പൊതുവെ, സമൂഹം നമ്മളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായിട്ടും, നമ്മളെ പഠിപ്പിക്കുന്നതുമൊക്കെയായ ചിലതുണ്ട്. പ്രത്യേകിച്ചും. അഞ്ചാം ക്ലാസ് മുതലേ ഞാന്‍ ബോര്‍ഡിങ് സ്‌കൂളില്‍ പഠിച്ചിട്ടുള്ള ആളാണ്, ആണുങ്ങള്‍ കരയാന്‍ പാടില്ല എന്ന് കേട്ടാണ് വളര്‍ന്നത്. ചെറുപ്പം മുതലേ അത് മനസ്സില്‍ ഉറച്ചു പോയിരുന്നു. പെട്ടന്ന് സമൂഹം ആ കാഴ്ചപ്പാട് മാറ്റിയപ്പോള്‍ എനിക്ക് അതിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പൊതുവെ കരയുന്ന ആളല്ല ഞാന്‍.
രണ്ടാം ഘട്ട കീമോ കഴിഞ്ഞു, പ്രയാസമുള്ള ഓരോ ദിവസവും എങ്ങനെ നേരിടണം എന്ന് പഠിക്കുകയാണ് ഞാന്‍- ഉമ ശങ്കരി
ആണുങ്ങളും കരയുന്നത് തെറ്റല്ല എന്ന സാമൂഹിക മാറ്റമൊക്കെ സംഭവിച്ചത് ഇപ്പോള്‍ ഒരു അഞ്ച് വര്‍ഷത്തിനുള്ളിലല്ലേ. അതിന് മുന്‍പേ പഠിച്ചതൊന്നും പെട്ടന്ന് നമുക്ക് മാറില്ലല്ലോ. പക്ഷേ സിനിമയില്‍ ഒരു വേര്‍പാട് എന്നെ ഡൗണാക്കിയത് ലളിത ചേച്ചിയുടെ ( കെപിഎസി ലളിത ) മരണമാണ്. ഞാന്‍ ഒന്ന് മെല്‍റ്റ് ആയി എന്നെ എന്റെ മക്കള്‍ കണ്ടതും അപ്പോഴാണ്.
ലളിത ചേച്ചിയ്‌ക്കൊപ്പം അഭിനയിച്ച് എനിക്ക് കൊതി തീര്‍ന്നിട്ടുണ്ടായിരുന്നില്ല. ഇനിയും അഭിനയിക്കണം എന്ന് ആഗ്രഹിച്ച ആളായിരുന്നു. വെള്ളിമൂങ്ങയിലും അരവിന്ദന്റെ അതിഥികളിലും സു സു സുധി വാത്മീകത്തിലും എല്ലാം ഒരുമിച്ചിരുന്ന് സമയം ചെലവിടാന്‍ സാധിച്ചപ്പോഴൊക്കെ ചെയ്തിട്ടുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് ലളിത ചേച്ചി. കണ്ടും കൂടെ അഭിനയിച്ചും, സ്‌ക്രീനില്‍ ആസ്വദിച്ചും കൊതി തീര്‍ന്നില്ലായിരുന്നു. അതാണ് ആ മരണം എന്നെ ഡൗണാക്കിയത്.
അല്ലാതെ ഈ ശീലം കാരണം പൊതുവെ കരയാറില്ല. അഞ്ചാം ക്ലാസ് മുതലാണ് ബോര്‍ഡിങ് സ്‌കൂളിലായത്. അതിന് മുന്‍പ് കരയുകയൊക്കെ ചെയ്യുമായിരുന്നു. അവിടെ എത്തിയപ്പോള്‍ കരുത്താണ് ആണുങ്ങള്‍ക്ക് വേണ്ടത്, കരയരുത് എന്നൊക്കെയാണ് കേട്ടു പഠിച്ചത്. പക്ഷേ ഇന്ന് അത് മനസ്സിലായി, അങ്ങനെ ആയിരുന്നില്ല, ഒരിക്കലും കരയേണ്ടിടത് അത് അടക്കി പിടിക്കാന്‍ പാടില്ലായിരുന്നു എന്ന്.
ആ ശീലം കാരണം ഇപ്പോള്‍ സിനിമയിലും എനിക്ക് കരയാന്‍ പ്രയാസമാണ്. ഇമോഷണല്‍ സീന്‍ എനിക്ക് അധികം വന്നിട്ടില്ല, വളരെ അപൂര്‍വ്വമായി അത്തരം രംഗങ്ങള്‍ വരുമ്പോള്‍ ഒന്നുകില്‍ ഞാന്‍ കൈ കൊണ്ട് മുഖം പൊത്തും, അല്ലെങ്കില്‍ ഗ്ലിസറിന്‍ അമിതമായിട്ടൊക്കെ ഉപയോഗിക്കേണ്ടി വരും- അജു വര്‍ഗീസ് പറഞ്ഞു.




English (US) ·