'കയ്യിൽ കിട്ടിയാൽ തല്ലണമെന്ന് കരുതിയതാണ്, പക്ഷേ പപ്പുചേട്ടന്റെ മോനായിപ്പോയില്ലേ' എന്ന് പറഞ്ഞവരുണ്ട്'

8 months ago 7

'ടയ്ക്ക് വച്ച് ഞാനൊരു നന്മ മരമായി മാറിയിരുന്നു, ചെറുതില്‍ തുടങ്ങി പടുവൃക്ഷമായി മാറിയ ആ നന്മ മരത്തെ വേരോടെ അറുത്തു മാറ്റുമെന്നാണ് എസ്‌ഐ ബെന്നിയെ ഏല്‍പ്പിക്കുമ്പോള്‍ തരുണ്‍ എന്നോട് പറഞ്ഞത്'. പറയുകയാണ് തുടരും എന്ന സിനിമയിലെ കലക്കന്‍ വില്ലന്‍ വേഷത്തിലൂടെ മലയാളികളുടെ വെറുപ്പ് സമ്പാദിച്ച പ്രിയ നടന്‍ ബിനു പപ്പു. മോഹന്‍ലാല്‍ എന്ന നടന് എതിരെ നില്‍ക്കുന്ന, വെറുപ്പിച്ച വില്ലന്‍ വേഷം ചെയ്ത തന്നെ പ്രേക്ഷകരുടെ അടിയില്‍ നിന്ന് രക്ഷിച്ചത് കുതിരവട്ടം പപ്പുവിന്റെ മകനെന്ന മേല്‍വിലാസമാണെന്ന് പറയുന്നു ബിനു. സിനിമാ വിശേഷങ്ങളുമായി ബിനു പപ്പു മാതൃഭൂമി ഡോട് കോമിനൊപ്പം.

10 വര്‍ഷത്തിലധികമായി അഭിനയരംഗത്തുണ്ട്, ഇത്രയും സിനിമകള്‍ ചെയ്തതില്‍ നിന്ന് തുടരും എന്ന സിനിമയിലെ പോലീസുകാരന്‍ ബെന്നി തന്ന അനുഭവം എന്താണ്?

എന്റെ 44ാമത്തെ സിനിമയായിട്ടാണ് തുടരും റിലീസാവുന്നത്. പോലീസ് കഥാപാത്രങ്ങള്‍ തന്നെ പലതും ചെയ്തിട്ടുണ്ട്. നമ്മളെപ്പോഴും ആഗ്രഹിക്കുന്നത് നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങളെ ലഭിക്കണമെന്നല്ലേ. അങ്ങനെ സ്‌പെഷ്യലായ ചില കഥാപാത്രങ്ങളാണ് റാണി പദ്മിനിയിലെ ഗിരിയും സഖാവിലെ 82 വയസുകാരന്റെയും അയാളുടെ ചെറുപ്പവും ഒക്കെ. പിന്നെയും സിനിമകള്‍ സംഭവിച്ചു. സൈഡിലൂടെ പോകുന്ന കഥാപാത്രങ്ങളും അല്ലാത്തതും ഒക്കെ ചെയ്തു. പക്ഷേ എന്നെ എക്‌സൈറ്റ് ചെയ്യിച്ച കഥാപാത്രം പിന്നീട് സംഭവിക്കുന്നത് ഹെലനിലാണ്. സംവിധായകന്‍ മാത്തുക്കുട്ടി തന്ന വലിയ അവസരമായിരുന്നു ആ പോലീസ് വേഷം. കാരണം ആ കഥാപാത്രത്തെ കണ്ടിട്ടാണ് തരുണ്‍ മൂര്‍ത്തി എന്നെ ഓപ്പറേഷന്‍ ജാവയിലേക്ക് വിളിക്കുന്നത്. അതിന് ശേഷം തല്ലുമാലയിലെ ഡേവിഡ് വന്നു, സുന്ദരി ഗാര്‍ഡന്‍സിലെ ഡോക്ടര്‍ മഹി മോഹന്‍ വന്നു. ഇതൊക്കെ അടിപൊളി വേഷങ്ങളാണ്. അതിന് പിന്നാലെ സൗദി വെള്ളക്ക വന്നു. ഈ കഥാപാത്രങ്ങളൊക്കെ ഒരുപാട് സന്തോഷം തന്നവയാണ്. കുറേ അഭിനന്ദനം നേടി തന്നവയാണ്.

അവിടുന്നാണ് നമ്മള്‍ ബെന്നിയിലേക്ക് കടന്നു വരുന്നത്. സിനിമ തുടങ്ങുമ്പോഴേ തരുണ്‍ പറഞ്ഞിട്ടുണ്ടായിരുന്നു ഒരുപാട് ലെയറുകളുണ്ട് ബെന്നിയുടെ കഥാപാത്രത്തിനെന്ന്. ഇന്നേവരെ ഞാന്‍ ചെയ്തതില്‍ വച്ച് എനിക്ക് കിട്ടിയ ഏറ്റവും മികച്ച കഥാപാത്രമാണ് ബെന്നി. കാരണം ഒന്ന് നമുക്ക് ഓപ്പോസിറ്റ് നില്‍ക്കുന്നത് മലയാളത്തിലെ എന്നല്ല ലോകത്തിലെ പത്ത് നടന്മാരെ എടുത്തു കഴിഞ്ഞാല്‍ ആ പത്തില്‍ വരുന്ന ഒരു നടനാണ്. മോഹന്‍ലാല്‍ എന്ന് പറയുന്ന കംപ്ലീറ്റ് ആക്ടര്‍. അതുകൊണ്ട് തന്നെ നമുക്ക് വെല്ലുവിളി കുറച്ച് കൂടുതലാണ്. ബെന്നി പാളിയാല്‍ ഷണ്‍മുഖനും പാളും. ഷണ്മുഖനെ ഫുള്‍ഫില്‍ ചെയ്യാന്‍ പറ്റാതെ ലാലേട്ടന്‍ നിക്കും. ഈ വെല്ലുവിളി ഒരു വശത്ത്. മറുവശത്ത് ഞാനീ പടത്തിന്റെ കോ ഡയറക്ടര്‍ കൂടിയാണല്ലോ, ആ പണിയും ഒരു സൈഡില്‍ കിടപ്പുണ്ട്.

