തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും നല്‍കാന്‍ കേരള ക്രിക്കറ്റ് ലീഗ് ഔദ്യോഗിക ഭാഗ്യചിഹ്നങ്ങള്‍ പ്രകാശനം ചെയ്തു. കേരളത്തിന്റെ സാംസ്‌കാരിക തനിമയും ക്രിക്കറ്റിന്റെ ആധുനിക ആവേശവും വിനോദവും ഒരുപോലെ സമന്വയിപ്പിക്കുന്ന ബാറ്റേന്തിയ കൊമ്പന്‍, മലമുഴക്കി വേഴാമ്പല്‍, ചാക്യാര്‍ എന്നിവയാണ് കെസിഎല്ലിന്റെ ഭാഗ്യചിഹ്നങ്ങള്‍. കെസിഎല്ലിന്റെ അടിസ്ഥാന തത്വത്തെയാണ് മൂന്ന് ഭാഗ്യചിഹ്നങ്ങള്‍ പ്രതിനിധീകരിക്കുന്നത്.
ലീഗിലെ ടീമുകളുടെ കരുത്തും ആവേശവും കളിയോടുള്ള സമീപനവും പ്രതിനിധീകരിക്കുന്നതാണ് ബാറ്റേന്തിയ കൊമ്പന്‍. കേരളത്തിന്റെ പാരമ്പര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായ ആന, ക്രിക്കറ്റ് ബാറ്റുമായി നില്‍ക്കുന്നത് കെസിഎല്‍ ടി20യുടെ ഗൗരവത്തെയും മത്സരവീര്യത്തെയും സൂചിപ്പിക്കുന്നു. കളിക്കളത്തിലെ ഈ കരുത്തിനും വീറിനും നാടാകെ ലഭിക്കുന്ന പ്രചാരത്തിന്റെ പ്രതീകമാണ് കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പല്‍. വേഴാമ്പലിന്റെ ശബ്ദം കാടുകളില്‍ മുഴങ്ങുന്നതുപോലെ, കെസിഎല്‍ ടി20യുടെ ആവേശം കേരളത്തിലുടനീളവും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളിലേക്കും എത്തുമെന്ന സന്ദേശവും ചിഹ്നം നല്‍കുന്നു. കൂടാതെ, താരങ്ങള്‍ കളിക്കളത്തില്‍ പ്രകടിപ്പിക്കുന്ന കായികക്ഷമതയും മനോബലവും ഭാഗ്യചിഹ്നത്തില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പക്ഷിയുടെ ജീവിതം, ഒരു കായികതാരത്തിന് വേണ്ട അതിജീവനശേഷിയുടെയും ലക്ഷ്യബോധത്തിന്റെയും സന്ദേശം കൂടിയാണ് നല്‍കുന്നത്. 'കാടിന്റെ കര്‍ഷകര്‍' എന്ന് വിശേഷണവും വേഴാമ്പലിന് സ്വന്തമാണ്. അതിനാല്‍ പുതിയ താരങ്ങളെ വാര്‍ത്തെടുക്കുകയെന്ന ലീഗിന്റെ ലക്ഷ്യത്തിന്റെയും പ്രതീകമാണ് വേഴാമ്പല്‍.
