Published: December 19, 2025 10:24 AM IST
1 minute Read
മനാമ∙ ബഹ്‌റൈനിൽ നടന്ന ഒരു സ്വകാര്യ ടൂർണമെന്റിൽ ഇന്ത്യൻ ടീമിനായി കളിച്ച പാക്കിസ്ഥാനിലെ പ്രമുഖ രാജ്യാന്തര കബഡി താരമായ ഉബൈദുല്ല രജ്പുതിനെതിരെ അച്ചടക്ക നടപടിയെടുക്കും. ജിസിസി കപ്പിനിടെ ഉബൈദുല്ല ഇന്ത്യൻ ജഴ്‌സി ധരിച്ച് ഇന്ത്യൻ പതാക വീശുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും വൈറലായതിനെത്തുടർന്നാണ് നടപടി. ഈ മാസം 27ന് പാക്കിസ്ഥാൻ കബഡി ഫെഡറേഷൻ (പികെഎഫ്) അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും വിഷയം ചർച്ച ചെയ്ത് ഉബൈദുല്ലയ്ക്കും മറ്റു ചില താരങ്ങൾക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പികെഎഫ് സെക്രട്ടറി റാണ സർവാർ പറഞ്ഞു.
ഈ മാസം 16നാണ് ബഹ്‌റൈനിൽ ജിസിസി കപ്പ് കബഡി ടൂർണമെന്റ് നടന്നത്. ‘‘ഇന്ത്യ, പാക്കിസ്ഥാൻ, കാനഡ, ഇറാൻ തുടങ്ങിയ പേരുകളിൽ സ്വകാര്യ ടീമുകൾ രൂപീകരിച്ച മത്സരമായിരുന്നു ഇതെന്ന് സംഘാടകർ സ്ഥിരീകരിച്ചു. എന്നാൽ എല്ലാ ടീമുകളിലും അതാതു രാജ്യത്തെ താരങ്ങളുണ്ടായിരുന്നു. ഇന്ത്യൻ കളിക്കാർ ഇന്ത്യൻ സ്വകാര്യ ടീമിനെയാണ് പ്രതിനിധീകരിച്ചത്. ഉബൈദുല്ലയും അവർക്കുവേണ്ടിയാണ് കളിച്ചത്. ഈ സാഹചര്യങ്ങളിൽ ഇത് അസ്വീകാര്യമാണ്.’’– സർവർ പറഞ്ഞു.
16 പാക്കിസ്ഥാൻ താരങ്ങൾ ഫെഡറേഷന്റെയോ പാക്കിസ്ഥാൻ സ്പോർട്സ് ബോർഡിന്റെയോ അനുമതിയില്ലാതെ സ്വന്തം നിലയിൽ ബഹ്‌റൈനിലേക്ക് പോയെന്നും അതിനാൽ, പാക്കിസ്ഥാൻ ടീമിന്റെ പേരിൽ വ്യാജമായി കളിച്ചതിന് ഈ താരങ്ങൾക്കെതിരെയും നടപടിയെടുക്കുമെന്നും റാണ സർവർ പറഞ്ഞു. അതേസമയം, സംഭവത്തിൽ ഉബൈദുല്ല രജ്പുത് ക്ഷമാപണം നടത്തി. ബഹ്‌റൈനിൽ നടക്കുന്ന പരിപാടിയിൽ കളിക്കാൻ തന്നെ ക്ഷണിക്കുകയായിരുന്നെന്നും ഒരു സ്വകാര്യ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ താൻ കളിച്ച ടീമിന് ഇന്ത്യൻ ടീം എന്നു പേരിട്ടത് പിന്നീട് മാത്രമാണ് അറിഞ്ഞതെന്നും ഇതോടെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പേരുകൾ ഉപയോഗിക്കരുതെന്ന് താൻ സംഘാടകരോട് പറഞ്ഞതായും ഉബൈദുല്ല പറഞ്ഞു.
‘‘മുൻകാലങ്ങളിൽ സ്വകാര്യ മത്സരങ്ങളിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും താരങ്ങൾ സ്വകാര്യ ടീമുകൾക്കുവേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട്, പക്ഷേ ഇന്ത്യയെന്നോ പാക്കിസ്ഥാനെന്നോ ഉള്ള പേരിൽ ഒരിക്കലും കളിച്ചിട്ടില്ല. ഇന്ത്യൻ ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്നും എനിക്കറിയില്ലായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനാൽ അങ്ങനെ ചെയ്യാൻ എനിക്ക് കഴിയില്ല.’’– ഉബൈദുല്ല രജ്പുത് പറഞ്ഞു.








English (US) ·