അബുദാബി ∙ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചറിയാണ് നേടിയതെങ്കിലും ക്രിക്കറ്റ് കരിയറിൽ ഒരുപക്ഷേ ഏറ്റവും നിർണായകമായേക്കാവുന്ന ഇന്നിങ്സാണ് ഒമാനെതിരെ ഇന്ത്യൻ താരം സഞ്ജു സാംസൺ കളിച്ചത്. ഏഷ്യാകപ്പ് ടൂർണമെന്റിൽ ലഭിച്ച ആദ്യ ബാറ്റിങ് അവസരം മുതലാക്കിയ താരം, സ്കോർ ബോർഡിൽ നിർണായക റൺസ് ചേർത്തശേഷമാണ് മടങ്ങിയത്. ഇന്ത്യൻ ഇന്നിങ്സിനു കരുത്തുപകർന്ന സഞ്ജു, കളിയിലെ താരമാകുകയും ചെയ്തു. മാത്രമല്ല, ഒരുപിടി റെക്കോർഡുകളും സ്വന്തം പേരിലാക്കി.
വെള്ളിയാഴ്ച, അബുദാബിയിൽ നടന്ന ഒമാനെതിരായ മത്സരത്തിൽ മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയാണ് സഞ്ജു ക്രീസിലെത്തിയത്. ഓപ്പണർ അഭിഷേക് ശർമ, തന്റെ സ്ഥിരം ശൈലിയിൽ തന്നെ ബാറ്റ് വീശിയപ്പോൾ മറുവശത്ത് താളം കണ്ടെത്താൻ സഞ്ജു ബുദ്ധിമുട്ടി. ആദ്യ ഏഴു പന്തിൽ ഒരു റൺ മാത്രമാണ് സഞ്ജു നേടിയത്. എട്ടാം പന്തിലാണ് ആദ്യ സിക്സർ അടിച്ചത്. പിന്നീടും തന്റെ തനതു ശൈലിയിൽ തുടർച്ചയായി കൂറ്റനടികൾക്ക് സഞ്ജു ശ്രമിച്ചില്ല. എങ്കിലും നൂറിനു മുകളിൽ സ്ട്രൈക്ക് റേറ്റ് നിലനിർത്തുകയും ചെയ്തു.
ഒരറ്റത്ത് കൂറ്റനടികൾക്ക് ശ്രമിച്ച് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് നിലയുറപ്പിച്ച് ഇന്ത്യൻ സ്കോർഡ് ബോർഡ് ചലപ്പിക്കാൻ സഞ്ജുവിനായി. രണ്ടാം ഓവറിൽ ക്രീസിലെത്തിയ താരം, 17–ാം ഓവറിൽ, നേരിട്ട 41–ാം പന്തിലാണ് അർധസെഞ്ചറി പൂർത്തിയാക്കിയത്. മൂന്നു സിക്സും മൂന്നു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നത്. 18–ാം ഓവറിൽ പുറത്താകുമ്പോൾ 45 പന്തിൽ 56 റൺസായിരുന്നു സഞ്‍ജുവിന്റെ സമ്പാദ്യം.
∙ സഞ്ജുവിന്റെ ‘സന്ദേശം’
ഏഷ്യാകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ പ്ലേയിങ് ഇലവനിൽ തന്നെ സഞ്ജുവിന്റെ സ്ഥാനം ചോദ്യചിഹ്നമായിരുന്നു. എന്നാൽ വിക്കറ്റ് കീപ്പറായി ടീമിലിടം ലഭിച്ച സഞ്ജുവിന്, ഓപ്പണർ സ്ഥാനം നഷ്ടമായി. അതുകൊണ്ടു തന്നെ ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റിങ്ങിന് അവസരം ലഭിച്ചതുമില്ല. ബാറ്റിങ് പൊസിഷനിൽ അഞ്ചാം സ്ഥാനമാണ് സഞ്ജുവിനെങ്കിലും പാക്കിസ്ഥാനെതിരായ ചേസിൽ ആ സ്ഥാനത്തും സഞ്ജുവിന് ഇറങ്ങാനായില്ല.
തുടർന്നാണ് ഒമാനെതിരെ സഞ്ജുവിന് സ്ഥാനക്കയറ്റം ലഭിച്ചത്. അവസരം മുതലാക്കിയ സഞ്ജു, ടോപ് ഓർഡറിൽ തനിക്ക് എന്തു ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചു കൊടുക്കുകയും ചെയ്തു. ഒമാനെതിരെ മെല്ലെപോക്കിന്റെ പേരിൽ വിമർശനങ്ങൾ ഉന്നയിക്കാമെങ്കിലും സാഹചര്യമനുസരിച്ചുള്ള ‘സെൻസിബിൾ’ ഇന്നിങ്സ് തന്നെയായിരുന്നു സഞ്ജുവിന്റേത്. അതു തെളിയിക്കുന്നതാണ് സഞ്ജുവിന് ലഭിച്ച പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും.
∙ റെക്കോർഡ് സഞ്ജുഇതോടെ രാജ്യാന്തര ട്വന്റി20യിൽ മൂന്നു പ്ലെയർ ഓഫ് ദ് മാച്ച് അവാർഡ് വാങ്ങുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കി. കഴിഞ്ഞ 12 മാസത്തിനിടെയാണ് മൂന്ന് അവാർഡുകളും നേടിയതെന്നതും ട്വന്റി20 ഫോർമാറ്റിൽ താരത്തിന്റെ ഫോം തെളിയിക്കുന്നു. ബംഗ്ലദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെയാണ് സഞ്ജു ഇതിനു മുൻപ് പ്ലെയർ ഓഫ് ദ് മാച്ച് അവാർഡ് നേടിയത്. കൂടാതെ, ഏഷ്യാകപ്പിൽ അർധസെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും സഞ്ജു സാംസന്റെ പേരിലായി.
English Summary:








English (US) ·