മത്സരത്തോടൊപ്പം കാണികള്‍ക്ക് സമ്പൂര്‍ണ വിനോദം ഉറപ്പാക്കുകയും കെസിഎല്ലിന്റെ ലക്ഷ്യമാണെന്ന സൂചനയാണ് ഭാഗ്യചിഹ്നമായ ചാക്യാര്‍ നല്‍കുന്നത്. കളിക്കളത്തിലെ ഓരോ നീക്കത്തെയും താരങ്ങളുടെ പ്രകടനങ്ങളെയും അമ്പയറുടെ തീരുമാനങ്ങളെയും വരെ നര്‍മ്മത്തിന്റെയും നിരീക്ഷണത്തിന്റെയും കണ്ണുകളോടെ കാണുന്ന കാണിയുടെ പ്രതീകമായി ചാക്യാര്‍ മാറും. ഒരുതരത്തില്‍, ലീഗിന്റെ 'തേര്‍ഡ് അമ്പയര്‍' ആയും അതേസമയം കാണികളുടെ കൂട്ടുകാരനായും ഈ ഭാഗ്യചിഹ്നത്തെ കാണാം. ക്രിക്കറ്റ് കളിക്കളത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അതിന്റെ ചര്‍ച്ചകളും വിശകലനങ്ങളും കൂടിയാണ് ആരാധകര്‍ക്ക് ആവേശം പകരുന്നത്. ഈ വിനോദത്തെയും വിമര്‍ശനത്തെയും ഒരുപോലെ പ്രതിനിധീകരിക്കാന്‍ ചാക്യാരെക്കാള്‍ മികച്ചൊരു പ്രതീകമില്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. ടി20 ക്രിക്കറ്റിനെ നിര്‍വചിക്കുന്ന വിനോദത്തിനും ആവേശത്തിനും ഒപ്പം കളിയെക്കുറിച്ചുള്ള നിരൂപണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് ചാക്യാര്‍ എന്ന ഭാഗ്യചിഹ്നം. കേരളത്തിന്റെ തനത് കലാരൂപമായ ചാക്യാര്‍കൂത്തിലെ കഥാപാത്രം, സാമൂഹിക വിമര്‍ശനങ്ങളും നര്‍മ്മവും സമന്വയിപ്പിച്ച് സദസ്സിനെ കയ്യിലെടുക്കുന്ന കലാകാരനാണ്. ഇതേ ആശയം ഉള്‍ക്കൊണ്ടാണ് കെസിഎല്ലിന്റെ ഭാഗ്യചിഹ്നമായി ചാക്യാരെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മൂന്ന് ചിഹ്നങ്ങളും പരസ്പരം ചേരുമ്പോഴാണ് കെസിഎല്ലിന്റെ പൂര്‍ണചിത്രം ലഭ്യമാകുക. കരുത്തുറ്റ മത്സരങ്ങള്‍, വ്യാപകമായ ജനപ്രീതി, ആസ്വാദ്യകരമായ വിനോദം എന്നിവയുടെ ഒരു സമ്പൂര്‍ണ പാക്കേജായിരിക്കും കേരള ക്രിക്കറ്റ് ലീഗ് നല്‍കുന്നതെന്ന സന്ദേശമാണ് ഭാഗ്യചിഹ്നങ്ങളിലൂടെ കെസിഎ നല്‍കുന്നതെന്ന് സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു. ചിഹ്നങ്ങള്‍ കുട്ടികളെയും യുവാക്കളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മത്സരവേദികളില്‍ കൊമ്പനും ചാക്യാറും വേഴാമ്പലും നിറസാന്നിധ്യമാകും. പുതിയ സീസന് മുന്നോടിയായുള്ള ആവേശം വാനോളമുയര്‍ത്താന്‍ ഭാഗ്യചിഹ്നങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാഗ്യചിഹ്നങ്ങള്‍ക്ക് പേര് നല്‍കൂ, നേടാം സമ്മാനം
കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി പുറത്തിറക്കിയ ഭാഗ്യചിഹ്നങ്ങളായ ബാറ്റേന്തിയ കൊമ്പന്‍, വേഴാമ്പല്‍, ചാക്യാര്‍ എന്നിവയ്ക്ക് പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. തെരഞ്ഞെടുത്ത പേരുകള്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് കെസിഎ അറിയിച്ചു. പേരുകള്‍ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും കെസിഎല്ലിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ സന്ദര്‍ശിക്കുക.
Content Highlights: KCL introduces mascots representing Kerala`s civilization and cricket`s excitement








English (US) ·