ആ വെല്ലുവിളി പൂര്‍ണമായി എനിക്ക് ഏറ്റെടുക്കാന്‍ പറ്റി, അത് നിര്‍വഹിക്കാന്‍ പറ്റി. ഒരു സംവിധായകന് എന്ത് വേണോ അതെനിക്ക് കൊടുക്കാന്‍ പറ്റി. തരുണ്‍ ആവശ്യപ്പെട്ടതിന്റെ ഒരു തരി മുകളിലോട്ട് പോകാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. മുഴുവനായും തരുണ്‍ പറയുന്നതാണ് ഞാന്‍ ചെയ്തത്. ബ്ലാങ്ക് ആയിട്ട് ഒരു വൈറ്റ് പേപ്പര്‍ ആയിട്ടാണ് നിന്നത്. ആ വൈറ്റ് പേപ്പറില്‍ നിറച്ചും എഴുതി തന്നത് തരുണാണ്.

ആദ്യം കരുതി ബെന്നി കോമഡിയാണെന്ന് പിന്നെ ഓര്‍ത്തു ഉഡായിപ്പ് ആകുമെന്ന് പക്ഷേ ബെന്നിയെ മനസിലാക്കാന്‍ അവസാനം വരെ കണ്ടേ മതിയാവൂ അല്ലേ?

പറഞ്ഞത് ശരിയാണ്. ബെന്നി എന്ന കഥാപാത്രത്തിന്റെ മൂഡ് ഓരോ സാഹചര്യങ്ങളിലും മാറുന്നുണ്ട്. അത് ചെയ്ത് ഫലിപ്പിക്കുന്നത് ശ്രമകരം തന്നെയാണ്. അയാളെ ആദ്യം കാണുമ്പോള്‍ കോമഡി കഥാപാത്രമാണോ എന്ന് സംശയിക്കും. പിന്നീട് അയാള്‍ ആകെ ടെന്‍ഷനിലാവുന്നുണ്ട്. അതിനിടയ്ക്ക് അയാള്‍ക്ക് തന്നെ ഇടിച്ചവനോട് പ്രതികാരം ചെയ്യാന്‍ പറ്റാത്തതിലുള്ള വീര്‍പ്പുമുട്ടലനുഭവിക്കുന്നുണ്ട്. പിന്നീടയാളൊരു ക്രൈമില്‍ കൂട്ടുപ്രതിയാവുകയാണ്. എതിര്‍ക്കാനോ ഒളിച്ചോടാനോ സാധിക്കാതെ ഹൈറാര്‍ക്കിയുടെ ഭാഗമായിട്ടുള്ള കാര്യത്തിന് അയാള് മറ്റേയാളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുകയാണ്. അങ്ങനെ ഒരു ക്യാരക്ടര്‍ലെസ് ആയിട്ടുള്ള ഒരു മനുഷ്യന്‍. പിന്നീടയാള്‍ക്ക് ടെന്‍ഷന്‍ വരുന്നുണ്ട്, ആത്മവിശ്വാസം വരുന്നുണ്ട്, അതിന്റെ ഭാഗമായുള്ള അഹങ്കാരം വരുന്നുണ്ട്, പുച്ഛവും അധികാരം കയ്യിലുള്ളതിന്റെ അഹന്തയും ഒക്കെ ബെന്നിക്ക് ഉണ്ടാവുന്നുണ്ട്. അതുകൊണ്ടാണ് അയാള്‍ ഷണ്‍മുഖനോട് ഇത് ഞങ്ങളുടെ ഭീഷണി അല്ല തീരുമാനമാണെന്നൊക്കെ വച്ചു കാച്ചുന്നത്. അവിടുന്നാണ് അയാളില്‍ ഭീതി നിറയുന്നത്, മരണഭയം വരുന്നത്. ജോര്‍ജ് എന്ന തന്റെ മേലധികാരിയുടെ വാക്കുകള്‍ ഇയാളെ മാനിപ്പുലേറ്റ് ചെയ്യുന്നുണ്ട്. ചാവാണ്ട് നീ സൂക്ഷിച്ചോ എന്ന് സി.ഐ ജോര്‍ജ് പറയുമ്പോള്‍ അതനുസരിക്കാനേ ഇയാള്‍ക്ക് പറ്റുന്നുള്ളൂ കാരണം സ്വന്തം ജീവന്‍ സംരക്ഷിക്കണമല്ലോ. ഇങ്ങനെ ഒരു ഭയങ്കര ഗ്രാഫിലൂടെ പോകുന്ന ഒരു കഥാപാത്രം ഞാന്‍ ഇന്നേ വരെ ചെയ്തിട്ടില്ല. അത് വൃത്തിക്ക് ചെയ്യാനായെങ്കില്‍ അതിന്റെ ക്രെഡിറ്റ് തരുണിന് തന്നെയാണ്.

കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വേഷമാണ് എസ്ഐ ബെന്നി?

