'കരാർ ലംഘിച്ചത് കേരള സർക്കാർ'; ആരോപണങ്ങളിൽ പ്രതികരണവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

5 months ago 4

09 August 2025, 08:42 AM IST

messi-kerala-visit-update

Photo: mathrubhumi archives, AFP

തിരുവനന്തപുരം: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ഒരു സ്പോർട്സ് ലേഖകനോട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ചീഫ് കൊമേര്‍സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫീസറായ ലിയാന്‍ഡ്രോ പീറ്റേഴ്‌സണാണ് പ്രതികരണം നടത്തിയത്. പണമടച്ചിട്ടും അർജന്റീന ടീം വരാൻ തയ്യാറായില്ലെന്ന ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഒരു സ്‌പോര്‍ട്‌സ് ലേഖകന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ചീഫ് കൊമേര്‍സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫീസറായ ലിയാന്‍ഡ്രോ പീറ്റേഴ്‌സണുമായ നടത്തിയ ആശയവിനിമയത്തിന്റെ സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്. 130 കോടിയോളം രൂപ അടച്ചിട്ടും കേരളത്തില്‍ എത്താനാവില്ലെന്ന് അറിയിച്ചത് കരാര്‍ ലംഘനമല്ലേ എന്ന് പീറ്റേഴ്‌സനോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. എന്നാല്‍ അത് ശരിയല്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ഏതുതരത്തിലുള്ള കരാര്‍ ലംഘനമാണ് കേരള സര്‍ക്കാര്‍ നടത്തിയതെന്ന കാര്യം ഈ സന്ദേശത്തില്‍ വ്യക്തമല്ല.

മെസ്സിയെയും ടീമിനെയും കേരളത്തിലെത്തിക്കാൻ അർജന്റീനാ ഫുട്‌ബോൾ അസോസിയേഷന് 130 കോടി രൂപ നൽകിയിരുന്നുവെന്നാണ് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. ഈ വർഷം അർജന്റീന കേരളത്തിൽ കളിക്കാമെന്ന കരാറിൽ അസോസിയേഷൻ ഒപ്പിട്ടിട്ടുണ്ട്. അടുത്തവർഷം സെപ്റ്റംബറിൽ കളിക്കാനെത്തുമെന്നാണ് ഇപ്പോൾ അവരുടെ നിലപാട്. ഈവർഷം എത്തുന്നുണ്ടെങ്കിലേ മത്സരം സംഘടിപ്പിക്കാൻ താത്പര്യമുള്ളൂ. കരാർ റദ്ദാകുന്നത് വലിയ സാമ്പത്തികനഷ്ടത്തിന് കാരണമാകും. കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു.

2025-ൽ മെസ്സിയെയും അർജന്റീനിയൻ ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ പ്രഖ്യാപിച്ചത് 2024-ലാണ്. കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അന്ന് കായിക മന്ത്രി പറഞ്ഞത്. കേരളത്തിലെ കായിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തിയതെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറയുകയായിരുന്നു.

Content Highlights: lionel messi kerala sojourn afa against kerala government

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article