27 May 2025, 08:54 AM IST

ഉണ്ണി മുകുന്ദൻ | ഫോട്ടോ: അരുൺ പയ്യടിമീത്തൽ |മാതൃഭൂമി
കൊച്ചി: മുൻ മാനേജർ നൽകിയ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് കാക്കനാട് ഇൻഫോപാർക്ക് പോലീസ്. തന്നെ മർദ്ദിച്ചെന്നുകാണിച്ച് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ എന്നയാൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിപിനെ ഉണ്ണി മുകുന്ദൻ കരണത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്.
കഴിഞ്ഞദിവസമാണ് വിപിൻ ഉണ്ണി മുകുന്ദനെതിരെ പോലീസിനെ സമീപിച്ചത്. മാർക്കോ എന്ന വലിയ വിജയം നേടിയ ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദൻ നായകനായി വന്ന ഗെറ്റ് സെറ്റ് ബേബി വൻ പരാജയമായി മാറിയെന്നും അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണെന്നും വിപിൻ പരാതിയിൽ പറഞ്ഞു. ആ ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി ഉണ്ണി മുകുന്ദൻ അസ്വാരസ്യത്തിലാണ്. ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽനിന്ന് നിർമാതാക്കളായ ശ്രീഗോകുലം മൂവീസ് പിന്മാറി. ഇത് താരത്തിന് വലിയ ഷോക്കായെന്നും പരാതിയിൽ ആരോപിക്കുന്നു.
ഒരു പ്രമുഖതാരം അനൗൺസ് ചെയ്ത ചിത്രത്തിൽനിന്ന് അദ്ദേഹത്തെ മാറ്റി പകരം ഉണ്ണി മുകുന്ദനെ വെച്ച് ചെയ്യണമെന്ന് ആ ചിത്രത്തിന്റെ നിർമാതാവിനോട് ആവശ്യപ്പെട്ടു. ആ ചിത്രത്തിന്റെ നിർമാതാവിനോട് ഇക്കാര്യം സംസാരിക്കാൻ നടൻ ഏല്പിച്ചത് തന്നെയാണെന്നും വിപിൻ പരാതിയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച റിലീസായ ഒരു പ്രമുഖതാരത്തിന്റെ ചിത്രത്തെ അഭിനന്ദിച്ച് താൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതുകാരണം ഉണ്ണി മുകുന്ദന് തന്നോട് വിദ്വേഷമുണ്ടാക്കി. തുടർന്ന് മാനേജർ പദവി ഒഴിയാൻ അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരം അങ്ങനെ ചെയ്തു.
കഴിഞ്ഞദിവസം ഉണ്ണി മുകുന്ദൻ ഫോണിൽ വിളിക്കുകയും നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പുറത്ത് എവിടെയെങ്കിലുംവെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. തുടർന്ന് അപ്രതീക്ഷിതമായി കഴിഞ്ഞദിവസം രാവിലെ താൻ താമസിക്കുന്ന കാക്കനാട്ടെ ഫ്ളാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദൻ വന്നു. തുടർന്ന് ഒന്നാം നിലയിലെ ആളൊഴിഞ്ഞ പാർക്കിംഗ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചു. തന്റെ വിലകൂടിയ കൂളിംഗ് ഗ്ലാസ് നിലത്തെറിഞ്ഞ് പൊട്ടിച്ചു. ഈ ഗ്ലാസ് തന്നത് ഉണ്ണി മുകുന്ദൻ ശത്രുത പുലർത്തുന്ന മറ്റൊരു താരം സമ്മാനിച്ചതാണ്. അത് ഉണ്ണിക്കും അറിയാം. അതുകൊണ്ടുകൂടിയാണ് അത് എറിഞ്ഞുടച്ചത്.
താടിയിലാണ് ആദ്യം മർദിച്ചത്. കൈകൾ ചേർത്തുപിടിച്ച് മർദിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി. പക്ഷേ ഉണ്ണി മുകുന്ദൻ പിറകെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചു. അതുവഴിവന്ന ഫ്ളാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കൺമുന്നിൽ വന്നാൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിപിൻ പരാതിയിൽ പറഞ്ഞു. തന്റെ ജീവനും സ്വത്തിനും പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോൾ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിരിക്കുന്നത്.
Content Highlights: Actor Unni Mukundan booked by Kakkanad constabulary for allegedly assaulting his erstwhile manager
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·