.jpg?%24p=634d4db&f=16x10&w=852&q=0.8)
രജനീകാന്ത് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കാറിൽ കയറുന്നു | ഫോട്ടോ: കെ.ബി സതീഷ് കുമാർ
കൊണ്ടോട്ടി/രാമനാട്ടുകര: ഹജ്ജ് ക്യാമ്പ് തുടങ്ങിയതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പതിവില്ലാത്ത തിരക്കാണ്. തീര്‍ഥാടകരെ യാത്രയാക്കാനെത്തിയവരുടെ വാഹനങ്ങളുടെ നിരയും അഞ്ചാംനമ്പര്‍ പില്ലറിനടുത്ത ഹജ്ജ് രജിസ്ട്രേഷന്‍ ക്യാമ്പിലെ വന്‍തിരക്കുമായി വിമാനത്താവളം പതിവിലും കവിഞ്ഞ് ജനത്തിരക്കേറിയ സമയം. ഇതിനിടയിലൂടെ ഒരാള്‍ ആരുമറിയാതെ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങി കാറില്‍ കയറി പോയി. ഇന്ത്യന്‍ സിനിമയിലെ തലൈവര്‍, സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ആയിരുന്നു ആ വിഐപി.
ഞായറാഴ്ച വൈകീട്ട് 4.10-നാണ് രജനീകാന്ത് ചെന്നൈയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. ജയിലര്‍ സിനിമയുടെ രണ്ടാംഭാഗത്തിന്റെ കോഴിക്കോട്ടെ ഷൂട്ടിങ്ങിനായാണ് താരം അതിരഹസ്യമായി വന്നത്. കോഫി കളര്‍ ടി ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച് താരജാടകളില്ലാതെ ആഭ്യന്തര ടെര്‍മിനല്‍ വഴി പുറത്തേക്കുവരുമ്പോള്‍ അംഗരക്ഷകരും സിനിമായൂണിറ്റ് അംഗങ്ങളുമായി ഏതാനുംപേരാണ് കൂടെയുണ്ടായിരുന്നത്. സുരക്ഷയൊരുക്കി സിഐഎസ്എഫ് ഭടന്‍മാരും.
പുറത്ത് വിരലിലെണ്ണാവുന്ന ആരാധകര്‍. തമിഴ് ചാനലില്‍നിന്ന് കോഴിക്കോട്ട് രജനീകാന്ത് ഷൂട്ടിങ്ങിനെത്തുന്നതായി അറിഞ്ഞ് വന്നതാണവര്‍. ഇഷ്ടനടനെ കണ്ടപ്പോള്‍ അവര്‍ ആവേശത്തോടെ 'തലൈവരേ' എന്നുവിളിച്ച് അഭിവാദ്യംചെയ്തു. കാറിനടുത്തേക്കു പോകുകയായിരുന്ന താരം ഇതുകേട്ട് തിരിഞ്ഞുനിന്ന് ആരാധകര്‍ക്കുനേരേ പുഞ്ചിരിയോടെ കൈവീശി.
.jpg?$p=5a66509&w=852&q=0.8)
കോഴിക്കോട്ടെത്തിയ രജനീകാന്ത് നഗരത്തിനടുത്ത ചെറുവണ്ണൂരില്‍ ചിത്രീകരണം നടക്കുന്ന 'ജയിലര്‍ ടു'വില്‍ തിങ്കളാഴ്ച മുതല്‍ ജയിലര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ വേഷപ്പകര്‍ച്ചയുമായി സജീവമാകും. ആറുദിവസം അദ്ദേഹം കോഴിക്കോട്ടുണ്ടാകും.
കരിപ്പൂരില്‍നിന്ന് അദ്ദേഹം നേരെ താമസസ്ഥലമായ രാമനാട്ടുകര കടവ് റിസോര്‍ട്ടിലേക്കാണ് പോയത്. 2023-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റായ 'ജയിലര്‍' സിനിമയുടെ രണ്ടാം ഭാഗമാണ് ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടാണ് മുഖ്യവില്ലനെന്നാണ് സൂചന. സുരാജ് ചിത്രീകരണമാരംഭിച്ച ശനിയാഴ്ചമുതല്‍ സെറ്റിലുണ്ട്.
ബേപ്പൂര്‍-ചെറുവണ്ണൂര്‍ റോഡിലെ സുദര്‍ശന്‍ ബംഗ്ലാവാണ് ചിത്രത്തിന്റെ മുഖ്യ ലൊക്കേഷന്‍. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ പ്ലാന്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട്ടെ മറ്റു ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകുമെന്ന സൂചനയുണ്ട്. തെലുഗു സൂപ്പര്‍താരം ബാലകൃഷ്ണ ഉള്‍പ്പെടെ വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അതിഥിവേഷത്തിലെത്തുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിച്ച് നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനംചെയ്യുന്ന ചിത്രമാണിത്.
Content Highlights: rajinikanth successful kozhikode for jailer 2 shoot
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·