'കരണം നോക്കി ഒന്ന് പൊട്ടിക്കാന്‍ തോന്നുന്ന വില്ലന്‍'; ആരാണ് 'തുടരും' ചിത്രത്തിലെ സിഐ ജോര്‍ജ് സാര്‍

8 months ago 7

prakash varma thudarum

പ്രകാശ് വർമ, ചിത്രത്തിന്റെ പോസ്റ്ററിൽ പ്രകാശ് വർമ | Photo: Latheesh Poovathur/ Mathrubhumi, Instagram/ M Renjith

റങ്ങിയ ആദ്യദിവസം മുതല്‍തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' ചിത്രത്തിന് ലഭിക്കുന്നത്. തങ്ങള്‍ ആഗ്രഹിച്ച മോഹന്‍ലാലിനെ തിരിച്ചുകിട്ടിയത് ആഘോഷമാക്കുകയാണ് ആരാധകര്‍. മോഹന്‍ലാലിന്റെ ഗംഭീരപ്രകടനമാണ് എങ്ങും ചര്‍ച്ചാവിഷയം. അതേസമയം, മോഹന്‍ലാലിനോളം തന്നെ പ്രേക്ഷകര്‍ മറ്റൊരു കഥാപാത്രത്തിന്റെ പ്രകടനവും ചര്‍ച്ചയാക്കുന്നുണ്ട്. ചെറുചിരിയും ഹലോയുമായെത്തി പ്രേക്ഷകരെയാകെ 'വെറുപ്പിക്കുന്ന' വില്ലനെ, സിഐ ജോര്‍ജ് മാത്തനെ.

ബിഗ് സ്‌ക്രീനില്‍ ക്യാമറയ്ക്ക് മുന്നില്‍ പുതുമുഖമായ പ്രകാശ് വര്‍മയാണ് വില്ലന്‍വേഷം മനോഹരമാക്കിയിരിക്കുന്നത്. നടനായി പുതുമുഖമാണെങ്കിലും ക്യാമറയ്ക്ക് പിന്നില്‍ വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ള ടെക്‌നീഷ്യനാണ് പ്രകാശ് വര്‍മ. ഇന്ത്യയിലെ അറിയപ്പെടുന്ന ആഡ് ഫിലിം കമ്പനിയായ 'നിര്‍വാണ'യുടെ സ്ഥാപകനായ പ്രകാശ് വര്‍മ, ദേശീയ- അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ഒട്ടേറെ പരസ്യചിത്രങ്ങളുടെ സംവിധായകനാണ്.

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിന് പ്രചോദനമായ 'ഗ്രീന്‍ പ്ലൈ'യുടെ പരസ്യം പ്രകാശ് വര്‍മയുടെ ആശയമായിരുന്നു. വോഡഫോണിന്റെ 'സൂസു' പരസ്യങ്ങള്‍, ഷാരൂഖ് ഖാന്‍ അഭിനയിച്ച ദുബായ് ടൂറിസത്തിന്റെ 'ബി മൈ ഗെസ്റ്റ്' പരസ്യം,ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച കാമറിയുടെ പരസ്യം എന്നിവ സംവിധാനംചെയ്തത് പ്രകാശ് വര്‍മയാണ്. കാഡ്ബറി ജെംസിനും ഡയറിമില്‍കിനും ഇന്ത്യന്‍ റെയില്‍വേയ്ക്കും ഐഫോണിനും ഫെയ്‌സ്ബുക്കിനും വേണ്ടി പ്രകാശ് വര്‍മ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരള, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഇന്‍ക്രഡിബിള്‍ ഇന്ത്യ ടൂറിസം പരസ്യങ്ങളും പ്രകാശ് സംവിധാനം ചെയ്തിട്ടുണ്ട്.

ആലപ്പുഴയില്‍ അധ്യാപകദമ്പതികളുടെ മകനായാണ് പ്രകാശ് വര്‍മയുടെ ജനനം. എസ്ഡി കോളേജിലെ പഠനത്തിന് ശേഷം ലോഹിതദാസിന്റേയും വിജി തമ്പിയുടേയും സംവിധാനസഹായിയായി പ്രവര്‍ത്തിച്ചു. വി.കെ. പ്രകാശിന്റെ അസിസ്റ്റന്റായാണ് പരസ്യചിത്ര ലോകത്ത് എത്തിയത്. പരസ്യചിത്രമേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്‌നേഹാ ഐപാണ് ഭാര്യ. 2001-ല്‍ ഇരുവരും ചേര്‍ന്ന് ബെംഗളൂരുവില്‍ 'നിര്‍വാണ' എന്ന പേരില്‍ പരസ്യചിത്രക്കമ്പനി ആരംഭിച്ചു. വാഗണ്‍ആര്‍, ടൈറ്റന്‍, ഹ്യൂണ്ടായ് സാന്‍ട്രോ, ഷവര്‍ലെ ഒപ്ട്രാ, ഫ്രൂട്ടി, ലീ ജീന്‍സ്, പോണ്ട്‌സ് എന്നിവയ്ക്ക് വേണ്ടിയും പ്രകാശ് പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ 'ഏഴ് സുന്ദര രാത്രികള്‍' എന്ന ചിത്രത്തിന്റെ 'പെട്ടിടാം ആരും ആപത്തില്‍' എന്ന പ്രൊമോ സോങ്ങ് സംവിധാനംചെയ്തത് പ്രകാശാണ്. ചിത്രത്തിന്റെ നിര്‍മാണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. മുഴുനീള ചിത്രത്തിന്റെ സംവിധായകന്‍ ആകാനുള്ള ആഗ്രഹം അദ്ദേഹം ഒരിക്കലും മറച്ചുവെച്ചിരുന്നില്ല. അഭിമുഖങ്ങളിലും സംവാദങ്ങളിലും അത് അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.

Content Highlights: Prakash Varma, a renowned advertisement filmmaker, makes his acting debut successful Mohanlal`s `Thudarum`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article