04 July 2025, 04:42 PM IST

ജോട്ടയ്ക്ക് ആദരമർപ്പിക്കുന്ന ഫുട്ബോൾ ആരാധകർ | AP
നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനെതിരേ എക്സ്ട്രാ ടൈമിലാണ് ദിയാഗോ ജോട്ട പോർച്ചുഗലിനായി കളിക്കാനിറങ്ങുന്നത്. കപ്പുയർത്തി ആഘോഷിച്ചായിരുന്നു മടക്കം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി അവസാനമത്സരത്തിലും പകരക്കാരനായിട്ടാണിറങ്ങിയത്. കിരീടനേട്ടം ആഘോഷിച്ചാണ് അവിടെനിന്നും മടങ്ങിയത്. കളിക്കളത്തിലേക്കും ആഘോഷത്തിലേക്കും മടങ്ങിവരാൻ പോർച്ചുഗലിനും ലിവർപൂളിനും ഇനി ജോട്ടയെന്ന മുന്നേറ്റനിരതാരമില്ല. സ്പാനിഷ് പ്രവിശ്യയായ സമോറയിലെ കാറപകടത്തിൽപ്പെട്ട് ജീവിതത്തിൽ എക്സ്ട്രാ ടൈമില്ലാതെ താരം വിടവാങ്ങിയിരിക്കുന്നു. സഹോദരൻ ആന്ദ്രേ സിൽവയും അപകടത്തിൽ മരിച്ചു.
2020-ൽ വോൾവ്‌സിൽ നിന്ന് ലിവർപൂളിലേക്ക് പരിശീലകൻ യർഗൻ ക്ലോപ്പ് ജോട്ടയെയെത്തിക്കാൻ മുടക്കിയത് 477 കോടി രൂപയാണ്. അന്ന് നെറ്റിചുളിച്ചവർക്കുമുന്നിൽ വേഗവും ഡ്രിബ്ലിങ് മികവും ക്ലിനിക്കൽ ഫിനിഷിങ്ങുംകൊണ്ട് താരം മറുപടി നൽകി. കളിച്ചുതുടങ്ങിയ കാലം മുതൽ താരനിബിഡമായ പോർച്ചുഗൽ ക്ലബ്ബിൽ സ്ഥിരാംഗമായി. രണ്ടുതവണ ടീമിനൊപ്പം നേഷൻസ് ലീഗും വിജയിച്ചു.
പുഞ്ചിരി മായാത്ത മുഖമായിരിക്കും ജോട്ടയെന്ന പേര് കേൾക്കുമ്പോൾ ഫുട്‌ബോൾ പ്രേമികളുടെ മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ, ഫൈനൽ തേർഡിൽ എതിരാളികൾക്ക് ജോട്ട പേടിസ്വപ്നമായിരുന്നു. പ്രതിരോധനിരയെ വെട്ടിയൊഴിഞ്ഞ് ഫിനിഷ് ചെയ്യുന്നത് ഫുട്‌ബോൾ ലോകം എത്രതവണ കണ്ടിരിക്കുന്നു. പോർച്ചുഗൽ ക്ലബ്ബ് പാകോസ് ഫെരെയ്‌രയിലൂടെയാണ് പ്രൊഫഷണൽ ഫുട്‌ബോളിലേക്കുള്ള വരവ്. അത്‌ലറ്റിക്കോ മഡ്രിഡിലേക്ക് എത്തിയെങ്കിലും വായ്പയിൽ പോർട്ടോയിലേക്ക് പോയി. പിന്നീടാണ് വോൾവ്‌സിലേക്ക് എത്തുന്നത്. 2020-ൽ ലിവർപൂളിലേക്കും. അഞ്ച് സീസൺ ലിവർപൂളിൽ കളിച്ച താരം 182 മത്സരങ്ങളിൽ ബൂട്ടുകെട്ടി. 65 ഗോളും നേടി. അന്താരാഷ്ട്ര ഫുട്‌ബോളിൽ താഴെത്തട്ടിൽനിന്ന് ഉയർന്നുവന്ന താരമായിരുന്നു. പോർച്ചുഗലിന്റെ വിവിധ പ്രായപരിധിയിലുള്ള ടീമുകളിൽ കളിച്ചശേഷം 2019-ൽ ലിത്വാനിയക്കെതിരേ അരങ്ങേറി. അതിനുശേഷം 47 മത്സരങ്ങളിൽ രാജ്യത്തിനായി കളിച്ചു. 14 ഗോളും നേടി. 2024 ജൂൺ എട്ടിന് ക്രൊയേഷ്യക്കെതിരേയാണ് അവസാനമായി അന്താരാഷ്ട്ര മത്സരത്തിൽ ഗോൾ വന്നത്.
കരിയറിലെ അവസാനഗോൾ ലിവർപൂൾ തട്ടകമായ ആൻഫീൽഡിൽ എവർട്ടണിനെതിരേയായിരുന്നു. 57-ാം മിനിറ്റിൽ ബോക്സിനുപുറത്തുലഭിച്ച പന്തുമായി അകത്തേക്ക് കയറി, എവർട്ടൺ പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് ബുള്ളറ്റ് ഷോട്ടിലൂടെ വലകുലുക്കിയശേഷം കോർണർ ഫ്ളാഗിനടുത്തുള്ള ആഘോഷം ഓർമ്മച്ചിത്രമായി മാറുന്നു. ഗോളാരവങ്ങളിൽ മുഴങ്ങാൻ ജോട്ടയെന്ന പേരില്ലാതാകുന്നു.
Content Highlights: diogo jota last extremity liverpool fc








English (US) ·