തീര്‍ച്ചയായും. ഹെലന്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ചെറുതായി ഒരു നന്മ മരം ആയിത്തുടങ്ങിയിരുന്നു. ഹെലനിലെ രവി ശങ്കറെ പ്രേക്ഷകര്‍ ശ്രദ്ധിച്ചത് ഞാന്‍ അപാര അഭിനയം കാഴ്ച്ചവച്ചതുകൊണ്ടല്ല. അവിടെ അജു വര്‍ഗീസ് എന്ന് പറഞ്ഞ നടന്‍ വില്ലനായപ്പോള്‍ വൃത്തികെട്ടവന്‍ ആയപ്പോള്‍, അജു ആ എസ്‌ഐ കഥാപാത്രം ഗംഭീരമായി ചെയ്തപ്പോള്‍ എനിക്ക് എളുപ്പമായിരുന്നു. എനിക്ക് അവിടെ നിന്ന് കൊടുത്താല്‍ മതിയായിരുന്നു. അപ്പോള്‍ ഹെലനില്‍ നമ്മള്‍ ചെറിയൊരു നന്മ മരം ഇങ്ങനെ വളര്‍ത്തി, അത് കുറച്ചും കൂടി വെള്ളവും വളവും ഒഴിച്ച് തരുണ്‍ വളര്‍ത്തി ജാവയിലൂടെ. അവിടുന്ന് സുന്ദരി ഗാര്‍ഡന്‍സ് വന്നപ്പോള്‍ ഇത്തിരി കൂടി മരം വലുതായി, സൗദി വെള്ളക്കയോട് കൂടി അതൊരു പടു വൃക്ഷമായി മാറി. ബെന്നി എന്ന കഥാപാത്രം എന്നെ ഏല്‍പ്പിക്കുമ്പോള്‍ തരുണ്‍ പറഞ്ഞത് ഞാനായിട്ട് നട്ടു വളര്‍ത്തിയ ഒരു വൃക്ഷം ഉണ്ട് അത് നമുക്ക് വെട്ടിക്കളഞ്ഞേക്കാം എന്നാണ്. വേരോടെ വെട്ടി കളഞ്ഞേക്കാം എന്ന് തരുണ്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഇത്ര പ്രതീക്ഷിച്ചില്ല.

പ്രേക്ഷകരുടെ പ്രതികരണങ്ങളും ഞെട്ടിച്ചു കാണുമല്ലോ ?

സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചിട്ടുണ്ട്. ഞാന്‍ ആ കൊച്ചിന്റെ കഴുത്ത് പിടിച്ചു ഞെക്കുന്നതും ശോഭന മാമിനെ അപമാനിക്കുന്നതും പല സംഭാഷണങ്ങളും ലാലേട്ടനെ തെറി വിളിക്കുന്നതുമൊക്കെ അഭിനയിക്കുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും മ്യൂസിക് ചെയ്യുമ്പോഴുമൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ തിയേറ്ററില്‍ പ്രേക്ഷകരുടെ ഇടയില്‍ ഇരുന്ന് കാണുമ്പോള്‍ ഇവരുടെ മുഖങ്ങളൊക്കെ മാറുന്നുണ്ട്. വളരെ അടുത്ത കൂട്ടുകാര് പോലും നീ എന്ത് ചെറ്റയാടാ എന്ന് ചോദിക്കുന്ന അവസ്ഥയായി. പടം കണ്ടു ഫസ്റ്റ് ഡേ പുറത്തിറങ്ങുമ്പോള്‍ ഒരമ്മ വന്നു, പത്തറുപത് വയസ് പ്രായം വരുന്ന ഒരമ്മയാണ്. അവരെന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു, എന്നിട്ട് പറഞ്ഞു കണ്ടാല്‍ ഒരൊറ്റ അടി വച്ചു തരണം എന്ന് കരുതിയാണ് പപ്പു ചേട്ടന്റെ മോനായി പോയി എന്നാണ്.

അച്ഛന്‍ കാത്തു അല്ലേ ?

അച്ഛന്‍ തന്നെയാണ് ഇന്ന് വരെയും കാക്കുന്നത്. സിനിമ റിലീസ് ആയ അന്നുമുതല്‍ ഇന്നുവരെ. കൊപ്പം എന്ന് പറഞ്ഞ സ്ഥലത്ത് സിന്‍ഡിക്കേറ്റ് തിയേറ്ററില്‍ പോയപ്പോള്‍ അവിടെ ഒരു മുണ്ടും ഷര്‍ട്ടും ഇട്ട് ഒരു ചേട്ടന്‍ ഇങ്ങനെ തീയേറ്ററിന്റെ ഡോറിന്റെ അവിടെ ചാരി നില്‍പ്പുണ്ടായിരുന്നു. ആ ചേട്ടന്‍ തരുണിനോട് ചോദിച്ചു സിഐ വന്നില്ലേ എന്ന്. അപ്പോ തരുണ്‍ പറഞ്ഞു ഇല്ല സിഐ വന്നില്ലേ ദാ എസ്‌ഐ വന്നിട്ടുണ്ട് എന്ന്. അയാള്‍ പറഞ്ഞത് ഹേയ് ഇവനെ തല്ലാന്‍ പറ്റില്ല അവന്‍ പപ്പു ചേട്ടന്റെ മോനായിപ്പോയി എന്നാണ്. പോയ തീയേറ്ററുകളിലൊക്കെ ആള്‍ക്കാര് വന്ന് കൈ പിടിച്ച് ഫോട്ടോ എടുക്കുന്നുണ്ട്, സ്‌നേഹം പ്രകടിപ്പിക്കുന്നുണ്ട് അതിന്റെ ഇടയില്‍ കൂടെ ചെറിയൊരു പല്ലുകടിയും ഉണ്ട് അവര്‍ക്കൊക്കെ. അവിടെയൊക്കെ ബിനു പപ്പു എന്ന പേര് തന്നെയാണ് രക്ഷിച്ചത്. കായംകുളത്തുള്ള തീയേറ്ററില്‍ പോയപ്പോള്‍ ഒരു അമ്മ ഇങ്ങനെയൊന്നും ജീവിക്കരുത് ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞ് എന്നെ നല്ല രീതിയില്‍ ഉപദേശിച്ചു. ഞാന്‍ ജോര്‍ജ് സാറിനോട് അതായത് നമ്മടെ പ്രകാശേട്ടനോട് പറഞ്ഞ ഒരു കാര്യമുണ്ട്, നിങ്ങള്‍ എന്നെ പടത്തിലും ചതിച്ചു ജീവിതത്തിലും ചതിച്ചു എന്ന്. മൂപ്പര് ചോദിച്ചു അതെന്താടാ ജീവിതത്തില്‍ എപ്പോഴാണ് ഞാന്‍ ചതിച്ചത് എന്ന്. നിങ്ങള്‍ തിയേറ്റര്‍ വിസിറ്റ് വന്നില്ലല്ലോ പെട്ടപ്പോ ഞാന്‍ മാത്രം പെട്ടുപോയില്ലേ എന്ന്. പക്ഷേ എന്നെ ഈ പേര് രക്ഷിച്ചു. പ്രകാശേട്ടന്‍ വന്നിരുന്നേല്‍ ഇടി ഉറപ്പായിരുന്നു.

