
ഗോപീ കൃഷ്ണൻ കെ. വർമ | Photo: Screen grab/ Facebook: Aamir Khan Productions
ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആമീര്‍ ഖാന്‍ ചിത്രമാണ് 'സിത്താരെ സമീന്‍പര്‍'. കഴിഞ്ഞദിവസം പുറത്തുവന്ന ട്രെയ്‌ലര്‍ വലിയ ശ്രദ്ധനേടിയിരുന്നു. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കൗമാരക്കാരെ ബാസ്‌ക്കറ്റ്ബോള്‍ പഠിപ്പിച്ച് മത്സരത്തിനിറക്കുകയെന്ന ദൗത്യവുമായെത്തുന്ന കോച്ചിന്റെ വേഷമാണ് ചിത്രത്തില്‍ ആമിര്‍ഖാന്‍ ചെയ്യുന്നത് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഭിന്നശേഷിക്കാരായ അഭിനേതാക്കളെ ചെറുവീഡിയോകളിലൂടെ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് പരിചയപ്പെടുത്തിയിരുന്നു. ചിത്രത്തില്‍ ഗുഡ്ഡു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോപീ കൃഷ്ണന്‍ കെ. വര്‍മയുടെ ഇന്‍ട്രോ വീഡിയോ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്.
കമല്‍ ഹാസന്‍ പ്ലസ് മോഹന്‍ലാല്‍ എന്ന വിശേഷണത്തോടെയാണ് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ഗുഡ്ഡുവിനേയും ഗോപീ കൃഷ്ണണനേയും പരിചയപ്പെടുത്തുന്നത്. ഗോപീ കൃഷ്ണന്‍ സ്വയം പരിചയപ്പെടുത്തുന്നതായാണ് വീഡിയോയില്‍ ഉള്ളത്. ഗോപീ കൃഷ്ണനൊപ്പം അമ്മ രഞ്ജിനി വര്‍മയുമുണ്ട്.
'എന്റെ അമ്മ' എന്ന് പറഞ്ഞ് രഞ്ജിനി വര്‍മയെ പരിചയപ്പെടുത്തിയാണ് ഗോപീ കൃഷ്ണന്‍ സംസാരിച്ചുതുടങ്ങുന്നത്. അതിന് മുമ്പേ സ്വയം പരിചയപ്പെടുത്താന്‍ ഗോപീ കൃഷ്ണനെ അമ്മ ഓര്‍മിപ്പിക്കുന്നു. താന്‍ മറന്നതായി പറഞ്ഞ് ഗോപീ കൃഷ്ണന്‍ വീണ്ടും സ്വയം പരിചയപ്പെടുത്താന്‍ തുടങ്ങുന്നു. മലയാളത്തിലാണ് ഗോപീ കൃഷ്ണന്‍ വീഡിയോയില്‍ സംസാരിക്കുന്നത്.
'ബാഷ'യിലെ രജനീകാന്തിനേയും മോഹന്‍ലാലിനേയും വീഡിയോയില്‍ ഗോപീ കൃഷ്ണന്‍ അനുകരിക്കുന്നതായി കാണാം. ആമിര്‍ ഖാനൊപ്പമുള്ള ഭാഗവും വീഡിയോയിലുണ്ട്. വീഡിയോയില്‍ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ ഗോപീ കൃഷ്ണനെ കമല്‍ ഹാസന്‍ പ്ലസ് മോഹന്‍ലാല്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.
'ഗോപീകൃഷ്ണന്‍ കെ. വര്‍മ എന്നാണ് എന്റെ പേര്. ഞാന്‍ ഇപ്പോള്‍ വരുന്നത് കോഴിക്കോട്ടുനിന്നാണ്. ഞാനൊരു നടനാണ്. 'സിത്താരെ സമീന്‍പറില്‍' ഗുഡ്ഡു ആയിട്ടാണ് ഞാന്‍ വന്നത്. ഞാന്‍ മാറി, ഇപ്പോള്‍ ഉള്ളില്‍ ഗുഡ്ഡുവാണ്. സ്റ്റാര്‍ ആവണം. സ്‌റ്റൈല്‍ ആവണം', ഗോപീ കൃഷ്ണന്‍ പറയുന്നു. കുട്ടിക്കാലം മുതലേ നടന്‍ ആകണമെന്നായിരുന്നു മകന്റെ ആഗ്രഹമെന്ന് രഞ്ജിനി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ബുക്‌സ് ഓഫ് റെക്കോര്‍ഡില്‍ പേരുള്ള താരമാണ് ഗോപീ കൃഷ്ണന്‍. 2021-ല്‍ പുറത്തിറങ്ങിയ 'തിരികെ' എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
Content Highlights: Who is Gopi Krishnan Varma? The 'Sitaare Zameen Par' actor
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·