
തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: X
ബെംഗളൂരു: കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനംചെയ്യുന്ന തഗ് ലൈഫ് എന്ന ചിത്രം കർണാടകയിൽ ഉടൻ റിലീസ് ചെയ്യില്ല. താരത്തിന്റെ അഭിഭാഷകൻ ചൊവ്വാഴ്ച കർണാടക ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള കമൽഹാസൻ്റെ മുൻ പരാമർശങ്ങളിൽ കോടതി രൂക്ഷമായ വിമർശനങ്ങളുന്നയിച്ചതിനു പിന്നാലെയാണ് അവർ ഇക്കാര്യം അറിയിച്ചത്.
സിനിമയുടെ കർണാടകയിലെ റിലീസിന് കാത്തിരിക്കാൻ തയ്യാറാണെന്ന് കമൽഹാസൻ അറിയിച്ചതായി അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ധ്യാൻ ചിന്നപ്പ കോടതിയെ അറിയിച്ചു. തഗ് ലൈഫ് റിലീസുമായി ബന്ധപ്പെട്ട് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സുമായി (കെഎഫ്‌സിസി) കൂടുതൽ ചർച്ചകൾക്ക് സമയം അനുവദിക്കുന്നതിനായി ഒരാഴ്ചത്തെ അവധി അനുവദിക്കണമെന്നും നിർമ്മാതാക്കളുടെ അഭിഭാഷകർ അഭ്യർത്ഥിച്ചു.
കേസിൻ്റെ വാദം പുനരാരംഭിച്ച ശേഷം, അഭിഭാഷകൻ കെഎഫ്‌സിസിക്ക് കമൽഹാസൻ അയച്ച കത്ത് ഹാജരാക്കി. കന്നഡ ഭാഷയോടും അവിടുത്തെ ജനങ്ങളോടുമുള്ള അദ്ദേഹത്തിൻ്റെ ആത്മാർത്ഥമായ ആദരവ് അതിൽ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കത്ത് ചില വികാരങ്ങൾ വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും നേരിട്ടുള്ള ക്ഷമാപണം അതിലില്ലെന്ന് കോടതി നിരീക്ഷിച്ചു. "ഈ പ്രസ്താവനയിലെ എല്ലാം നല്ലതാണ്. ഒരൊറ്റ വാചകം മാത്രമാണ് നഷ്ടപ്പെട്ടത്," ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കമൽഹാസൻ്റെ പ്രസ്താവനയിൽ ദുരുദ്ദേശമില്ലെന്നും, വിവാദം ഒരു വ്യക്തിയെക്കുറിച്ചുള്ള ഒറ്റ പരാമർശത്തിൽ നിന്നാണ് ഉടലെടുത്തതെന്നും, കന്നഡ ഭാഷയെക്കുറിച്ചായിരുന്നില്ലെന്നും അഭിഭാഷകൻ വാദിച്ചു. "ഒരു വ്യക്തിയെക്കുറിച്ചാണ് പ്രസ്താവന നടത്തിയത്. ഒരൊറ്റ പ്രസ്താവന കൊണ്ട് ഭാഷയെ അവഹേളിക്കുന്നു എന്ന് ചിന്തിക്കാൻ പാടില്ല. അത് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," അഭിഭാഷകൻ പറഞ്ഞു.
"ഒരു ഓഡിയോ ലോഞ്ചിൽ നടത്തിയ ഒരു പ്രസ്താവനയാണ് ഈ ഫലത്തിലേക്ക് എത്തിച്ചത്. ഭാഷയോടുള്ള തൻ്റെ സ്നേഹം ആത്മാർത്ഥമാണെന്ന് കമൽ വ്യക്തമാക്കിക്കഴിഞ്ഞു. അത് നാം അഭിനന്ദിക്കണം." കന്നഡ സംസ്കാരത്തോടുള്ള ഹാസൻ്റെ ദീർഘകാലത്തെ സ്നേഹം എടുത്തു കാണിച്ചുകൊണ്ട് അഭിഭാഷകൻ പറഞ്ഞു. ക്ഷമാപണം നിർബന്ധമല്ലെന്നും കമൽ പിന്തുടരേണ്ടിയിരുന്നത് അതിന്റെ ഭംഗിയാണെന്നും ജസ്റ്റിസ് നാഗപ്രസന്ന പ്രതികരിച്ചു. നിങ്ങൾ അഹംഭാവത്തിൽ ഉറച്ചുനിൽക്കുകയാണെന്നും ജനങ്ങളുടെ വികാരമാണിവിടെ അവഗണിക്കപ്പെട്ടതെന്നും നാഗപ്രസന്ന പറഞ്ഞു.
പ്രസ്താവനയിൽ ദുരുദ്ദേശ്യമുണ്ടെങ്കിൽ മാത്രമേ ക്ഷമാപണം ആവശ്യമുള്ളൂ എന്നാണ് കമലിന്റെ അഭിഭാഷകൻ വാദിച്ചത്. പിന്നെ എന്തുകൊണ്ടാണ് ഖേദം പ്രകടിപ്പിച്ച് ഇതവസാനിപ്പിക്കുന്നില്ല എന്നാണ് കോടതി ഇതിനോട് മറുചോദ്യമായി ഉന്നയിച്ചത്. ഈ വിഷയം കെട്ടടങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ഇൻഡസ്ട്രിയിൽ എല്ലാവർക്കും നിലനിൽക്കണം. തമിഴ് സിനിമകൾ കർണാടകയിൽ റിലീസ് ചെയ്യും. കന്നഡ സിനിമകളും റിലീസ് ചെയ്യും. ആർക്കും രാജ്യത്തെ വിഭജിക്കാൻ കഴിയില്ല. പറയേണ്ടത് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ, കർണാടകയിൽ സിനിമ റിലീസ് ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അഭിഭാഷകൻ വാദിച്ചു.
രാജ്യത്തെ വിഭജിക്കുന്നതിനെക്കുറിച്ച് ആരും ഇവിടെ സംസാരിക്കുന്നില്ലെന്നാണ് കോടതി ഇതിനോട് പ്രതികരിച്ചത്. നിലവിൽ കർണാടകയിൽ ചിത്രം റിലീസ് ചെയ്യാൻ ഹർജിക്കാരന് താൽപ്പര്യമില്ലെന്ന് രേഖപ്പെടുത്തിക്കൊണ്ട്, ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മിൽ ചർച്ചകൾ നടക്കുന്നത് വരെ അവധി അനുവദിക്കാനുള്ള അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. കേസ് അടുത്ത വാദത്തിനായി ജൂൺ 10 ന് വൈകുന്നേരം 3.30 ലേക്ക് മാറ്റി.
Content Highlights: Kamal Haasan delays Thug Life merchandise successful Karnataka amid controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·