ഈ പടം അത്രയും ലാലേട്ടന്റെ പടം ആയതുകൊണ്ടാണ് അത്രയും റീച്ച് കിട്ടിയത്. ലാലേട്ടനെ ഇടിച്ചാല്‍ വേദനിക്കുന്ന ജനങ്ങളാണ്. ആ ഇടിച്ചവനാരാടാ എന്ന് ചോദിക്കുമ്പോള്‍ അത് കുതിരവട്ടം പപ്പുവിന്റെ മോനാണെന്ന് പറയുന്നത് കൊണ്ട് രക്ഷപ്പെട്ടതാണ്. മോഹന്‍ലാല്‍-ശോഭന കോമ്പോയെ കാണാന്‍ വന്ന കുറേ അമ്മമാരുണ്ട്. അവര് വന്ന് നോക്കുമ്പോള്‍ ഞാനിതാ രണ്ട് പേരെയും ഞെക്കിപ്പിഴിയുന്നു. ദേഷ്യത്തിന് വേറെ വല്ലതും വേണോ.

ആ ദേഷ്യം കിട്ടുന്നതും ഒരു ഭാഗ്യമല്ലേ ?

തീര്‍ച്ചയായും. നമ്മളൊരു ഒരു സിനിമ കണ്ടു കഴിഞ്ഞ്, ഇപ്പോള്‍ രണ്ടാഴ്ച പിന്നിട്ടിട്ടും സിനിമ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നമ്മുടെ പേരും അതിന്റെ കൂടെ ഉണ്ടെന്ന് പറയുമ്പോള്‍ അത് ഒരു വലിയ ഭാഗ്യമല്ലേ. എത്രയോ സിനിമകള്‍ നമ്മള്‍ അഭിനയിച്ചിട്ടുണ്ട്, രണ്ടും മൂന്നും ദിവസം കഴിയുമ്പോള്‍ നമ്മളെ അങ്ങ് മറന്നു പോയിട്ടുണ്ട്. പക്ഷേ ഇപ്പോഴും നമുക്ക് ഇന്‍സ്റ്റാഗ്രാമില്‍ ആണെങ്കിലും ഫെയ്‌സ്ബുക്കില്‍ ആണെങ്കിലും നേരിട്ട് ആണെങ്കിലും അവര് അത് അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വാഗമണ്‍ പോവുമ്പോള്‍ ടൗണില്‍ വണ്ടി നിര്‍ത്തി ഒരു സാധനം വാങ്ങാന്‍ ഇറങ്ങിയതാണ്. അന്നേരം റോഡില്‍ കൂടി പോയ കാറില്‍ നിന്ന് കേള്‍ക്കുന്നത് എടാ ബെന്നിക്കഴുവേറി എന്നാണ്. ഞാന്‍ സന്തോഷത്തോടെ ടാറ്റയൊക്കെ കൊടുത്തു വിട്ടു. ആള്‍ക്കാര് നമ്മുടെ കഥാപാത്രത്തിലൂടെ തിരിച്ചറിയുന്നു എന്ന് പറയുന്നതാണ് ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം. അങ്ങനെ വരുമ്പോള്‍ ബിനു പപ്പു എന്ന് വിളിച്ചു കോള്‍ക്കുന്നതിലും സന്തോഷമാണ്. ബെന്നി കഴുവേറി എന്ന വാക്ക് എനിക്ക് അവാര്‍ഡ് പോലെയാണ്. അയ്യോ എന്നെ തെറി വിളിക്കുന്നേ എന്ന് ഞാന്‍ ഒരിക്കലും പറയില്ല കാരണം എത്ര കാലം കഴിഞ്ഞാലും എഅത് ആ കഥാപാത്രം ഉണ്ടാക്കി വെച്ച ഇമ്പാക്റ്റ് ആണ്.

ആരാധകര്‍ കാണാന്‍ കൊതിച്ച ലാലേട്ടനെ തന്ന കോണ്‍ഫിഡന്‍സ് എന്തായിരുന്നു ?

ഞങ്ങളുടെ കയ്യില്‍ ശക്തമായ തിരക്കഥ ഉണ്ടായിരുന്നു. തരുണിന്റെ കൂടെ കഴിഞ്ഞ രണ്ട് സിനിമകളുടെയും ഭാഗമായ ആളാണ് ഞാന്‍. ജാവയുടെ സമയത്ത് തന്നെ ഞങ്ങള്‍ ഭയങ്കരമായി അടുത്തു. സൗദി വെള്ളക്കയില്‍ തരുണിന്റെ അസോസിയേറ്റ് ആയി. എന്നെ സംബന്ധിച്ചിടത്തോളം തരുണ്‍ എങ്ങനെയാ വര്‍ക്ക് ചെയ്യുക തരുണിന്റെ രീതികള്‍ എന്തൊക്കെയാണ് എന്നെല്ലാം കൃത്യമായി അറിയാം. തരുണിന്റെ കൂടെ കോ ഡയറക്ടര്‍ ആയിട്ടും ചീഫ് ആയിട്ടും ഒക്കെ നില്‍ക്കുമ്പോള്‍ തരുണിന്റെ ചിന്തകള്‍ എനിക്ക് മനസിലാക്കാന്‍ പറ്റണം. എന്നെ നോക്കുമ്പോള്‍ അതാണ് കാര്യം ഓക്കേ ഞാന്‍ പിടിച്ചോളാം എന്ന് എനിക്ക് പറയാന്‍ പറ്റണം. ആദ്യം എന്റെ സീനിയറിനെ മനസ്സിലാക്കുക എന്നുള്ളതാണ് എന്റെ പണി. ഞാന്‍ അത് മനസ്സിലാക്കി. തുടരും എന്ന സിനിമയിലേക്ക് വരുമ്പോള്‍ഞങ്ങള്‍ക്ക് അത്രയും സ്‌ട്രോങ്ങ് ആയ സ്‌ക്രിപ്റ്റ് ആണ് തരുണ്‍ തരുന്നത്. പിന്നെ നമുക്ക് വളരെ ബോള്‍ഡ് ആയിട്ടുള്ള ഒരു ആക്ടര്‍ ഉണ്ട്. മോഹന്‍ലാല്‍ എന്ന് പറയുന്ന വളരെ സ്‌ട്രോങ്ങ് ആയ ആക്ടര്‍.

