11 August 2025, 03:48 PM IST

അഭിനയ് കിങ്ങർ | Photo: instagram/ abhinay kinger/ bjbala_kpy
ഒരു കാലത്ത് സിനിമയിലും പരസ്യചിത്രങ്ങളിലും സജീവമായിരുന്നു നടന്‍ അഭിനയ് കിങ്ങര്‍. അമ്മയും നടിയുമായ രാധാമണിയുടെ മകനായ അഭിനയ് തമിഴ് ചിത്രം തുള്ളുവതോ ഇളമൈയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി. എന്നാലിപ്പോള്‍ കരള്‍ രോഗത്തോട് പൊരുതി ജീവിക്കുകയാണ് അദ്ദേഹം.
44-കാരനായ അഭിനയ്‌യുടെ ഇപ്പോഴത്തെ ജീവിതം ദയനീയമാണെന്ന് ഹാസ്യനടനും ടെലിവിഷന്‍ അവതാരകനുമായ കെപിവൈ ബാല പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബാല അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അഭിനയ് താമസിക്കുന്ന ഫ്‌ളാറ്റിലെത്തിയ ബാല ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തു.
ദേശീയ പുരസ്‌കാരം നേടിയ ഉത്തരായനം ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മലയാളിയായ രാധാമണി അര്‍ബുദ രോഗത്തെ തുടര്‍ന്ന് 2019-ലാണ് മരിച്ചത്. അതിനുശേഷം താന്‍ ഒറ്റപ്പെട്ട് പോയെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും അഭിനയ് പറഞ്ഞിരുന്നു. ചെന്നൈയിലെ ഒരു സര്‍ക്കാര്‍ മെസ്സില്‍ നിന്നാണ് ഭക്ഷണം പോലും കഴിക്കുന്നതെന്നും അന്ന് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
മലയാള ചിത്രം 'കൈയെത്തും ദൂരത്തി'ലെ കിഷോര്‍ എന്ന കഥാപാത്രത്തേയും അഭിനയ് അവതരിപ്പിച്ചിട്ടുണ്ട്. സൊല്ല സൊല്ല ഇനിക്കും, പാലൈവനം തുടങ്ങി പതിനെട്ടോളം സിനിമകളുടെ ഭാഗമായി. 2014-ല്‍ റിലീസ് ചെയ്ത 'വല്ലവനക്ക് പുല്ലും ആയുധം' എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.
Content Highlights: histrion abhinay kinger battling liver disease





English (US) ·