമായി കണ്ണൂരിന്റെ ബോക്സിലേക്കു പാഞ്ഞുകയറിയ മാർക്കസ് ജോസഫ് ഗോൾകീപ്പർ അൽക്കേഷ് രാജിന് അരികിലെത്തി ഷൂട്ട് ചെയ്തു. പന്തു പുറത്തേക്കു പോയ ശേഷമാണു കണ്ണൂരിനു ശ്വാസം അകത്തേക്കു കയറിയത്. മുന്നറിയിപ്പു മനസ്സിലാക്കി കണ്ണൂർ തന്ത്രം തിരിച്ചുവച്ചു. ലാ ലിഗയിലെ അനുഭവസമ്പത്തുമായി അസിയർ ഗോമസ് തൃശൂരിന്റെ ബോക്സിലേക്കു പടനയിച്ചു. മൂന്നാം മിനിറ്റിൽ തന്നെ അവർക്ക് ആദ്യ ഗോളവസരം. 11–ാം മിനിറ്റിൽ ഓവർഹെഡ് ലോങ് ബോൾ നവീൻ കൃഷ്ണ മാർക്കസിനു മറിച്ചു. ബോക്സിനരികിലേക്ക് ഓടിയെത്തി മാർക്കസ് തൊടുത്ത ഷോട്ട് ഗോൾകീപ്പർ പിടിച്ച് കണ്ണൂരിനെ രക്ഷിച്ചു. 16–ാം മിനിറ്റിലായിരുന്നു കളിയിലെ വഴിത്തിരിവ്. തൃശൂരിന്റെ ബോക്സിൽ പെനൽറ്റി ഏരിയയ്ക്കു മുന്നിലെ കൂട്ടപ്പൊരിച്ചിലിനിടെ ഗോൾകീപ്പർ കമാലുദ്ദീനെ നിഷ്പ്രഭനാക്കി അസിയർ ഗോമസിന്റെ ഹെഡർ. രക്ഷകനായി ഓടിയെത്തിയ തേജസ് കൃഷ്ണ തട്ടിയകറ്റുമ്പോൾ പന്തു കയ്യിൽത്തട്ടി. ഹാൻഡ്ബോൾ വിളിച്ചു കണ്ണൂർ താരങ്ങൾ ബഹളമുയർത്തി. ഒന്നര മിനിറ്റോളം നീണ്ട ആശയക്കുഴപ്പങ്ങൾക്കിടെ റഫറി പെനൽറ്റി വിധിച്ചു. കിക്കെടുത്തതു ഗോമസ് തന്നെ. ഗോമസിന്റെ പനേങ്ക കിക്ക് കമാലുദ്ദീനെ കീഴടക്കി വലയുടെ നടുവിൽ. 18–ാം മിനിറ്റിൽ കണ്ണൂർ 1–0നു മുന്നിൽ.
അപ്രതീക്ഷിത അടിയിൽ തൃശൂർ പതറിപ്പോയി. തുടർച്ചയായ അവസരങ്ങളുടെ പെരുമഴ കണ്ണൂരിനുമുന്നിൽ പെയ്യുന്നതാണു പിന്നീടു കണ്ടത്. ഇതിനിടെ സച്ചിൻ സുനിലും മനോജ് കണ്ണൻ സ്വാമിയും മഞ്ഞക്കാർഡുകൾ കണ്ടു. ആദ്യപകുതി തീരാനൊരുങ്ങവേ കെവിൻ പടിയ്യയെ അലസമായി വീഴ്ത്തിയ സച്ചിൻ സുനിലിനു രണ്ടാം മഞ്ഞക്കാർഡും മാർച്ചിങ് ഓർഡറും. സച്ചിൻ ചുവപ്പു കാർഡ് കണ്ടു പുറത്തായതോടെ കാൽലക്ഷത്തിലേറെ കാണികൾ നിറഞ്ഞ ഗാലറി നിശ്ശബ്ദം. ഏകപക്ഷീയമായി മുന്നേറിയ കണ്ണൂർ കളി കളഞ്ഞുകുളിച്ച മട്ടായി.
പത്തുപേരായി ചുരുങ്ങിയ ആതിഥേയരെ അനായാസം കീഴടക്കാമെന്നു കരുതിയാണു രണ്ടാം പകുതിയിൽ തൃശൂർ ഇറങ്ങിയതെങ്കിലും പ്രതീക്ഷ തെറ്റി. കണ്ണൂരിന്റെ മുഴുവൻ താരങ്ങളും പ്രതിരോധ ചുമതല ഏറ്റെടുത്തു. 70–ാം മിനിറ്റിൽ തൃശൂരിനു വേണ്ടി കെവിൻ പടിയ്യയെടുത്ത ഫ്രീകിക്ക് ക്യാപ്റ്റൻ മെയിൽസൺ ആൽവസ് ഹെഡ് ചെയ്തു വലയിലാക്കിയെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. കളി കൂടുതൽ പരുക്കനായി. സൈഡ് ലൈനിനു പുറത്തെ തർക്കത്തിന്റെ പേരിൽ കണ്ണൂരിന്റെ പരിശീലകൻ സാഞ്ചസിനും തൃശൂരിന്റെ സപ്പോർട്ടിങ് സ്റ്റാഫിനും റെഡ് കാർഡ് കിട്ടി.
90+1 മിനിറ്റിൽ കോർണർ കിക്കിൽ നിന്നു ലഭിച്ച അവസരവും തൃശൂരിനു മുതലാക്കാനായില്ല. സീസണിൽ ഒരുവട്ടം പോലും ഹോം ഗ്രൗണ്ടിൽ ജയിക്കാൻ കഴിയാതിരുന്ന കണ്ണൂർ അവസാന മത്സരത്തിൽ ആരാധകർക്കു മടക്കിനൽകിയതു സൂപ്പർലീഗിലെ കന്നിക്കിരീടം.
English Summary:









English (US) ·