15 May 2025, 12:19 PM IST

Photo: AFP
റിയാദ്: സൗദി പ്രോ ലീഗിലെ നിർണായകമത്സരത്തിൽ കളിക്കാതിരുന്നതോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്ർ ക്ലബ് വിടുമെന്ന അഭ്യൂഹം ശക്തമായി. താരം വിട്ടുനിന്നതിന് വ്യക്തമായ കാരണം ക്ലബ് ഇതുവരെ നൽകിയിട്ടില്ല. ടീമിനൊപ്പം പരിശീലനത്തിലും പങ്കെടുക്കാത്ത താരം മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന സൂചനമാത്രമാണ് പുറത്തുവരുന്നത്.
സീസണിൽ മൂന്നുമത്സരമാണ് ക്ലബ്ബിന് ലീഗിൽ അവശേഷിക്കുന്നത്. ശാരീരികക്ഷമത വീണ്ടെടുത്താൽ ക്രിസ്റ്റ്യാനോ അടുത്തമത്സരത്തിൽ കളിക്കുമെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ, പോർച്ചുഗൽ താരം ക്ലബ് വിടാനുള്ള നീക്കത്തിലാണെന്ന അഭ്യൂഹം ശക്തമാണ്. അൽ നസ്ർ വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേരുമെന്നും സൂചനയുണ്ട്. ഇറ്റാലിയൻ പരിശീലകൻ സ്റ്റാഫാനെ പിയോളിയുടെ തന്ത്രങ്ങളിൽ താരം തൃപ്തനല്ലെന്നാണ് പുറത്തുവരുന്ന വിവരം.
ക്ലബ്ബുമായി കരാർ പുതുക്കുന്നതിന് പിയോളിയെയും ക്ലബ് സ്‌പോർട്ടിങ് ഡയറക്ടർ ഫെർണാണ്ടോ ഹിയേറോയെയും പുറത്താക്കണമെന്ന് ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടതായും വാർത്തകളുണ്ട്. വമ്പൻ തുകയ്ക്ക് ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചെങ്കിലും അൽ നസ്‌റിന് ശ്രദ്ധേയമായ കിരീടങ്ങളൊന്നും നേടാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ താരം അസംതൃപ്തനുമാണ്. അതേസമയം ക്രിസ്റ്റ്യാനോയില്ലാതെ കഴിഞ്ഞദിവസം കളത്തിലിറങ്ങിയ അൽ നസ്ർ ലീഗിൽ അൽ അഖ്ദൂദിനെ 9-0ത്തിന് തകർത്തു. സാദിയോ മാനെ നാലുഗോളുമായി തിളങ്ങി. ലീഗിൽ 63 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് ടീം. 74 പോയിന്റുമായി അൽ ഇത്തിഹാദ് കിരീടത്തിലേക്ക് നീങ്ങുകയാണ്.
Content Highlights: cristiano ronaldo to permission al nassr report








English (US) ·