നമ്മള്‍ അവരെ വെച്ച് നല്ല രീതിയില്‍ ചിത്രം ചിത്രീകരിച്ചു കഴിഞ്ഞാല്‍ വേറെ കുഴപ്പങ്ങള്‍ വരാനില്ല. ഈ സിനിമ പുറത്തു കൊണ്ടുവരുമ്പോള്‍ ഞങ്ങള്‍ക്ക് വളരെ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു, നല്ലൊരു ചിത്രമായിരിക്കും, ആള്‍ക്കാര്‍ എന്‍ജോയ് ചെയ്യും ചിത്രം വിജയിക്കും എന്ന് ഉറപ്പായിരുന്നു. പക്ഷേ ഇങ്ങനെ വിജയിക്കും എന്ന് വിചാരിച്ചില്ല. ഒരു വന്ദേഭാരത്തിന്റെ സ്പീഡിലൊക്കെ പടം നല്ല രസമായിട്ട് പോകും എന്ന് ഉറപ്പിച്ചതാണ്. പക്ഷേ കാലെടുത്ത് വച്ചത് റോക്കറ്റിലേക്കാണ്. എല്ലാ വെള്ളിയാഴ്ച്ചയും നമുക്ക് ലാലേട്ടനെ വെച്ചിട്ട് പടം ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് കിട്ടുന്ന അവസരം വളരെ വൃത്തിയായി ഉപയോഗിക്കണം. തുടരും ഒരു ടീം വര്‍ക്ക് ആയിരുന്നു.

അച്ഛന്‍ ലാലേട്ടന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ ബിനുവിന്റെ മനസിലെന്തായിരുന്നു ?

രണ്ടേ രണ്ട് സിനിമയേ ഉള്ളൂ. ലൂസിഫറും ഇപ്പോ തുടരും. സിനിമയാണ് ഇനി ജീവിതം എന്ന് നമ്മള്‍ തിരിച്ചറിഞ്ഞ പോയിന്റ് മുതല്‍ നമ്മള്‍ മുന്നോട്ട് നോക്കി കാണുന്ന രണ്ട് പേരുകളാണ് മോഹന്‍ലാല്‍, മമ്മൂട്ടി എന്നത്. അപ്പോള്‍ അവര്‍ക്കൊപ്പം ഒപ്പത്തിനൊപ്പം നില്‍ക്കുന്ന കഥാപാത്രം ചെയ്യാന്‍ പറ്റുക എന്ന് വച്ചാലോ... ആദ്യം മമ്മൂക്കയുടെ ചിത്രമായിരുന്നു. അദ്ദേഹത്തിനൊപ്പം വണ്‍ എന്ന ചിത്രത്തില്‍ ഫുള്‍ ഫ്രെയിമില്‍ നടക്കാന്‍ പറ്റി. മമ്മൂക്ക എവിടെയുണ്ടോ അവിടെയൊക്കെ ഞാനുമുണ്ട്. അത് കഴിഞ്ഞ് മമ്മൂക്കയുടെ പുഴുവില്‍ ചീഫ് ആവാന്‍ പറ്റി. അങ്ങനെയിരിക്കുമ്പോള്‍ ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പൃഥ്വിരാജ് തന്ന കൊച്ച് അവസരമാണ് ലൂസിഫര്‍. ചെറുതാണെങ്കിലും നല്ല ഇംപാക്ട് ഉണ്ടാക്കിയ കഥാപാത്രം. ഞാന്‍ അതില്‍ വളരെ ഹാപ്പി ആയിരുന്നു. ഇപ്പോള്‍ തുടരും വന്നു നില്‍ക്കുമ്പോള്‍ സൂപ്പര്‍ ഹാപ്പിയാണ് കാരണം, ഇന്നേവരെ ലാലേട്ടന്റെ ഓപ്പോസിറ്റ് നിന്ന വില്ലന്മാര്‍ക്കൊക്കെ നല്ല പേരാ. അതിപ്പോള്‍ കീരിക്കാടന്‍ ആയാലും, റാവുത്തര്‍ ആയാലും സ്ഫടികം ജോര്‍ജ് ആയാലും. അതിലൊരു ബെന്നിക്കഴുവേറി ആകാന്‍ പറ്റി എന്നത് വലിയ സന്തോഷമാണ്. ഇനി ഇവിടുന്ന് മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ പേരും പറയില്ലേ. ലാലേട്ടന്റെ ഓപ്പോസിറ്റ് നിന്ന ഇങ്ങനത്തെ ഒരുപാട് പേരുകളുള്ള വില്ലന്മാരില്‍ ഒരാളായി ഞാനും മാറി അപ്പം എനിക്ക് അത് അതിനപ്പുറം എന്താ വേണ്ടത്.

