പി.ജെ. ജോസ്
22 April 2025, 08:21 AM IST
.jpg?%24p=18525a4&f=16x10&w=852&q=0.8)
Photo | x.com/okfcb_
പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കർദിനാൾമാരുടെ കോൺക്ലേവിനെക്കുറിച്ച് ഇറ്റലിയിൽ പ്രശ്‌സതമായ ഒരു ചൊല്ലുണ്ട്- ' മാർപ്പാപ്പയാകുമെന്ന ഉറപ്പോടെ കോൺക്ലേവിൽ പങ്കെടുക്കുന്ന ആൾ മിക്കവാറും കർദിനാളായിട്ടായിരിക്കും മടങ്ങുക' ( മാർപ്പാപ്പ തിരഞ്ഞെടുപ്പിൽ മുൻതൂക്കമുള്ള ആൾ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടാനുളള സാധ്യത കുറവാണ് . അതായത് ഒന്നിനെക്കുറിച്ചും കൂടുതൽ ആത്മവിശ്വാസം ഒരാൾ പുലർത്തരുതെന്ന സാരം) 2013 മാർച്ചിൽ അർജന്റീനയിൽ നിന്നുള്ള കർദിനാൾ ജോർജ് ബെർഗോളിയോ ഫ്രാൻസിസ് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ഈ ചൊല്ല് അക്ഷരം പ്രതി ശരിയാകുകയായിരുന്നു.
അന്ന് മാർപ്പായാകാൻ സാധ്യത കൽപ്പിച്ചിരുന്നവരുടെ മുൻ നിരയിലൊന്നും കർദിനാൾ ബെർഗോളിയോ ഇല്ലായിരുന്നു. സിസ്‌റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്നും വെള്ളപ്പുകയുയർന്നപ്പോൾ പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തി അദ്ദേഹം മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അർജന്റീനയുടെ ചരിത്രത്തിലെ 'ദൈവത്തിന്റെ കൈ'യുടെ രണ്ടാമത്തെ ഇടപെടലായി (ആദ്യത്തേത് ഡീഗോ മാറഡോണയുടെ ഇംഗ്ലണ്ടിനെതിരായ 1986-ലെ ലോകകപ്പ് ഗോൾ) അന്ന് സാമൂഹിക മാധ്യമങ്ങളിലൊക്കെ ഇത് കൊണ്ടാടപ്പെടുകയും ചെയ്തു. മാറഡോണയുടെ ഗോളിനെ അദ്ദേഹം സ്വയം ദൈവത്തിന്റെ കൈയെന്നു വിശേഷിപ്പിച്ചെങ്കിൽ കത്തോലിക്കാ സഭയ്ക്കും ലോകത്തിനും പുതിയൊരു വഴിത്താരകണ്ടെത്താൻ ദൈവം കൈതൊട്ടു തിരഞ്ഞെടുത്തയാളെന്നു തെളിയിക്കുകയായിരുന്നു തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഫ്രാൻസിസ് മാർപ്പാപ്പ.
