Published: October 02, 2025 03:52 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പ് വിജയികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ട്രോഫി സമ്മാനിക്കാതിരുന്ന സംഭവത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയര്‍മാനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്സിന്‍ നഖ്‍വി ഒറ്റപ്പെടുന്നു. ഫൈനൽ മത്സരത്തിനു ശേഷം ട്രോഫിയുമായി സ്റ്റേഡിയം വിട്ട നഖ്‍വിക്ക്, ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ വാർഷിക യോഗത്തില്‍ വലിയ വിമർശനമാണു നേരിടേണ്ടിവന്നത്. ബിസിസിഐ പ്രതിനിധികൾക്കു പുറമേ, മറ്റ് ഏഷ്യൻ രാജ്യങ്ങളുടെ അംഗങ്ങളും നഖ്‍വിയ്ക്കെതിരെ രംഗത്തെത്തി.
നഖ്‍വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ടീം നിലപാടെടുത്തതിനു പിന്നാലെയാണ് ട്രോഫിയുമായി എസിസി ചെയർമാൻ സ്റ്റേഡിയം വിട്ടത്. നഖ്‍വി തന്നെ ട്രോഫി എമിറേറ്റ്സ് ക്രിക്കറ്റ് അസോസിയേഷനു കൈമാറുകയും ചെയ്തു. സംഭവത്തിൽ ഇന്ത്യയോടു ഖേദം പ്രകടിപ്പിക്കാനും പാക്കിസ്ഥാൻ മന്ത്രി തയാറായിരുന്നില്ല. എസിസി യോഗത്തിൽ ശ്രീലങ്ക, മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലെ പ്രതിനിധികൾ ഇന്ത്യയ്ക്കാണ് പൂർണ പിന്തുണ പ്രഖ്യാപിച്ചത്. മറ്റു രാജ്യങ്ങളും നഖ്‍വിയ്ക്കൊപ്പം നിന്നില്ല. ഇതോടെയാണ് എസിസി തലവൻ പ്രതിരോധത്തിലായത്. ട്രോഫി വേണമെങ്കില്‍ എസിസി ഓഫിസിലെത്തി ഇന്ത്യൻ ടീം നേരിട്ട് തന്റെ കയ്യിൽനിന്ന് വാങ്ങണമെന്ന കടുംപിടിത്തത്തിലാണ് മൊഹ്‍സിൻ നഖ്‍വി.
നഖ്‍വിയുടെ ആവശ്യത്തോട് ബിസിസിഐ വഴങ്ങില്ലെന്നിരിക്കെ ട്രോഫി തർക്കം നീളാനാണു സാധ്യത. ബിസിസിഐയ്ക്കു വേണ്ടി യോഗത്തിൽ പങ്കെടുത്ത ആശിഷ് ഷെലാറും രാജീവ് ശുക്ലയും രൂക്ഷഭാഷയിലാണ് നഖ്‍വിയെ വിമർശിച്ചത്. ട്രോഫി ഇന്ത്യയ്ക്കു നൽകാമെന്ന് നഖ്‍വി പറഞ്ഞെങ്കിലും അത് എങ്ങനെ കൈമാറുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇന്ത്യയ്ക്ക് അവകാശപ്പെട്ട ട്രോഫി ലഭിച്ചില്ലെങ്കിൽ ഐസിസിയിൽ അടക്കം ചർച്ചയാക്കാനാണ് ബിസിസിഐയുടെ തീരുമാനം.
English Summary:








English (US) ·