
എം.കെ. മുത്തു, എം.കെ. മുത്തു പിള്ളയോ പിള്ളൈ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ | Photo: X/ Ashokbabu Arukutty, YouTube: Screen grab/ Tamilmoviesonline
ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകന്‍ എം.കെ. മുത്തു (77) അന്തരിച്ചു. ശനിയാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖങ്ങള്‍ അലട്ടിയിരുന്നു.
കരുണാനിധിയുടെ ആദ്യഭാര്യ പദ്മാവതിയിലുണ്ടായ മകനാണ് എം.കെ. മുത്തു. മുത്തുവേല്‍ കരുണാനിധി മുത്തുവെന്നാണ് മുഴുവന്‍ പേര്. അദ്ദേഹത്തിന്റെ അമ്മയുടെ അച്ഛനും അമ്മാവനും സംഗീതജ്ഞരായിരുന്നു. സംഗീതം അഭ്യസിച്ച മുത്തു, നായകനായ സിനിമയില്‍ പാട്ടുകള്‍ പാടി. 1970-ല്‍ പുറത്തിറങ്ങിയ പിള്ളയോ പിള്ളൈ ആണ് ആദ്യ ചിത്രം.
സമയല്‍കാരന്‍, അണയവിളക്ക്, ഇങ്കേയും മനിതര്‍കള്‍, പൂക്കാരി എന്നിവ ആദ്യകാലത്തെ പ്രധാനചിത്രങ്ങളാണ്. മുന്‍മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനാണ് മുത്തുവിനെ സിനിമയില്‍ അവതരിപ്പിച്ചത്. എന്നാല്‍, എം.ജി.ആറിനെ അനുകരിക്കുന്ന തരത്തിലുള്ള അഭിനയം അദ്ദേഹത്തിന് തിരിച്ചടിയായി. ഇതും എം.ജി.ആറും കരുണാനിധിയും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ക്ക് കാരണമായെന്നും പറയപ്പെടുന്നു.
കരുണാനിധിയുമായുള്ള അഭിപ്രായഭിന്നതകളെത്തുടര്‍ന്ന് എഐഎഡിഎംകെയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സ്വീകരിക്കാന്‍ എംജിആര്‍ തയ്യാറായില്ല. 2009-ല്‍ കരുണാനിധിയുമായി വീണ്ടും രമ്യതയിലായി. സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും കാര്യമായി ശോഭിക്കാന്‍ മുത്തുവിന് സാധിച്ചിരുന്നില്ല.
മുത്തു ജനിച്ചതിന് പിന്നാലെ അമ്മ പത്മാവതി അന്തരിച്ചു. തുടര്‍ന്നാണ് കരുണാനിധി ദയാലു അമ്മാളിനെ വിവാഹം കഴിച്ചത്.
തന്നില്‍ പിതൃതുല്യമായ വാത്സല്യംചൊരിഞ്ഞ സഹോദരനെയാണ് നഷ്ടമായതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അനുശോചിച്ചു. പിതാവിനെപ്പോലെ അദ്ദേഹവും നാടകരംഗത്ത് സജീവമായിരുന്നു. ദ്രാവിഡ പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. കാണുമ്പോഴെല്ലാം അദ്ദേഹം പഴയകാല ഓര്‍മകള്‍ പങ്കുവെക്കുമായിരുന്നു. തന്റെ കലയിലൂടെയും പാട്ടുകളിലൂടെയും ഓര്‍മകളിലും ജനങ്ങളുടെ ഹൃദയങ്ങളിലും അദ്ദേഹം എന്നും ജീവിക്കുമെന്നും സ്റ്റാലിന്‍ അനുശോചിച്ചു.
Content Highlights: MK Muthu, lad of erstwhile Tamil Nadu CM Karunanidhi, passed distant astatine 77
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·