ലാലേട്ടനെ നമ്മള്‍ കുഞ്ഞുനാള്‍ മുതല്‍ കാണുന്നതാണ്. വളരെ ആ അടുത്തറിയുന്ന ഒരാളാണ്. എന്റെ അടുത്ത് ചോദിച്ചിട്ട് പലരും ചോദിച്ചിട്ടുണ്ട് ഈ അഭിനയിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് ഇങ്ങനെ ഷര്‍ട്ടില്‍ പിടിക്കാനും തെറി പറയാനും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ എന്ന്. ഒരു ബുദ്ധിമുട്ടുമില്ല. കഥാപാത്രമല്ലേ, ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ ആണെങ്കില്‍ കൊടും കഥാപാത്രവും. ലാലേട്ടന്‍ തന്നെ പല ഇന്റര്‍വ്യൂവിലും പറയുന്നുണ്ട്, സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ കട്ട് മോഹന്‍ലാല്‍ അതാണ് പുള്ളി. ആ ഒരു എക്‌സ്പീരിയന്‍സ് അവിടെ തരുന്നതിനെകൊണ്ട് നമുക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. നമ്മളും പുള്ളിയുടെ ഒപ്പം തന്നെ നിന്നു കഴിഞ്ഞാല്‍ നമുക്കും അങ്ങനെ തന്നെയേ വരുള്ളൂ. അച്ഛന്‍ ചെയ്ത കഥാപാത്രങ്ങളെക്കുറിച്ച് ഷൂട്ടിന്റെ സമയത്ത് ഒരുപാട് സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ പപ്പുവിന്റെ കൂടെ എത്ര പടത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് അറിയോ നല്ല മനുഷ്യനായിരുന്നു നീ ഇങ്ങനെ ചീത്തകുട്ടിയായി പോയല്ലോ എന്നൊക്കെ കളിയായി പറയും. റിലീസിന്റെ അന്ന് രാവിലെ ലാലേട്ടന്‍ പൂനെയില്‍ നിന്ന് ഫോണ്‍ ചെയ്തു ചോദിച്ചു മോനേ എല്ലാം റെഡിയല്ലേ, നമ്മള്‍ വിജയിക്കില്ലേ എന്ന്. ഞാന്‍ പറഞ്ഞു എന്താ സംശയം നമ്മള്‍ വിജയിക്കും എന്ന് പറഞ്ഞപ്പോ പറഞ്ഞു മോനെ കോഴിക്കോട് നിന്നുള്ള ഒരു പയ്യന്‍ ഒരു എസ്‌ഐ കഥാപാത്രം ചെയ്തിരുന്നു അവന്‍ എങ്ങനെയുണ്ട് സിനിമയില്‍ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു കുഴപ്പമില്ല നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്. അന്നേരം ലാലേട്ടന്‍ പറയാണ് ആ ഞാനും കേട്ടു നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് പക്ഷേ അവന്‍ ഭയങ്കര അഹങ്കാരിയാണ് കേട്ടോ എന്ന്. ഞാന്‍ പറഞ്ഞു ഇല്ല ലാലേട്ടാ പറഞ്ഞാല്‍ ശരിയാവുന്ന സ്വഭാവമാണ് വേറെ കുഴപ്പമൊന്നുമില്ലെന്ന്.. അത്രയ്ക്ക് രസകരമാണ് അദ്ദേഹത്തിനൊപ്പമുള്ള ഓരോ നിമിഷവും.

തേന്മാവിന്‍ കൊമ്പത്തിലെ ഒരു മീം ഈയിടെ വൈറല്‍ ആയിരുന്നു കണ്ടിരുന്നോ ?

അച്ഛനെ വഴിയിലിറക്കിവിട്ട മാണിക്യനോടും കാര്‍ത്തുമ്പിയോടും പ്രതികാരം ചെയ്യാന്‍ വന്ന മകന്റെ മീം അല്ലേ. കണ്ടിരുന്നു. ആ സിനിമയില്‍ അച്ഛന്‍ അവരെ രണ്ട് പേരെയും നല്ല പോലെ വെറുപ്പിച്ചിട്ടുണ്ട്. പക്ഷേ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ ആണെന്ന് മാത്രം. ഇവിടെ ഞാനാണ്. ആ മീം എന്തായാലും അടിപൊളി ആയിരുന്നു,

അച്ഛന്‍ പൂണ്ടുവിളയാടിയ കോമഡി തൊടാന്‍ പേടിയാണെന്ന് പറഞ്ഞിട്ടുണ്ട്. ?

സത്യമാണ് അച്ഛന്‍ ചെയ്തു വെച്ച കോമഡി തൊടാന്‍ ഭയങ്കര പേടിയാണ്. ഭീമന്റെ വഴിയിലൊക്കെ ഹ്യൂമര്‍ വരുമ്പോള്‍ ഒക്കെ ഒരുതരം താരതമ്യം വരും. ഒന്നാമത് അച്ഛന്‍ ഇത്രയും അധികം ചെയ്തു വെച്ചിട്ടുണ്ട്. അച്ഛന്‍ മരിച്ചിട്ട് 25 വര്‍ഷമായി. എന്നിട്ട് പോലും അത് എവിടെയും പോകാണ്ട് അതേ അളവില്‍ അതേ പേസില്‍ ഇവിടെ കിടന്നു കറങ്ങുന്നുണ്ട്. ഇപ്പോഴുള്ള പിള്ളേര്‍ പോലും ആ ഹ്യൂമര്‍ ആസ്വദിക്കുന്നുണ്ട്. അപ്പോള്‍ അതിനെ മേലെ പോയി ചെയ്യുക എന്ന് പറയുന്നത് ബുദ്ധിമുട്ടാണ്. ഞാന്‍ എപ്പോഴും അഭിനയിക്കുമ്പോള്‍അച്ഛന്‍ കടന്നു വരരുത് എന്ന് മനസ്സില്‍ കരുതിയിട്ട് തന്നെയാണ് അഭിനയിക്കാറുള്ളത്. എന്നിട്ട് പോലും തുടരുവില്‍ ഒരു രംഗത്തില്‍ അച്ഛന്‍ കടന്നു വന്നെന്ന് കണ്ടെത്തിവരുണ്ട്. വേറൊരു പോലീസുകാരനോട് എന്ത് പിണ്ണാക്കാടോ പോടോ എന്ന് പറയുന്ന രംഗത്തില്‍. ആ ഒരു നീട്ടല്‍ വരുമ്പോള്‍ എനിക്ക് അച്ഛന്റെ പരിപാടി വരും. പൊതുവേ ഞാന്‍ സംസാരിക്കുമ്പോള്‍ കോഴിക്കോട് കേറി തുടങ്ങി കഴിഞ്ഞാല്‍ പിന്നെ അച്ഛനാണ്. കമ്പാരിസണ്‍ കുഴപ്പമൊന്നുമില്ല നല്ലതാണ് പക്ഷേ അത് എന്താ പ്രശ്‌നം എന്ന് വെച്ചാല്‍ അത് ഇരുതല മൂര്‍ച്ചയുള്ള ഒരു വാള്‍ ആണ്. നമുക്കത് ഫുള്‍ഫില്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ബുദ്ധിമുട്ടാണ്. എനിക്ക് എന്നല്ല ഏതൊരു അഭിനേതാവിന്റെ മക്കള്‍ സിനിമയിലേക്ക് വന്നു കഴിഞ്ഞാലും ഇങ്ങനെ തന്നെയാണ്.

