കമ്മിഷണര്‍ റിലീസായപ്പോള്‍ കാറിൽ IPS തൊപ്പി വെച്ചയാള്‍; സുരേഷ് ഗോപിയെക്കുറിച്ച് ഗണേഷ് കുമാർ

9 months ago 8

07 April 2025, 08:26 PM IST

ganesh kumar

ഗണേഷ് കുമാർ/ സുരേഷ് ഗോപി | Photo: Mathrubhumi

കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്നും കമ്മിഷണര്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ കാറിന് പിന്നില്‍ എസ്.പിയുടെ തൊപ്പി വെച്ചിരുന്നയാളാണ് സുരേഷ് ഗോപിയെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'സുരേഷ് ഗോപിക്ക് കട്ട് പറയാന്‍ ഞാന്‍ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാല്‍ ജനങ്ങളാണ് കട്ട് പറയേണ്ടത്. കമ്മിഷ്ണര്‍ റിലീസ് ചെയ്തപ്പോള്‍ കാറിന് പിന്നില്‍ എസ്.പിയുടെ തൊപ്പി വെച്ചിരുന്നയാളാണ് സുരേഷ് ഗോപി. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭരത് ചന്ദ്രന്‍ ഐ.പി.എസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പോലീസ് തൊപ്പി കാറിന്റെ പിന്നില്‍ സ്ഥിരമായി വെച്ചിരുന്നത്. സാധാരണ ഉന്നത പദവിയിലുള്ള പോലീസുകാര്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ തൊപ്പി ഊരി സീറ്റിന്റെ പിന്നില്‍ വയ്ക്കാറുണ്ട്. അത്തരത്തില്‍ സുരേഷ് ഗോപിയുടെ കാറില്‍ കുറേക്കാലം എസ്.പിയുടെ ഐ.പി.എസ് എന്നെഴുതിയ തൊപ്പി വെച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന രീതിയിലായിരുന്നു വെച്ചിരുന്നത്. അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളു.'-ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ഗണേഷ് കുമാറിന്റെ ഈ വിമര്‍ശനത്തിന് പിന്നാലെ സുരേഷ് ഗോപി ആ തൊപ്പി ഇടുക്കിയിലെ ഷെഫീഖ് എന്ന കുട്ടിക്ക് സമ്മാനിച്ചതിനെ കുറിച്ച് പറയുന്ന വീഡിയോ വൈറലായി. രണ്ടാനമ്മയുടേയും അച്ഛന്റേയും ക്രൂര മര്‍ദത്തിന് ഇരയായി തളര്‍ന്നുപോയ കുട്ടിക്കാണ് സുരേഷ് ഗോപി തൊപ്പി സമ്മാനിച്ചത്.

2014 സെപ്റ്റംബറിലാണ് ഷെഫീഖിന്റെ പിറന്നാളിന് സുരേഷ് ഗോപി കാണാനെത്തിയത്. പിറന്നാളിന് സുരേഷ് ഗോപി വരണം എന്നതായിരുന്നു ഷെഫീഖിന്റെ ആഗ്രഹം. ഇതറിഞ്ഞ് തൊടുപുഴയില്‍ എത്തിയ സുരേഷ് ഗോപി കേക്ക് മുറിക്കുകയും കമ്മീഷണര്‍ സിനിമയിലെ ഡയലോഗ് പറയുകയും ചെയ്തു.

അതേസമയം എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളോടും കെ.ബി ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. എമ്പുരാനെതിരെ നടക്കുന്നത് സംഘപരിവാര്‍ ആക്രമണമാണെന്നും സിനിമയ്‌ക്കെതിരായ ആക്രമണം അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ജനാധിപത്യപരമായ വിമര്‍ശനമാവാം. എന്നാല്‍ അത് ഇങ്ങനെ ആകരുത്. സിനിമ ഒരു രാ്ഷ്ട്രീയ മാറ്റവും ഉണ്ടാക്കില്ല. സിനിമയുടെ പേരിലുള്ള വിവാദം അനാവശ്യമാണ്. സിനിമ കണ്ട് അഭിനയം നന്നായെന്ന് പറയും. എന്ത് പറഞ്ഞാലും വിവാദമാക്കുകയാണ്. ജസ്റ്റ് റിമമ്പര്‍ ദാറ്റ് എന്ന് പറഞ്ഞങ്ങ് പോകും. ഞാന്‍ ഒരുപാട് രാഷ്ട്രീയ സിനിമകളില്‍ അഭിനയിച്ചതാണ്. യു.ഡി.എഫ് വിരുദ്ധ സിനിമകളായിരുന്നു ഏറെയും. എന്നിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല.'-ഗണേഷ് കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് തൃശ്ശൂര്‍കാര്‍ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അത് ശരിയായെന്നും ഇനി എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് പ്രാര്‍ഥിക്കാമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: ganesh kumar mocks suresh gopis commissioner cap

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article