.jpg?%24p=cdda3fa&f=16x10&w=852&q=0.8)
യുഎഇക്കെതിരായ മത്സരത്തിൽ വൈഭവ് സൂര്യവംശി
ഐപിഎല്ലില്‍ ലോകോത്തര ബൗളര്‍മാരെ വിറപ്പിച്ച പതിന്നാലുകാരനു മുന്നില്‍ ഇംഗ്ലീഷ് പടയുടെ കൗമാരതാരങ്ങള്‍ക്ക് എന്തുചെയ്യാനാകും. ഉയര്‍ന്നുവരുന്ന പന്തുകളെ തലങ്ങും വിലങ്ങും പ്രഹരിച്ച് അണ്ടര്‍ 19 ഏകദിനത്തിലും വൈഭവ് സൂര്യവംശി താണ്ഡവമാടുന്ന കാഴ്ച. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേ സമാനതകളില്ലാത്ത പ്രകടനമായിരുന്നു വൈഭവിന്റേത്. 13 ഫോറുകളും 10 സിക്‌സറുകളുമടക്കം 78 പന്തില്‍ നിന്ന് 143 റണ്‍സെടുത്ത് മടങ്ങുമ്പോൾ യൂത്ത് ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ സെഞ്ചുറി ഈ ലിറ്റിൽ സൂപ്പർസ്റ്റാർ കരസ്ഥമാക്കിയിരുന്നു.
സെഞ്ചുറി പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരന്‍ പുതുചരിത്രമെഴുതുകയായിരുന്നു. യൂത്ത് ഏകദിന ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടവും വൈഭവ് സ്വന്തമാക്കി. 52-പന്തില്‍ മൂന്നക്കം തൊട്ട താരം പാക് താരമായ കമ്രാന്‍ ഖുലാമിന്റെ റെക്കോഡാണ് മറികടന്നത്. 2013-ല്‍ ഖുലാം 53-പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേയാണ് അന്ന് പാക് കൗമാരതാരം സെഞ്ചുറി തികച്ചത്. യൂത്ത് ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. ബംഗ്ലാദേശിന്റെ നജ്മുള്‍ ഷാന്റോയുടെ റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 2013-ല്‍ സെഞ്ചുറി നേടുമ്പോള്‍ 14 വര്‍ഷവും 241 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. യൂത്ത് ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടവും വൈഭവിന് വന്നുചേര്‍ന്നു.
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് നടത്തിയ വൈഭവ് അതിവേഗ അര്‍ധസെഞ്ചുറി തികച്ചിരുന്നു. 20 പന്തില്‍ നിന്ന് താരം അര്‍ധസെഞ്ചുറിയും നേടി. അതോടെ അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി വൈഭവ് മാറി. ഋഷഭ് പന്താണ് അണ്ടര്‍ 19 ഏകദിനത്തില്‍ ഏറ്റവും വേഗം അര്‍ധസെഞ്ചുറി തികച്ച ഇന്ത്യന്‍ താരം. 2016-ല്‍ നേപ്പാളിനെതിരേ 18 പന്തില്‍ നിന്ന് താരം അര്‍ധസെഞ്ചുറി നേടിയിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വൈഭവ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ മത്സരത്തില്‍ 19 പന്തില്‍ നിന്ന് 48 റണ്‍സാണ് അടിച്ചെടുത്തത്. രണ്ടാം ഏകദിനത്തില്‍ 45 റണ്‍സുമെടുത്തു.
ഐപിഎല്ലിലും ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലും തുടര്‍ച്ചയായി ഉജ്വലബാറ്റിങ് കാഴ്ചവെക്കുന്ന താരത്തെ പ്രശംസ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. തന്റെ ബാറ്റിങ് വൈഭവം കൊണ്ട് ഈ ബിഹാറുകാരന്‍ ലോകത്തെയൊന്നാകെ അമ്പരപ്പിക്കുകയാണ്. ഇനി ഇന്ത്യയുടെ സീനിയര്‍ ടീമില്‍ എന്നെത്തുമെന്ന് മാത്രമാണ് ആരാധകര്‍ ചോദിക്കുന്നത്. അത് വിദൂരമല്ലെന്നുറപ്പ്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാവിതാരമാകുമെന്ന് ഉറപ്പിക്കുന്നുണ്ട് ക്രിക്കറ്റ് നിരീക്ഷകരും. ഒരു പതിന്നാലുകാരന്‍ എങ്ങനെയാണ് ഇത്രയും ശക്തിയോടെ സിക്‌സറുകള്‍ അടിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. അവിശ്വസനീയവും അസാധാരണവുമാണ് ഈ പ്രകടനമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ വൈഭവിന്റെ ഈ കഴിവിനെ ചെറുപ്പത്തില്‍ തന്നെ കുട്ടിക്കാലത്തെ പരിശീലകനായ മനീഷ് ഓജ തിരിച്ചറിഞ്ഞിരുന്നു. പത്താം വയസ്സില്‍ തന്നെ വൈഭവ് 90 മീറ്റര്‍ സിക്‌സറുകള്‍ അടിച്ചിട്ടുണ്ടെന്നാണ് മനീഷ് പറയുന്നത്.
