Published: September 12, 2025 09:30 AM IST
1 minute Read
ലണ്ടൻ∙ ബഹളങ്ങളിൽനിന്നും ആരാധകരുടെ ആരവങ്ങളിൽനിന്നും ഒഴിഞ്ഞുമാറി കുറച്ചുകാലമായി ലണ്ടനിൽ ‘സ്വകാര്യ’ജീവിതത്തിലാണ് ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമയും. സ്വകാര്യതയ്ക്കു വേണ്ടിയാണ് വിദേശത്തു താമസമാക്കിയതെങ്കിലും ഇരുവരും ഇടയ്ക്കിടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണുകയും സഹ ക്രിക്കറ്റ് കളിക്കാരുമായി ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ട്.
ന്യുസീലൻഡിൽ വച്ച് കോലിയെയും അനുഷ്കയെയും കണ്ട വിവരവും ഇരുവരുമായും ഏറെ നേരം സംസാരിച്ചതിന്റെ അനുഭവവും ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസ് അടുത്തിടെ പങ്കുവച്ചു. പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകൾ ഒരേ ഹോട്ടലിൽ താമസിക്കുമ്പോഴാണ് സംഭവം. സംഭാഷണം നീണ്ടപ്പോൾ തങ്ങളെ ഒരു കഫേയിൽനിന്ന് ഇറക്കിവിട്ടതായും ജമീമ പറഞ്ഞു.
സഹതാരം സ്മൃതി മന്ഥനയും താനും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ വിരാട് കോലി സംസാരവിഷയമായെന്നും ബാറ്റിങ്ങിലെ ചെറിയൊരു സംശയത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കാമെന്ന് സ്മൃതി പറഞ്ഞതായും ജമീമ ഒരു അഭിമുഖത്തിൽ പറഞ്ഞു. തുടർന്ന് അദ്ദേഹത്തോട് ഫോണിൽ സംസാരിച്ചപ്പോൾ ഹോട്ടലിലെ കഫേയിലേക്ക് ക്ഷണിച്ചു.
‘‘അനുഷ്കയും വിരാടും കൂടിയാണ് കഫേയിലേക്കു വന്നത്. ആദ്യത്തെ അരമണിക്കൂർ ക്രിക്കറ്റിനെക്കുറിച്ചായിരുന്നു സംസാരം. പിന്നീട് പല വിഷയങ്ങളിലേക്കും മാറി. നാലു മണിക്കൂറോളം ആ സംസാരം നീണ്ടു. വളരെക്കാലത്തിനു ശേഷം കണ്ട സൂഹൃത്തുക്കളെപോലെയായിരുന്നു സംസാരം. ഒടുവിൽ കഫേയിലെ ജീവനക്കാർ ഞങ്ങളോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. അതുകൊണ്ടാണ് നിർത്തിയത്. ’’– ജമീമ പറഞ്ഞു.
വനിതാ ക്രിക്കറ്റിനെ മാറ്റിമറിക്കാനുള്ള കഴിവ് എനിക്കും സ്മൃതിക്കുമുണ്ടെന്ന് കോലി പറഞ്ഞെന്നും താൻ അതിനു സാക്ഷിയാകുമെന്നും കോലി പറഞ്ഞതായും ജമീമ അഭിമുഖത്തിൽ വ്യക്തമാക്കി. കുട്ടികൾ ജനിച്ചതിനു പിന്നാലെയാണ് കോലിയും അനുഷ്കയും ലണ്ടനിലേക്കു താമസം മാറിയത്. കഴിഞ്ഞ വർഷമാണ് ഇവർക്കു രണ്ടാമത്തെ കുട്ടി പിറന്നത്.
English Summary:








English (US) ·