Published: October 07, 2025 10:07 AM IST
1 minute Read
മെൽബൺ ∙ ഇന്ത്യയ്ക്കെതിരെ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പരുക്കിൽനിന്നു മുക്തി നേടാത്തതിനാൽ മിച്ചൽ മാർഷ് തന്നെയാണ് ഈ പരമ്പരയിലും ഓസീസിനെ നയിക്കുന്നത്. അടുത്ത മാസം ആഷസ് പരമ്പര തുടങ്ങുന്നതിനാൽ മറ്റു ചില സീനിയർ താരങ്ങൾക്കും വിശ്രമം അനുവദിച്ചു. പരുക്കിൽനിന്നു മുക്തനാകാത്ത ഗ്ലെൻ മാക്‌സ്‌വെല്ലിനും ഇന്ത്യയ്‌ക്കെതിരായ പരമ്പര നഷ്ടമാകും. മാർനസ് ലാബുഷെയ്ൻ, ഷോൺ അബോട്ട്, ആരോൺ ഹാർഡി, മാത്യു കുനെമൻ എന്നിവരെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കി.
ഏകദിന ടീമിലേക്ക് സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിന്റെ തിരിച്ചുവരവാണ് ഏറ്റവും ശ്രദ്ധേയം. ട്വന്റി20യിൽനിന്ന് സ്റ്റാർക്ക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
മാത്യു ഷോർട്ട്, മിച്ചൽ ഓവൻ എന്നിവരും ഏകദിന ടീമിലേക്കു തിരിച്ചെത്തി. ഓസ്ട്രേലിയ എ, ക്വീൻസ്‌ലാൻഡ് ടീമുകൾക്കായി മികച്ച പ്രകടനം കാഴ്ചവച്ച മാത്യു റെൻഷായെ മൂന്നു വർഷത്തിനു ശേഷം വീണ്ടും ഏകദിന ടീമിലേക്ക് തിരഞ്ഞെടുത്തു. ഇതുവരെ 14 ടെസ്റ്റുകൾ കളിച്ച റെൻഷോയെ 2022ൽ പാക്കിസ്ഥാനിൽ നടന്ന ഏകദിന ടീമിലേക്ക് കവർ ആയി വിളിച്ചിരുന്നു, പക്ഷേ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ല.
യുവത്വത്തിനും പരിചയസമ്പത്തിനും ഒരു പോലെ പ്രധാന്യം നൽകിയാണ് ടീമിനെ തിരഞ്ഞെടുത്തത്. ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഓൾറൗണ്ടർമാരായ കാമറൂൺ ഗ്രീൻ, കൂപ്പർ കോനോലി എന്നിവരാണ് ഏകദിനത്തിൽ മാർഷിനൊപ്പം ബാറ്റിങ് പങ്കാളികൾ. കമ്മിൻസിന്റെ അഭാവത്തിൽ, മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്‌സൽവുഡും പേസ് ആക്രമണത്തിന് നേതൃത്വം നൽകും. സേവ്യർ ബാർട്ട്ലെറ്റ്, ബെൻ ഡ്വാർഷൂയിസ് എന്നിവരുമുണ്ട്. ആദം സാംപ മാത്രമാണ് സ്പെഷലിസ്റ്റ് സ്പിന്നർ.
ട്വന്റി20 ടീമിലേക്ക് ജോഷ് ഇംഗ്ലിസും നഥാൻ എല്ലിസും തിരിച്ചെത്തി. ട്രാവിസ് ഹെഡ്, ടിം ഡേവിഡ്, മാർക്കസ് സ്റ്റോയിനിസ്, മാത്യു ഷോർട്ട്, മിച്ചൽ ഓവൻ എന്നിവരുൾപ്പെടെയുള്ള ബാറ്റിങ് നിര ശക്തമാണ്. ഹെയ്സൽവുഡ്, എല്ലിസ്, ബാർട്ട്ലെറ്റ്, ഡ്വാർഷുയിസ് എന്നിവരാണ് പേസർമാർ. സ്പിന്നർമാരായ ആദം സാംപയും മാത്യു കുനെമനുമുണ്ട്.
ഏകദിനം ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്‌ലെറ്റ്, അലക്സ് കാരി, കൂപ്പർ കോനോലി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ ഓവൻ, മാത്യു റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ
ട്വന്റി20 ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ഷോൺ അബോട്ട്, സേവ്യർ ബാർട്ട്‌ലെറ്റ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമൻ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ
English Summary:








English (US) ·