കരഞ്ഞുകൊണ്ട് മടങ്ങി കറന്‍, ഇനി പാകിസ്താനിലേയ്ക്കില്ലെന്ന് മിച്ചൽ

8 months ago 8

rishad hossain

റിഷാദ് ഹൊസൈൻ | Photo:X.com

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. ടൂര്‍ണമെന്റിന് വേദിയാകാന്‍ യുഎഇ വിസമ്മതിച്ചായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായി പിസിബി അറിയിച്ചത്. ഇതിന് പിന്നാലെ രാജ്യം വിടാനൊരുങ്ങിയ വിദേശതാരങ്ങള്‍ നേരിട്ട സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബംഗ്ലാദേശ് സ്പിന്നറും പിഎസ്എല്‍ ടീം ലാഹോര്‍ ക്വാലാന്‍ഡേഴ്‌സ് താരവുമായ റിഷാദ് ഹൊസൈന്‍. താരങ്ങൾ വലിയ പരിഭ്രാന്തിയിലായിരുന്നുവെന്ന് റിഷാദ് പറയുന്നു.

'വിദേശതാരങ്ങളായ സാം ബില്ലിങ്‌സ്, ഡാരില്‍ മിച്ചല്‍, കുശാല്‍ പെരേര, ഡേവിഡ് വീസെ, ടോം കറന്‍ എന്നിവര്‍ ഭയന്നുപോയി. ഈ സാഹചര്യത്തില്‍ ഇനി പാകിസ്താനില്‍ പോകില്ലെന്നാണ് ദുബായില്‍ എത്തിയശേഷം മിച്ചല്‍ പറഞ്ഞത്. എല്ലാവരും പരിഭ്രാന്തരായിരുന്നു.'- ദുബായിലെത്തിയ ശേഷം റിഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നാട്ടിലേക്ക് മടങ്ങവേ ഇംഗ്ലണ്ട് താരം ടോം കറന്‍ കരഞ്ഞതായും ചുറ്റുമുള്ളവര്‍ താരത്തെ ആശ്വസിപ്പിച്ചെന്നും റിഷാദ് കൂട്ടിച്ചേര്‍ത്തു.'ടോം കറന്‍ വിമാനത്താവളത്തില്‍ പോയപ്പോൾ വിമാനത്താവളം അടച്ചതായി അറിഞ്ഞു. പിന്നാലെ അദ്ദേഹം കുട്ടിയെപ്പോലെ കരയാന്‍ തുടങ്ങി. രണ്ടുമൂന്നുപേര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചത്.'- റിഷാദ് പറഞ്ഞു.

'ദുബായിലെ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനുശേഷം ഒരു മിസൈൽ അവിടെ പതിച്ചു എന്നൊരു വിവരം കേട്ടു. ആ വാർത്ത ഭയപ്പെടുത്തുന്നതും ദുഃഖകരവുമായിരുന്നു. ദുബായിൽ എത്തിയപ്പോഴാണ് ഞങ്ങൾക്ക് ആശ്വാസമായത്. ഞാൻ കളിക്കാൻ പുറത്തുപോകുമ്പോഴെല്ലാം വീട്ടുകാർ പരിഭ്രമിക്കാറുണ്ട്. ഇപ്പോൾ പാകിസ്താനിലെ ബോംബ് സ്ഫോടനങ്ങളും മിസൈൽ ആക്രമണങ്ങളും കേട്ടപ്പോൾ അവർ സ്വാഭാവികമായും ടെൻഷനടിച്ചു.' - റിഷാദ് പറഞ്ഞു.

അതേസമസയം ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് ധാരണയായിട്ടുണ്ട്. കടലിലും ആകാശത്തും കരയിലുമുള്ള എല്ലാ സൈനിക നടപടികളും നിർത്താൻ ഇന്ത്യയും പാകിസ്താനും ധാരണയിലെത്തിയിട്ടുണ്ട്. കരസേനയോടും നാവികസേനയോടും വ്യോമസേനയോടും ഈ ധാരണ പാലിക്കാൻ ഇന്ത്യൻ സർക്കാർ നിർദ്ദേശവും നൽകി.

Content Highlights: overseas players were terrified says psl player

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article