
പ്രതീകാത്മക ചിത്രം | Photo: Instagram/ Shahi Kabir
റിലീസിന്റെ രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോഴും 'റോന്തി'ന് തീയേറ്ററുകളില്‍ വന്‍സ്വീകരണം. ഷാഹി കബീര്‍ എഴുതി സംവിധാനംചെയ്ത ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ദിലീഷ് പോത്തന്റേയും റോഷന്‍ മാത്യുവിന്റേയും പ്രകടനത്തിനും വലിയ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇരുവരുടേയും കരിയര്‍ ബെസ്റ്റാണ് ചിത്രമെന്ന് നിരൂപകരും പ്രേക്ഷകരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിന് പുറമേ വിദേശത്തും 'റോന്തി'ന് മികച്ച കളക്ഷനാണ്. കനത്ത മഴയെ അതിജീവിച്ചാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍നിന്ന് പണം വാരുന്നത്.
''റോന്തി'ന് കിട്ടുന്ന വലിയ സ്വീകാര്യതയില്‍ ഏറെ സന്തോഷമുണ്ട്. പ്രത്യേകിച്ച് ആദ്യ വീക്കെന്റില്‍ എനിക്ക് ലഭിച്ച പ്രതികരണങ്ങള്‍. വലിയ രീതിയില്‍ കഷ്ടപ്പെട്ടു ചെയ്ത സിനിമായണ് 'റോന്ത്'. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും എന്നും അറിയാമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കിട്ടുന്ന ഈ വലിയ പിന്തുണ സത്യത്തില്‍ പ്രതീക്ഷിക്കാത്തതാണ്. ഈ സിനിമ എന്നും എനിക്ക് സ്‌പെഷലായിരിക്കും', ചിത്രത്തില്‍ ദിന്‍നാഥ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷന്‍ മാത്യു പറയുന്നു.
'ഒരുപാട് കഥാപാത്രങ്ങള്‍ സിനിമയില്‍ ചെയ്തിട്ടുണ്ടെങ്കിലും 'റോന്തി'ലെ യോഹന്നാന്‍ എന്ന കഥാപാത്രത്തിന് കിട്ടിയ അത്രയും അഭിനന്ദനങ്ങള്‍ എനിക്ക് സിനിമാ ജീവിതത്തില്‍ ഇതുവരെ കിട്ടിയിട്ടില്ല. സിനിമ നന്നാകും എന്ന ധൈര്യം എനിക്കുണ്ടായിരുന്നു. പക്ഷേ, ഒരു നടന്‍ എന്ന നിലയില്‍ ഇത്രയും അഭിനന്ദനം കിട്ടുമെന്ന് കരുതിയില്ല. അത് വലിയ സര്‍പ്രൈസ് കൂടിയായിരുന്നു', യോഹന്നാന്‍ എന്ന എഎസ്‌ഐയെ അവതരിപ്പിച്ച ദിലീഷ് പോത്തന്‍ പറയുന്നു.
'ജോസഫി'നും 'നായാട്ടി'നും 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്കും ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കിയ ചിത്രമാണ് 'റോന്ത്'. 'ഇലവീഴാപൂഞ്ചിറ'ക്ക് ശേഷം ഷാഹി കബീര്‍ സംവിധാനംചെയ്ത ചിത്രം എന്ന പ്രത്യേകതയും 'റോന്തി'നുണ്ട്. ടൈംസ് ഗ്രൂപ്പിന്റെ ജംഗ്ലീ പിക്‌ചേഴ്‌സും ഫെസ്റ്റിവല്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Content Highlights: Ronth Movie: Box Office Success & Reviews
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·