കരുത്തരുടെ പടയുമായി നേരിടാൻ ഇറങ്ങി, വീണ്ടും തോറ്റുമടങ്ങി മുംബൈയുടെ ‘സൂപ്പർ’ ടീം; ഇത് ബഡാ കേരളം

1 month ago 2

മനോരമ ലേഖകൻ

Published: December 05, 2025 10:31 AM IST

1 minute Read

SPO-CRI-INDIA-NET-SESSIONS-ICC-MEN'S-T20-CRICKET-WORLD-CUP-WES
അഞ്ചു വിക്കറ്റ് വീഴ്ത്തിയ കേരള താരം കെ.എം. ആസിഫ്

ലക്നൗ ∙ സൂര്യകുമാർ യാദവ്, അജിൻക്യ രഹാനെ, സർഫറാസ് ഖാൻ, ശിവം ദുബെ... മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ കരുത്തൻമാരുടെ പടയുമായെത്തിയ മുംബൈ ടീമിനെ കീഴടക്കി കേരളം. ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈയെ 15 റൺസിന് തോൽപിച്ച കേരള ടീം ടൂർണമെന്റിലെ മൂന്നാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത കേരളം 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ മുംബൈ 163 റൺസിന് ഓൾഔട്ടായി.

ബാറ്റിങ്ങിലെ വെടിക്കെട്ടിനൊപ്പം (15 പന്തിൽ 35 നോട്ടൗട്ട്) ബോളിങ്ങിലും (ഒരു വിക്കറ്റ്) തിളങ്ങിയ എൻ.എം.ഷറഫുദ്ദീനാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഓപ്പണിങ്ങിൽ തകർത്തടിച്ച ക്യാപ്റ്റൻ സഞ്ജു സാംസണിന്റെയും (28 പന്തിൽ 46) 24 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത പേസർ കെ.എം.ആസിഫിന്റെയും പ്രകടനം നിർണായകമായി.  സ്കോർ: കേരളം– 20 ഓവറിൽ 5ന് 178. മുംബൈ– 19.4 ഓവറിൽ 163 ഓൾഔട്ട്.

കളി തിരിച്ച് ആസിഫ്
സർഫറാസ് ഖാനും (40 പന്തിൽ 52) അജിൻക്യ രഹാനെയും (18 പന്തിൽ 32) മികച്ച തുടക്കം നൽകിയതോടെ മറുപടി ബാറ്റിങ്ങിൽ 179 റൺസ് വിജയലക്ഷ്യത്തിലേക്ക് അനായാസം മുന്നേറുകയായിരുന്നു മുംബൈ. 12 ഓവറിൽ 99 റൺസ് നേടിയ മുംബൈ ടീം 17 ഓവർ പൂർത്തിയായപ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ക്രീസിൽ നിൽക്കെ അവസാന 3 ഓവറിൽ മുംബൈയ്ക്കു വേണ്ടിയിരുന്നത് 31 റൺസ്. എന്നാൽ 18–ാം ഓവറിൽ സൂര്യകുമാർ യാദവിന്റേത് (32) ഉൾപ്പെടെ 3 നിർണായക വിക്കറ്റുകൾ വീഴ്ത്തി കെ.എം.ആസിഫ് കളി തിരിച്ചു. വെറും 15 റൺസിനിടെ അവസാന 6 വിക്കറ്റുകൾ നഷ്ടമായ മുംബൈ 163ന് ഓൾഔട്ടായി.

സഞ്ജുവിന്റെ തുടക്കം
നേരത്തേ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനു ക്യാപ്റ്റൻ സഞ്ജു സാംസണും വിഷ്ണു വിനോദും (40 പന്തിൽ 43) മികച്ച തുടക്കമാണ് നൽകിയത്. സഞ്ജുവാണ് കേരള ഇന്നിങ്സിലെ ടോപ്സ്കോറർ. മധ്യനിരയിൽ റൺറേറ്റ് താഴ്ന്നപ്പോൾ 17–ാം ഓവറിൽ ക്രീസിലെത്തിയ ഷറഫുദ്ദീന്റെ വെടിക്കെട്ടാണ് (15 പന്തിൽ 35*) ടീം സ്കോർ 178ൽ എത്തിച്ചത്.

English Summary:

Kerala cricket squad defeated Mumbai successful the Syed Mushtaq Ali Trophy. KM Asif's bowling show and Sanju Samson's captaincy were important for Kerala's victory.

Read Entire Article