കോഴിക്കോട് ∙ സുബ്രതോ കപ്പ് ഫുട്ബോൾ ജേതാക്കളായി ചരിത്രം തിരുത്തിക്കുറിച്ച ഫാറൂഖ് എച്ച്എസ്എസ് ടീം നാട്ടിൽ മടങ്ങിയെത്തി. ഇന്നലെ രാത്രി പത്തരയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ടീമിനു ഗംഭീര സ്വീകരണമാണു നൽകിയത്. ടീമംഗങ്ങളെ സ്വീകരിക്കാൻ ഗോകുലം കേരള എഫ്സിയുടെ ആരാധകർ പ്രത്യേക ബസുമായി എത്തിയിരുന്നു.
രാമനാട്ടുകര നഗരസഭാധ്യക്ഷ വി.എം.പുഷ്പ, ഫറോക്ക് എഇഒ കെ.ജീജ, സ്കൂൾ പ്രിൻസിപ്പൽ അഷ്റഫ് പാണാലി, പ്രധാനാധ്യാപകൻ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതരും എത്തിയിരുന്നു.
സുബ്രതോ കപ്പ് ടൂർണമെന്റിലുടനീളം 10 ഗോളുകൾ നേടിയ കേരള ടീം ആകെ വഴങ്ങിയത് 2 ഗോളുകൾ മാത്രമാണ്. ടീമിന്റെ പ്രതിരോധ മികവിനു കരുത്തായത് ഗോകുലം കേരള എഫ്സിയുടെ പോരാട്ട മികവാണ്. ദേശീയതലത്തിൽ കിരീടം ലക്ഷ്യമിട്ടുതന്നെയാണ് ഇത്തവണ ഗോകുലം ഫാറൂഖ് എച്ച്എസ്എസുമായി കൈകോർത്തത്.
മുഖ്യപരിശീലകൻ വി.പി.സുനീറിനൊപ്പം ഗോൾ കീപ്പിങ് കോച്ച് മനോജ് കുമാറിന്റെ പരിശീലനമികവാണ് പ്രതിരോധത്തിൽ കരുത്തായത്. ടീം ഫിസിയോ നോയൽ സജോ, ടീം മാനേജർ അഭിനവ്, ഷജീർ അലി, പി.എ.ജലീൽ എന്നിവരാണ് ഗോകുലത്തിന്റെ ടീം സ്റ്റാഫുകൾ.
ഫാറൂഖ് സ്കൂളിലൂടെ ഗോകുലം കേരളയിലേക്ക് എത്തിച്ചേർന്ന സുബ്രതോ കപ്പ് ഗോകുലത്തിന്റെ ഷെൽഫിലെ പത്താമത്തെ ദേശീയ കിരീടമാണ്. 2020–21, 2021–22 സീസണുകളിൽ ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള 2019, 2022, 2023 സീസണുകളിൽ ഇന്ത്യൻ വനിതാ ലീഗ് കിരീടവും സ്വന്തമാക്കി. 2019ൽ ഡ്യൂറാന്‍ഡ് കപ്പ് നേടി. 2024ൽ കശ്മീരിൽ ക്ലൈമറ്റ് കപ്പും സ്വന്തമാക്കി. 2019ൽ ഇൻഡിപെൻഡൻസ് ഡേ കപ്പും ബോഡുസ കപ്പും സ്വന്തമാക്കിയ ഗോകുലത്തിന്റെ പത്താമത്തെ ദേശീയ നേട്ടമാണ് സുബ്രതോ കപ്പ്.
ജേതാക്കൾക്ക് മനോരമയുടെ സ്നേഹസമ്മാനംകോഴിക്കോട്∙ ചരിത്രത്തിലാദ്യമായി സുബ്രതോ കപ്പ് നേടിയ കേരള ടീമംഗങ്ങൾക്ക് മലയാള മനോരമയുടെ സ്നേഹസമ്മാനം ഇന്നു നൽകും. ഓരോ താരത്തിനും പതിനായിരം രൂപ വീതമാണ് സമ്മാനമായി നൽകുന്നത്. ടീമിന് ഇന്നു വൈകിട്ട് നാലരയ്ക്ക് ഫാറൂഖ് എച്ച്എസ്എസിൽ നൽകുന്ന സ്വീകരണച്ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് കാഷ് അവാർഡ് സമ്മാനിക്കും.
English Summary:








English (US) ·