അന്താരാഷ്ട്ര, സാമൂഹിക , പാരിസ്ഥിതിക വിഷയങ്ങളിലെല്ലാം വ്യക്തമായ നിലപാടുകൾ എടുത്തിരുന്ന അദ്ദേഹം ഇതിനൊപ്പം തന്നെ സ്‌പോർട്‌സിനെയും ഏറെ സ്‌നേഹിച്ചിരുന്നു. സ്‌പോർട്‌സ് വഴി സമൂഹത്തിൽ വ്യക്തമായ ഇടപെടൽ നടത്താൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ദൈവവുമായും സഹജീവികളുമായും നല്ലബന്ധത്തിൽ തുടരാൻ സ്‌പോർട്‌സ് സഹായിക്കുമെന്നതായിരുന്നു ഫ്രാൻസിസ് പാപ്പയുടെ കാഴ്ചപ്പാട്. ജീവിത പാഠങ്ങളും സാഹോദര്യവും കളിക്കളത്തിൽ നിന്ന് കിട്ടുന്ന യഥാർത്ഥ അനുഭവങ്ങളാണെന്ന് അദ്ദേഹം പ്രഘോഷിച്ചു. ബ്യൂണസ് അയേഴ്‌സിലെ തെരുവീഥികളിൽ കുട്ടിക്കാലത്ത് ഫുട്‌ബോളും ബാസ്‌കറ്റ്‌ബോളും കളിച്ചിരുന്ന അദ്ദേഹം ഇത് സ്വന്തം ജീവിതത്തിൽ നി്ന്ന് പഠിച്ചതാണ്. എല്ലാ അർജന്റീനക്കാരെപ്പോലെയും ഫ്രാൻസിസ് പാപ്പയും കറകളഞ്ഞ ഫുട്‌ബോൾ പ്രേമിയായിരുന്നു. അർജന്റീനയിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ സാൻ ലൊറെൻസോയുടെ കടുത്ത ആരാധകനായാണ് ഫ്രാൻസിസ് മാർപ്പാപ്പ അറിയപ്പെട്ടിരുന്നത്. ടീമിന്റെ നേട്ടങ്ങളിൽ അവരോടൊപ്പം ആഹ്ലാദിക്കുകയും തോൽവികളിൽ അവരോടൊപ്പം സങ്കടപ്പെടുകയും ചെയ്തിരുന്ന ആരാധകൻ. ക്ലബ്ബിന്റെ ഓണററി അംഗം കൂടിയായിരുന്നു അദ്ദേഹം. മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്‌സിലെ ആർച്ച് ബിഷപ്പായിരുന്നു അദ്ദേഹം. അപ്പോൾ സാൻ ലൊറെൻസോ ക്ലബ്ബിന്റെ ആസ്ഥാനത്തിനടുത്താണ് താമസിച്ചിരുന്നത്.
വിജയത്തിന്റെ ലഹരിയും തോൽവിയുടെ വേദനയും കൂട്ടായ്മയുടെ ശക്തിയുമെല്ലാം അദ്ദേഹം കളിക്കളത്തിൽ നിന്നു തന്നെ പഠിച്ചു.
കുട്ടിക്കാലത്തും യൗവനത്തിലും കളിക്കളത്തിൽ നിന്ന് പഠിച്ച ഈ പാഠങ്ങളാണ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ശേഷം അദ്ദേഹം പ്രബോധനത്തിലൂടെയും പ്രവൃത്തികളിലൂടെയും പകർന്നത്. മറ്റെല്ലാ രംഗത്തുമെന്ന പോലെ സ്‌പോർട്‌സിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ലോകം മുഴുവനുവേണ്ടിയായിരുന്നു.
കായിക മഹാമേളകളായ ഒളിമ്പിക്‌സും ലോക കപ്പ് ഫുട്‌ബോളുമൊക്കെ അരങ്ങേറുമ്പോൾ വ്യക്തമായ സന്ദേശങ്ങളിലൂടെ തന്റെ നിലപാടുകൾ ഫ്രാൻസിസ് ലോകത്തെ മാർപ്പാപ്പ അറിയിച്ചിരുന്നു. അർജന്റീന ലോകചാമ്പ്യൻമാരായ ഖത്തർ ലോകകപ്പിനു മുമ്പും അദ്ദേഹം ലോകകപ്പിനെക്കുറിച്ചുള്ള തന്റെ സന്ദേശം അറിയിച്ചിരുന്നു. ഫുട്‌ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾക്കും താരങ്ങൾക്കും ആരാധകർക്കും കാണികൾക്കുമെല്ലാം അദ്ദേഹം ആശംസ നേരുന്നുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തിനും ജനങ്ങൾ തമ്മിലുള്ള സാഹോദര്യത്തിനും സമാധാനത്തിനും ഖത്തർ ലോകകപ്പ് അവസരമാകട്ടെയെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞിരുന്നു.
