Published: December 13, 2025 07:41 AM IST Updated: December 13, 2025 08:41 AM IST
1 minute Read
-
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ലിവർപൂൾ താരം കോഡി ഗാക്പോ സംസാരിക്കുന്നു
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ തിരിച്ചടികളിൽ പകച്ചുനിൽക്കുകയാണ് നിലവിലെ ചാംപ്യന്മാരായ ലിവർപൂൾ. കോച്ച് അർനെ സ്ലോട്ടും സൂപ്പർ താരം മുഹമ്മദ് സലായുമായുള്ള പ്രശ്നം വേറെ. ആരാധകരുടെ ആശങ്കകൾക്ക് ഉത്തരം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണു ക്ലബ് മാനേജ്മെന്റ്. ലിവർപൂളിന്റെ വർത്തമാനവും ഭാവിയുമെന്താണ്? ജിയോ ഹോട്സ്റ്റാർ ഒരുക്കിയ വെർച്വൽ അഭിമുഖത്തിൽ ലിവർപൂളിന്റെ ഡച്ച് താരം കോഡി ഗാക്പോ ‘മനോരമ’യുമായി സംസാരിക്കുന്നു:
Q പ്രിമിയർ ലീഗിൽ 15 മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ ലിവർപൂൾ 10–ാം സ്ഥാനത്താണ്. കപ്പ് നേടുമെന്ന പ്രതീക്ഷ എത്രത്തോളം ?
A നിലവിൽ കിരീടത്തെപ്പറ്റി ചിന്തിക്കുന്നില്ല. അടുത്ത ഒരു മത്സരം, അതിൽ വിജയം എന്ന ചിന്ത മാത്രമാണ് എല്ലാവർക്കുമുള്ളത്. പ്രയാസമേറിയ സാഹചര്യമാണ് നിലവിൽ. പതിയെ വിജയങ്ങളിലേക്കു ടീം എത്തുമെന്നാണ് പ്രതീക്ഷ. ഇനിയുള്ള മത്സരങ്ങൾ വിജയിച്ചാൽ ഉറപ്പായും കപ്പ് ലിവർപൂളിനു നേടാം. മുൻ സീസണുകളെക്കാൾ കടുപ്പമാണ് ഇത്തവണ. ആദ്യ 4 സ്ഥാനക്കാർ കിരീട പ്രതീക്ഷയുള്ളവരാണ്. ആർസനലിന് കൂടുതൽ സാധ്യതയുണ്ട‌്.
Q അലക്സാണ്ടർ ഇസാക്ക്, ഹ്യൂഗോ എകിറ്റികെ എന്നിവർ ടീമിലെത്തിയതോടെ മുന്നേറ്റ നിരയിൽ വന്ന മാറ്റം ? ഗാക്പോയുടെ നിലവിലെ റോൾ എന്താണ്?
Aഏത് ടീമിന്റെ പ്രതിരോധത്തെയും തകർക്കാവുന്ന മുന്നേറ്റ നിരയാണ് ലിവർപൂളിന്റേത്. ഇസാക്ക്, എകിറ്റികെ എന്നിവർ എത്തിയതോടെ ക്ലബ്ബിന് വലിയ മാറ്റങ്ങൾ വന്നു. അവരുടെ സ്കിൽ ഗുണം ചെയ്യുന്നുണ്ട്. മധ്യനിരയിൽ കളിക്കാറുണ്ടെങ്കിലും ഞാൻ ലെഫ്റ്റ് വിങ്ങറാണ്. മുന്നേറ്റ നിരയ്ക്ക് പന്തെത്തിക്കുകയാണ് ഇപ്പോൾ പ്രധാന ഉത്തരവാദിത്തം. കൂടുതൽ അസിസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നു.
Q യൂർഗൻ ക്ലോപ്പുമായി ഇപ്പോഴത്തെ കോച്ച് അർനെ സ്‌ലോട്ടിനെ താരതമ്യം ചെയ്താൽ...?
Aരണ്ടുപേരും രണ്ടു തരക്കാരാണ്. ക്ലോപ്പാണ് എന്നെ ലിവർപൂളിലെത്തിച്ചത്. തുടക്കത്തിൽ ടീമിൽ സ്ഥിരം ഇടം ലഭിച്ചില്ലെങ്കിലും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിങ്ങർ എന്ന സ്ഥാനം ഉറപ്പിച്ചു. തകർന്നുനിന്ന ടീമിനെ ക്ലോപ് പതിയെ ചാംപ്യൻ ടീമാക്കി മാറ്റി.
എതിർ ടീമിനെ പഠിച്ചതിനു ശേഷമാണ് സ്‌ലോട്ട് പദ്ധതിയിടുന്നത്. അപകടകാരികളായി കളിക്കാനാണ് അദ്ദേഹം പ്രധാനമായി നൽകുന്ന നിർദേശം.
English Summary:









English (US) ·