അതേസമയം തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ മാതാപിതാക്കളുടെ കഠിനപരിശ്രമമുണ്ടെന്ന് തുറന്നുപറഞ്ഞിട്ടുണ്ട് വൈഭവ്. തനിക്ക് പരിശീലനത്തിന് പോകേണ്ടതിനാൽ അമ്മ മൂന്ന് മണിക്കൂർ മാത്രമാണ് അന്ന് ഉറങ്ങിയിരുന്നതെന്നും അച്ഛൻ ജോലി ഉപേക്ഷിച്ചെന്നുമാണ് വൈഭവ് മുമ്പൊരിക്കൽ പറഞ്ഞത്.
'ഞാൻ ഇന്ന് എന്താണോ, അതിന് എന്റെ മാതാപിതാക്കളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. എനിക്ക് പരിശീലനത്തിന് പോകേണ്ടതിനാൽ എന്റെ അമ്മ നേരത്തെ എഴുന്നേൽക്കുകയും എനിക്കുവേണ്ടി ഭക്ഷണം തയ്യാറാക്കുകയും ചെയ്യുമായിരുന്നു. രാത്രി 11 മണിക്ക് ഉറങ്ങി രണ്ട് മണിക്ക് എഴുന്നേൽക്കും. അവർ മൂന്ന് മണിക്കൂർ മാത്രമേ ഉറങ്ങുമായിരുന്നുള്ളൂ.'- വൈഭവ് അന്ന് പറഞ്ഞു.
'എന്റെ അച്ഛൻ എനിക്കുവേണ്ടി അദ്ദേഹത്തിന്റെ ജോലി ഉപേക്ഷിച്ചു, ഇപ്പോൾ എന്റെ ജ്യേഷ്ഠനാണ് അത് നോക്കുന്നത്. ഞങ്ങൾ വളരെ ബുദ്ധിമുട്ടിലായിരുന്നു. അച്ഛൻ എന്നെ പിന്തുണച്ചു. എനിക്ക് അത് നേടാൻ കഴിയുമെന്ന് പറഞ്ഞു. ഇന്ന് ഞാൻ നേടിയ വിജയത്തിന് കാരണം എന്റെ മാതാപിതാക്കളാണ്.'- വൈഭവ് കൂട്ടിച്ചേർത്തു.
ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും രാജസ്ഥാന്‍ റോയല്‍സ് താരമായ വൈഭവ് ക്രിക്കറ്റ് ലോകത്തെയൊന്നടങ്കം കോരിത്തരിപ്പിച്ചാണ് മടങ്ങിയത്. പതിന്നാലുവയസ് മാത്രമുള്ള താരം ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അതിവേഗ സെഞ്ചുറിയും വെടിക്കെട്ട് പ്രകടനങ്ങളും കൊണ്ട് ഈ വണ്ടര്‍കിഡ് ഐപിഎല്‍ ചരിത്രം തന്നെ തിരുത്തിയെഴുതി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 35 പന്തില്‍ സെഞ്ചുറി കുറിച്ച വൈഭവ് 38 പന്തില്‍ 11 സിക്സും ഏഴു ഫോറുമുള്‍പ്പെടെ 101 റണ്‍സടിച്ച ശേഷമാണ് പുറത്തായത്. ഐപിഎല്ലിലും ടി20 ക്രിക്കറ്റിലും സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും 14 വയസും 32 ദിവസും മാത്രം പ്രായമുള്ള ഈ ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ സ്വന്തമാക്കി. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന നേട്ടവും വെറും മൂന്നാമത്തെ മത്സരത്തില്‍ വൈഭവ് സ്വന്തം പേരിലാക്കി. ഐപിഎല്ലിലെ ഒരു താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമായിരുന്നു ഇത്.
ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സൂര്യവംശിയുടെ ജനനം. നാലാം വയസ്സിൽ കളിതുടങ്ങി. പിതാവ് തന്നെയായിരുന്നു ആദ്യ പരിശീലകൻ. ഒമ്പതാം വയസ്സിൽ നാട്ടിലെ ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. പിന്നീടുള്ള സൂര്യവംശിയുടെ വളർച്ച പ്രായത്തെ കവച്ചുവെക്കുന്നതായിരുന്നു. ഐപിഎൽ ടീമുമായി കരാറിലെത്തുന്ന പ്രായംകുറഞ്ഞ താരമായ സൂര്യവംശിയെ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്.
Content Highlights: vaibhav suryavanshi show india nether 19 ipl records








English (US) ·