അർജന്റീനയുടെ ലോകകപ്പ് വിജയം പക്ഷേ ഫ്രാൻസിസ് പാപ്പ കണ്ടിരുന്നില്ല. കാരണം 30വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ടി.വി.കാണുന്നത് നിറുത്തിയിരുന്നു. മൗണ്ട് കാർമൽ മാതാവിനോട് അദ്ദേഹം നടത്തിയ പ്രതിജ്ഞയായിരുന്നു ഇനി ടെലിവിഷൻ കാണുകയില്ലെന്നത്. എന്നിരുന്നാലും അർജന്റീനയുടെ ഫുട്‌ബോൾ ഇതിഹാസങ്ങൾ മാറഡോണയുമായും മെസിയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ ഏറ്റവും വലിയ ആരാധകനാണ് താന്നൊണ് അന്തരിച്ച മാറഡോണ പറഞ്ഞിരുന്നത്. 2015-ൽ മാറഡോണ , ഫ്രാൻസിസ് മാർപ്പാപ്പയെ കാണുകയും കുട്ടികൾക്കായുള്ള അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പദ്ധതികൾക്ക് പിന്തുണ നൽകുകയും ചെയ്തു. 2013-ൽ അർജന്റീയുടെയും ഇററ്റലിയുടെയും ഫുട്‌ബോൾ ടീമുകൾ വത്തിക്കാനിലെത്തി മാർപ്പാപ്പയെ കണ്ടിരുന്നു. അർജന്റീന ടീമിന്റെ ക്യാപ്റ്റനായ മെസിയും ഇറ്റാലിയൻ ടീമിന്റെ ക്യാപ്റ്റൻ ജിയാൻ ലൂജിയിജി ബഫണും ചേർന്ന് ഫ്രാൻസിസ് പാപ്പയ്ക്ക് ഒലിവ് തൈ സമ്മാനിച്ചിരുന്നു. അർജന്റീന താരങ്ങൾ ടീമിന്റെ ജഴ്‌സിയും അദ്ദേഹത്തിന് സമ്മാനിച്ചു. പ്രശസ്തിക്കിടയിലും മനുഷ്യത്വം കാത്തു സൂക്ഷിക്കാൻ താരങ്ങൾക്ക് കഴിയണമെന്ന് അന്ന് അദ്ദേഹം അവരെ ഉദ്‌ബോധിപ്പിച്ചിരുന്നു.കഴിഞ്ഞ വർഷത്തെ പാരിസ് ഒളിമ്പിക്‌സിന് മുന്നോടിയായും ഫ്രാൻസിസ് പാപ്പയുടെ സന്ദേശമുണ്ടായിരുന്നു.
'സ്‌പോർട്‌സിന് പരസ്പരം പാലങ്ങൾ പണിയാനും (ബന്ധമുണ്ടാക്കാനും) വേലിക്കെട്ടുകൾ തകർക്കാനും സമാധാനപരമായ ബന്ധങ്ങൾ വളർത്താനും സാധിക്കു'മെന്നുമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ലോകത്തെ ഒരുമിപ്പിക്കാൻ സ്‌പോർ്ടസിനുള്ള ശക്തിയെ അദ്ദേഹം പ്രശംസിക്കുന്നു-' ഒരാളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള മാർഗം മാത്രമല്ല സ്‌പോർട്‌സ്, അത് സമൂഹത്തെ രൂപപ്പെടുത്തുന്ന ഒരു ഘടകം കൂടിയാണ്. സാഹോദര്യത്തിന്റെ മൂല്യം സ്‌പോർട്‌സ് നമ്മളെ പഠിപ്പിക്കുന്നു' . ഫ്രാൻസിസ് പാപ്പായുടെ ഈ വാക്കുകളെ അന്താരാഷ്ട് ഒളിമ്പിക് കൗൺസിൽ പ്രസിഡന്റ് തോമസ് ബാക്ക് ഉൾപ്പെടെയുള്ളവർ അന്ന് ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.
മറ്റെല്ലാ മേഖലകൾക്കുമെന്നതുപോലെ കായിക മേഖലയ്ക്കും ഫ്രാൻസിസ് പാപ്പായുടെ വേർപാട് വലിയൊരു നഷ്ടമാണ്.
Content Highlights: pope francis shot instrumentality and humanitarian








English (US) ·