കരുൺ നായർ എന്തു ചെയ്തിട്ടാണ് കളിക്കുന്നത്?: മകൻ അസ്വസ്ഥനെന്ന് അഭിമന്യുവിന്റെ പിതാവ്; 961 ദിവസം കഴിഞ്ഞിട്ടും ചാൻസില്ല!

5 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 31 , 2025 10:07 PM IST Updated: July 31, 2025 10:13 PM IST

1 minute Read

അഭിമന്യു ഈശ്വരൻ, കരുൺ നായര്‍
അഭിമന്യു ഈശ്വരൻ, കരുൺ നായർ. Photo: X@Johns

ലണ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റ് താരം അഭിമന്യു ഈശ്വരനെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും കളിപ്പിക്കാതിരുന്നതോടെ, രൂക്ഷഭാഷയിൽ പ്രതികരിച്ച് അഭിമന്യുവിന്റെ പിതാവ് രംഗനാഥൻ ഈശ്വരൻ. കഴിഞ്ഞ ബോർഡർ– ഗാവസ്കർ ട്രോഫിക്കുള്ള ടീമിനൊപ്പം മുഴുവൻ സമയവും ഉണ്ടായിരുന്നെങ്കിലും അഭിമന്യു ഈശ്വരനെ ഒരു മത്സരത്തിലും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇംഗ്ലണ്ട് പര്യടനത്തിലും അഭിമന്യുവിനെ ഒപ്പം കൂട്ടിയെങ്കിലും ഇത്തവണയും ദേശീയ ടീമില്‍ അരങ്ങേറാനുള്ള അവസരം ലഭിച്ചില്ല.

‘‘ടെസ്റ്റ് അരങ്ങേറ്റത്തിനായി അഭിമന്യു കാത്തിരുന്ന ദിവസങ്ങൾ എത്രയെന്നു ഞാൻ എണ്ണുന്നില്ല. ഞാൻ വർഷങ്ങളാണു നോക്കുന്നത്. മൂന്നു വർഷമായി. എന്താണ് ഒരു ക്രിക്കറ്റ് താരത്തിന്റെ ജോലി? റൺ സ്കോർ ചെയ്യുക. അഭിമന്യു അതു ചെയ്യുന്നുണ്ട്. ഓസ്ട്രേലിയൻ പര്യടനത്തിനു മുൻപ് ഇന്ത്യ എയ്ക്കു വേണ്ടി കളിച്ചപ്പോൾ, തിളങ്ങാതിരുന്നതുകൊണ്ടാണ് അഭിമന്യുവിനെ കളിപ്പിക്കാത്തതെന്ന് ആളുകൾ പറയും. അതു മനസ്സിലാക്കാം. പക്ഷേ കരുൺ നായർ ഈ മത്സരങ്ങളൊന്നും കളിച്ചിട്ടില്ല.’’

‘‘കരുൺ ദുലീപ് ട്രോഫിയോ, ഇറാനി ട്രോഫിയോ കളിച്ചിട്ടില്ല. കഴിഞ്ഞ വർഷം മുതൽ ഇതുവരെ അഭിമന്യു ഏകദേശം 864 റൺസോളം നേടിയിട്ടുണ്ടാകും. എന്നിട്ടും സിലക്ടർമാര്‍ കരുണിന് അവസരം നൽകി. സിലക്ടർമാർ അഭിമന്യുവിനെ വിശ്വസിക്കാൻ തയാറാകണം. എന്റെ മകന്‍ കുറച്ച് അസ്വസ്ഥനാണ്. ഐപിഎലിൽ കളിച്ചതിന്റെ പേരിലാണു ചില താരങ്ങളെ ടെസ്റ്റ് ടീമിലെടുക്കുന്നത്. ടെസ്റ്റ് പോലുള്ള ഫോർമാറ്റുകളിൽ ഐപിഎൽ പരിഗണിക്കാനേ പാടില്ല. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയിലെ പ്രകടനങ്ങൾ വിലയിരുത്തി ടെസ്റ്റ് ടീമിനെ തീരുമാനിക്കണം.’’– അഭിമന്യുവിന്റെ പിതാവ് രംഗനാഥൻ ഈശ്വരൻ ഒരു ദേശീയ മാധ്യമത്തോടു വ്യക്തമാക്കി.

ഇന്ത്യൻ ടീമിലെത്തി 961 ദിവസം പിന്നിട്ടിട്ടും പ്ലേയിങ് ഇലവനിലെ അവസരത്തിനായി അഭിമന്യു കാത്തിരിപ്പു തുടരുകയാണ്. മുൻ ഇന്ത്യൻ താരം അരുൺ‌ ലാലും അഭിമന്യു ഈശ്വരന് പിന്തുണയുമായെത്തി. ‘‘അഭിമന്യു കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. അദ്ദേഹം സ്ഥിരതയോടെ കളിച്ചിട്ടും പരിഗണിക്കുന്നില്ല. ഇന്ത്യൻ ടീം മാനേജ്മെന്റ് അഭിമന്യുവിനെ വിശ്വസിക്കാൻ തയാറാകണം.’’–അരുൺ‌ ലാല്‍ വ്യക്തമാക്കി.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Johns എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

I dont recognize this: Abhimanyu Easwaran's begetter breaks silence

Read Entire Article