എല്ലാവരും പറയും ഇവര്‍ക്ക് എളുപ്പമാണ് സിനിമയിലേക്ക് വരാന്‍ എളുപ്പമാണെന്ന്. എന്നാല്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നതും ഇവര് തന്നെയാണ്. ഞാന്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചപ്പോള്‍ സത്യന്‍ സാറിനെയോ പ്രിയന്‍ സാറിനെയോ ഷാജി സാറിനെയോ ആരെ വേണമെങ്കിലും എനിക്ക് നേരിട്ട് പോയിട്ട് കണ്ടിട്ട് ചേട്ടാ എനിക്ക് അടുത്ത പടത്തില്‍ ചാന്‍സ് തരണം എന്ന് പറഞ്ഞാല്‍ ഉറപ്പായും അവരെന്നെ കൈവിടില്ലായിരുന്നു. കാരണം പപ്പുവേട്ടന്റെ മോനാണ്. അവര്‍ ഒന്നോ രണ്ടോ അവസരം തരും അത് കഴിഞ്ഞാല്‍ അവര്‍ക്ക് അതൊരു ബാധ്യതയായി മാറും. ആ രണ്ട് അവസരങ്ങളില്‍ ഞാന്‍ സ്വയം തെളിയിച്ചിട്ടില്ലെങ്കില്‍ മൂന്നാമത് എനിക്കൊരു സിനിമ ഇല്ല. ആ മൂന്നാമത് അവസരം കിട്ടാത്ത നടന്‍ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ആളാണെങ്കില്‍ അത്ര വലിയ പ്രശ്‌നം അനുഭവിക്കില്ല. ഇങ്ങനെ അറിയപ്പെടുന്ന ഒരാളുടെ മകന്‍ ആകുമ്പോള്‍ അയാള്‍ ഭയങ്കരമായിട്ട് ക്രൂശിക്കപ്പെടും. ഈ ഇന്‍സ്റ്റാഗ്രാമിലൊക്കെ ട്രോള്‍ വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട് രക്ഷപ്പെട്ട അച്ഛന്റെ രക്ഷപ്പെടാത്ത മകന്‍ എന്ന് പറഞ്ഞിട്ട്. ഈ ലിസ്റ്റിലൊക്കെ ആദ്യം ഞാനുണ്ടായിരുന്നു. അതില്‍ നിന്ന് ഇറങ്ങിയിട്ട് അധികമായിട്ടില്ല.

ലളിതയായി ശോഭനയ്ക്ക് പകരം മറ്റൊരാള്‍ മതിയായിരുന്നു എന്നൊരു വിഭാഗം, അവര്‍ പ്രതീക്ഷിച്ച പോലെ ശോഭനയ്ക്ക് ഒന്നും സിനിമയില്‍ ചെയ്യാനുണ്ടായിരുന്നില്ല എന്ന് മറ്റൊരു വിഭാഗം ?

എനിക്ക് അതിനെ രണ്ട് ആംഗിളില്‍ കാണാന്‍ പറ്റും. ഒന്ന് ഞാന്‍ ഒരു പ്രേക്ഷകനായി കാണുമ്പോള്‍ പ്രായം ഇപ്പോള്‍ നാല്‍പതുകളില്‍ എത്തി നില്‍ക്കുന്ന ഒരാളാണ് ഞാന്‍. നമ്മുടെ കുട്ടിക്കാലത്ത് നമ്മള് കണ്ട ഒരുപാട് സിനിമകളില്‍ നമ്മള്‍ ആസ്വദിച്ച അല്ലെങ്കില്‍ നമ്മള്‍ കാണാന്‍ ആഗ്രഹിച്ച ഒരു കോമ്പോ ആണ് മോഹന്‍ലാല്‍-ശോഭന. രണ്ട് ഞാന്‍ ഒരു കോ ഡയറക്ടര്‍ ഒരു ടെക്‌നീഷ്യന്‍ ആയി കാണുമ്പോള്‍ ശോഭന മാം അല്ലാതെ അതിലും നല്ലൊരു ഓപ്ഷനെ ഞാന്‍ വേറെ കാണുന്നില്ല. ശോഭന മാമിന് മുമ്പ് ലളിതയെ അവതരിപ്പിക്കാന്‍ പല പേരുകളും വന്നു. ജ്യോതിക മാം, മേതില്‍ ദേവിക തുടങ്ങിയവരിലേക്കൊക്കെ നമ്മള്‍ പോയി. അവിടുന്നൊക്കെ കറങ്ങി നമ്മള്‍ വീണ്ടും നമ്മള്‍ ശോഭന മാമിലേക്ക് എത്തിയതാണ്. നമുക്ക് വേണ്ടത് മലയാളിയായ ഭര്‍ത്താവിനൊപ്പം കേരളത്തില്‍ താമസിക്കുന്ന രണ്ട് മക്കളുടെ അമ്മയായ, വീട്ടമ്മയായ ഒരു തമിഴ് ലേഡിയെ ആണ്. മാം സാരി ഉടുക്കുന്ന രീതി വരെ ശ്രദ്ധിച്ചാല്‍ മതി. ആ സംസാര ശൈലിയും ലളിതയായി അവരെയല്ലാതെ മറ്റാരെ ചിന്തിക്കാനാണ്.

