കപ്പുമായി വരൂ...: ജയിച്ചാൽ ഓസീസ് മണ്ണിൽ ഇന്ത്യയ്ക്ക് പരമ്പര നേട്ടം; പ്രതീക്ഷ സ്പിൻ ത്രയത്തിൽ, ആശങ്ക ബാറ്റർമാരിൽ

2 months ago 3

മനോരമ ലേഖകൻ

Published: November 08, 2025 08:12 AM IST Updated: November 08, 2025 09:19 AM IST

1 minute Read

  • ഇന്ത്യ– ഓസ്ട്രേലിയ അഞ്ചാം ട്വന്റി20 ഇന്ന്

  • പരമ്പര വിജയം തേടി ഇന്ത്യ

ഇന്ത്യൻ ടീമംഗങ്ങൾ നാലാം ട്വന്റി20 മത്സരത്തിനിടെ.
ഇന്ത്യൻ ടീമംഗങ്ങൾ നാലാം ട്വന്റി20 മത്സരത്തിനിടെ.

ബ്രിസ്‌ബെയ്ൻ ∙ ട്വന്റി20യിൽ ലോകത്തെ എല്ലാ ഗ്രൗണ്ടും ഇന്ത്യയ്ക്ക് ‘ഹോം ഗ്രൗണ്ട്’ പോലെയാണ്. കഴിഞ്ഞവർഷം വെസ്റ്റിൻഡീസിലെ ബാർബഡോസിൽ ലോക കിരീടത്തോടെ തുടക്കമിട്ട ഇന്ത്യയുടെ ജൈത്രയാത്ര ഇപ്പോൾ എത്തിനിൽക്കുന്നത് ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ. 5 മത്സര ട്വന്റി20 പരമ്പരയിൽ അവസാന മത്സരം ഇന്നു നടക്കുമ്പോൾ ജയസാധ്യതകളിൽ മുൻതൂക്കം പരമ്പരയിൽ 2–1ന് മുന്നിലുള്ള ഇന്ത്യയ്ക്കാണ്.

ഇന്നത്തെ മത്സരം ജയിച്ചാൽ ഓസ്ട്രേലിയൻ മണ്ണിലെ പരമ്പര നേട്ടവുമായി ഇന്ത്യയ്ക്ക് നാട്ടിലേക്കു വിമാനം കയറാം. അടുത്തവർഷം സ്വന്തം നാട്ടിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കിരീടം നിലനിർത്താനൊരുങ്ങുന്ന ടീമിന്റെ ആത്മവിശ്വാസം വാനോളമുയർത്തുന്ന വിജയമാകുമത്. ഇന്ന് ഉച്ചകഴിഞ്ഞ് 1.45 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.

പേസർമാർക്ക് മികച്ച റെക്കോർഡുള്ള ബ്രിസ്ബെയ്നിലെ ഗാബയിലാണ് ഇന്നത്തെ മത്സരമെങ്കിലും ഇന്ത്യയുടെ പ്രതീക്ഷയും ഓസ്ട്രേലിയയുടെ പേടിസ്വപ്നവും ഒന്നാണ്; ഇന്ത്യൻ സ്പിൻ ത്രയം. ഗോൾഡ് കോസ്റ്റിൽ നടന്ന നാലാം ട്വന്റി20യിൽ അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, വരുൺ ചക്രവർത്തി എന്നിവർ ചേർന്നു നേടിയ 6 വിക്കറ്റുകളാണ് ഓസീസ് ബാറ്റിങ്ങിന്റെ പാളം തെറ്റിച്ചത്. കഴിഞ്ഞ  മത്സരത്തിൽ പന്തെറിഞ്ഞ 6 ഇന്ത്യൻ ബോളർമാരും വിക്കറ്റ് നേടുകയും ചെയ്തു. പേസ് ബോളർമാരായ ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങും ഒരുമിച്ചു കളിച്ച 12 ട്വന്റി20 മത്സരങ്ങളിലും തോറ്റിട്ടില്ലെന്ന റെക്കോർഡും ഇന്ത്യയ്ക്ക് ആവേശമേകും.

പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പിച്ചെങ്കിലും ഇന്ത്യൻ ബാറ്റർമാരുടെ ഇതുവരെയുള്ള പ്രകടനങ്ങൾ ആശാവഹമല്ല. അഭിഷേക് ശർമ നൽകുന്ന മിന്നൽ തുടക്കവും ഓൾറൗണ്ടർമാരുടെ ഒറ്റപ്പെട്ട പ്രകടനങ്ങളുമാണ് ഇതുവരെ ടീമിനെ മുന്നോട്ടുനയിച്ചത്. 0, 29, 5 എന്നിങ്ങനെയാണ് കഴിഞ്ഞ 3 മത്സരങ്ങളിൽ തിലക് വർമയുടെ സ്കോർ.

ട്വന്റി20യിൽ കഴിഞ്ഞ 18 ഇന്നിങ്സുകളിൽ ഒരു അർധ സെഞ്ചറി പോലും നേടാൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും കഴിഞ്ഞിട്ടില്ല. സഞ്ജു സാംസണിനു പകരം കഴിഞ്ഞ 2 മത്സരങ്ങളിൽ അവസരം ലഭിച്ചെങ്കിലും ഒരു ഇംപാക്ട് ഇന്നിങ്സ് കളിക്കാൻ ജിതേഷ് ശർമയ്ക്കുമായില്ല. ട്വന്റി20 ടീമിൽ സ്ഥാനം നിലനിർത്താൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അടക്കമുള്ളവർക്ക് ഇന്ന് ഒരു മികച്ച ഇന്നിങ്സ് അനിവാര്യമാണ്.

ഓസീസിന് തലവേദന

പേസ് ബോളിങ്ങിൽ ജോഷ് ഹെയ്‌സൽവുഡിന്റെയും ഓപ്പണിങ്ങിൽ ട്രാവിസ് ഹെഡിന്റെയും അഭാവം ഓസ്ട്രേലിയൻ ടീമിനെ നന്നായി അലട്ടുന്നുണ്ട്. പരമ്പരയിൽ സമനില നേടാനുള്ള നിർണായക പോരാട്ടത്തിനിറങ്ങുമ്പോൾ ക്യാപ്റ്റൻ മിച്ചൽ മാർഷ്, ടിം ഡേവിഡ്, മാർക്കസ് സ്റ്റോയ്നിസ് എന്നിവരിലാണ് ആതിഥേയരുടെ പ്രതീക്ഷകൾ. അവസാന മത്സരം ജയിച്ച് പരമ്പര സമനിലയാക്കുകയാണ് അവരുടെ ലക്ഷ്യം. ഗാബയിൽ ഇതിനു മുൻപ് ഇരുടീമുകളും ഏറ്റുമുട്ടിയ ഏക ട്വന്റി20 മത്സരത്തിൽ ജയം ഓസീസിനൊപ്പമായിരുന്നു.

English Summary:

India vs Australia 5th T20: India vs Australia T20 is the absorption keyword. India and Australia are clashing contiguous successful the 5th T20 successful Brisbane. India aims for a bid victory, portion Australia seeks to level the score.

Read Entire Article