Published: December 17, 2025 02:19 PM IST
1 minute Read
അബുദാബി∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ വിലയേറിയ താരമാകുമെന്നു നേരത്തേ തന്നെ പ്രവചിക്കപ്പെട്ട കാമറൂൺ ഗ്രീൻ, ലേലത്തിൽ വന്നപ്പോൾ താരത്തിനായി ആദ്യം പാഡിൽ ഉയര്‍ത്തിയത് മുംബൈ ഇന്ത്യൻസായിരുന്നു. പഴ്സിൽ 2.75 കോടി രൂപ മാത്രം ബാക്കി നിൽക്കെയായിരുന്നു അടിസ്ഥാന വില തന്നെ രണ്ടു കോടിയുള്ള ഗ്രീനിനു വേണ്ടി മുംബൈ ശ്രമം നടത്തിയത്. എന്നാൽ ചെന്നൈയും കൊൽക്കത്തയും രാജസ്ഥാനും ഉൾപ്പടെയുള്ള വമ്പർമാർ ഗ്രീനിനായി വിളി തുടങ്ങിയതോടെ മുംബൈ പിൻമാറി. തമാശപോലെയാണ് ഗ്രീനിനായി മുംബൈ ഉടമ ആകാശ് അംബാനി ശ്രമിച്ചതെങ്കിലും പിന്നീട് ഇതു സംബന്ധിച്ച ചോദ്യത്തിനു ശ്രദ്ധേയമായ മറുപടിയാണു അദ്ദേഹം നൽകിയത്.
മുംബൈയുടെ മുന്‍ താരമായ ഗ്രീനിനെ ടീം ഇപ്പോഴും വില മതിക്കുന്നുണ്ടെന്നു കാണിക്കാനായിരുന്നു ഈ നീക്കമെന്ന് ആകാശ് അംബാനി ലേലത്തിനു ശേഷം പ്രതികരിച്ചു. ‘‘കാമറൂൺ ഗ്രീനിന് ആദരം എന്ന രീതിയിലാണ് ഞങ്ങൾ അതു ചെയ്തത്. അദ്ദേഹത്തിന്റെ ഐപിഎലിലെ ആദ്യത്തെ ടീമാണു മുംബൈ ഇന്ത്യൻസ്. ഞങ്ങളുടെ പരിധിക്കും അപ്പുറത്താണ് അദ്ദേഹത്തിന്റെ മൂല്യമെന്ന് അറിയാം. മുംബൈ ഇന്ത്യൻസ് ഇപ്പോഴും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയിക്കണമായിരുന്നു. ഞങ്ങളുടെ ചിന്തകളിൽ ഇപ്പോഴും അദ്ദേഹമുണ്ട്. കാമറൂൺ ഗ്രീൻ എപ്പോഴൊക്കെ ലേലത്തിൽ വന്നാലും സ്വാഭാവികമായും ഞങ്ങളുടെ പാഡിൽ ഉയരുമെന്ന് ഉറപ്പാണ്.’’– ആകാശ് അംബാനി വ്യക്തമാക്കി.
25.20 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു വിദേശ താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഗ്രീനിനു വേണ്ടി രാജസ്ഥാൻ റോയല്‍സും ശ്രമിച്ചിരുന്നെങ്കിലും 13 കോടി രൂപ വരെ വിളിയെത്തിയപ്പോൾ പിൻവാങ്ങി. ചെന്നൈ സൂപ്പർ കിങ്സാണ് കൊൽക്കത്തയ്ക്കൊപ്പം ഗ്രീനിനായി അവസാനം വരെ പൊരുതിയത്. ഗ്രീനിനു വേണ്ടി 25 കോടി രൂപവരെ ചെന്നൈ വിളിച്ചിരുന്നു. അതിനു ശേഷമായിരുന്നു പിൻമാറ്റം.
English Summary:








English (US) ·