എത്രയൊക്കെ റിയാലിറ്റി എന്ന് പറഞ്ഞാലും ചില ഘട്ടങ്ങളില്‍ തുടരും സിനിമാറ്റിക് ആവുന്നുണ്ട്. ഒരു പോലീസ് സ്റ്റേഷന്‍ തല്ലി തകര്‍ത്തിട്ട് ഒരാള്‍ പോകുന്നത് എന്ന് പറയുമ്പോള്‍ സിനിമാറ്റിക് അല്ലേ? ഒരു സിഐയേയും ഒരു എസ്‌ഐയേയും കൊല്ലുക എന്ന് പറയുന്നത് സിനിമാറ്റിക് അല്ലേ. ഒരു ഏരിയ കഴിഞ്ഞ് നമ്മള്‍ സിനിമാറ്റിക് പോകുമ്പോഴും അതിന്റെ മുന്നിലുള്ള ഭാഗങ്ങളില്‍ നമ്മള്‍ പ്രേക്ഷകരെ പിടിച്ചിരുത്തണം. ഒരു റിയാലിറ്റിയോട് ചേര്‍ന്ന് നില്‍ക്കണം. ശോഭന മാമിനെ നമ്മള്‍ കൃത്യമായി ഉപയോഗിച്ചിരിക്കുന്ന അവരുടെ രണ്ട് മൂന്ന് നോട്ടങ്ങള്‍ ഉണ്ട്. ആ നോട്ടം എല്ലാം പറയുന്നുണ്ട് ആ നോട്ടത്തിലൂടെ ഷണ്മുഖന്‍ വരും എന്ന് പ്രേക്ഷകര്‍ മനസിലാക്കുന്നുണ്ട്. അവരെ കൃത്യമായി യൂസ് ചെയ്യേണ്ട പോയിന്റുകളില്‍ ഞങ്ങള്‍ അവരെ യൂസ് ചെയ്തു. അതിന്റെ അപ്പുറത്തേക്ക് ഒരു ഈ പറയുന്ന സിനിമാറ്റിക് ആയിട്ടുള്ള ഒരു ഡയലോഗിലൂടെ ഒരു പഞ്ച് ഡയലോഗിലൂടെ അവരെന്തെങ്കിലും ചെയ്യുന്നത് ഞങ്ങളെ അത്ര എക്‌സൈറ്റ് ചെയ്യിച്ചിരുന്നില്ല.

ഇനി ഇവിടെ തുടരാന്‍ പോകുന്നത് എന്താണ് ?

ഇവിടെ തരുണ്‍ മൂര്‍ത്തി തുടരും ബിനു പപ്പുവും തുടരും. ഞങ്ങള്‍ അടുത്ത പരിപാടി ഞങ്ങള്‍ അനൗണ്‍സ് ചെയ്തിട്ടുണ്ട്. ടോര്‍പിഡോ എന്നാണ് പേര്. നസ്ലിന്‍, അര്‍ജുന്‍ ദാസ്, ഗണപതി, ഫഹദ് ഫാസില്‍ ഇപ്പോള്‍ ഇത്രയും കാസ്റ്റിന്റെ പേരാണ് ഞങ്ങള്‍ പുറത്തു വിട്ടത്. ഇതുവരെ കാണാത്ത കോമ്പോ..വേറെയും വ്യത്യസ്ത പേരുകളുണ്ട്. പതിയെ പുറത്തറിയിക്കാം. ത്രില്ലറാണ്. തരുണിന്റെ മൂന്ന് പടങ്ങളും ത്രില്ലറുകളായിരുന്നു. നാലാമതും ത്രില്ലറാണെങ്കിലും അതിന് വ്യത്യസ്തമായ ഒരു കഥാപശ്ചാത്തലവും തരുണ്‍ ഇന്നേവരെ കാണിക്കാത്ത രീതിയിലുള്ള കാര്യങ്ങളും പിന്നെ ഇതുവരെ തരുണ്‍ ഉപയോഗിക്കാത്ത തരത്തിലുള്ള ആര്‍ട്ടിസ്റ്റുകളുമാണ്.

ഞാനാണ് കഥ, തിരക്കഥ, സംഭാഷണം. സിനിമയില്‍ തുടങ്ങുന്നത് അപ്രന്റിസ് എ.ഡി ആയിട്ടാണ്. റാണി പത്മിനിയില്‍. അവിടുന്ന് ഞാന്‍ എഡി ആയി, പിന്നെ അസോസിയേറ്റ് ഡയറക്ടര്‍ ആയി അവിടുന്ന് ചീഫ് അസോസിയേറ്റ് ആയി, കോ ഡയറക്ടര്‍ ആയി. അപ്പോള്‍ ഡയറക്ടര്‍ ആവുന്നതിനു മുന്നേഒരു മേഖലയില്‍ കൂടി കൈ വെക്കണം എന്നുണ്ടായിരുന്നു. സിനിമയെ പഠിക്കുന്ന, സിനിമയെ വളരെ അടുത്തറിയുന്നതിന്റെ ഭാഗമായിട്ട് എഴുത്ത് എന്ന ഒരു പ്രോസസും കൂടി ചെയ്യണം എന്നുള്ളതായിരുന്നു. അതില്‍ തരുണ്‍ എന്നെ സഹായിക്കുന്നുണ്ട്. ആ സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ് അങ്ങനെ ഒരു സിനിമ ഉണ്ടാവുന്നത്. ആ സിനിമ കഴിഞ്ഞിട്ടായിരിക്കും സംവിധാനത്തില്‍ എന്റെ ഡെബ്യൂ സംഭവിക്കുക.

Read Entire Article