
റിഷാദ് ഹൊസൈൻ | Photo:X.com
ന്യൂഡല്‍ഹി: പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ വിദേശതാരങ്ങൾ പരിഭ്രാന്തിയിലായിരുന്നുവെന്ന് ബംഗ്ലാദേശ് സ്പിന്നറും പിഎസ്എല്‍ ടീം ലാഹോര്‍ ക്വാലാന്‍ഡേഴ്‌സ് താരവുമായ റിഷാദ് ഹൊസൈന്‍ വെളിപ്പെടുത്തിയിരുന്നു. നാട്ടിലേക്ക് മടങ്ങവേ ഇംഗ്ലണ്ട് താരം ടോം കറന്‍ കരഞ്ഞതായും ഇനി പാകിസ്താനില്‍ പോകില്ലെന്ന് ദുബായില്‍ എത്തിയശേഷം ഡാരിൽ മിച്ചല്‍ പറഞ്ഞതായും റിഷാദ് പ്രതികരിച്ചിരുന്നു. എന്നാൽ തന്റെ പ്രതികരണങ്ങൾ മാധ്യമങ്ങളിൽ തെറ്റായി ചിത്രീകരിക്കപ്പെട്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
'ഞാന്‍ നടത്തിയ പ്രതികരണങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ദൗര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളില്‍ തെറ്റായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. ബംഗ്ലാദേശ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. എന്റെ പ്രതികരണങ്ങള്‍ കൂടുതല്‍ വൈകാരികമായിപ്പോയി.' - റിഷാദ് പറഞ്ഞു.
'ഡാരില്‍ മിച്ചലിനോടും ടോം കറനോടും നിരുപാധികം മാപ്പ് പറയുന്നതായും റിഷാദ് വ്യക്തമാക്കി. തെറ്റിദ്ധാരണ ഉണ്ടായതില്‍ ആത്മാര്‍ഥമായ ഖേദം രേഖപ്പെടുത്തുന്നു. ഡാരില്‍ മിച്ചലിനോടും ടോം കറനോടും നിരുപാധികം മാപ്പ് പറയുന്നു. സഹതാരങ്ങളെ ബഹുമാനിക്കുന്നയാളാണ് ഞാന്‍. പാകിസ്താന്‍ സൂപ്പര്‍ ലീഗ് പുനരാരംഭിക്കുമ്പോള്‍ ടീമിനൊപ്പം ചേരുമെന്നും' റിഷാദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം നാട്ടിലേക്ക് മടങ്ങവേ ഇംഗ്ലണ്ട് താരം ടോം കറന്‍ കരഞ്ഞതായും ചുറ്റുമുള്ളവര്‍ താരത്തെ ആശ്വസിപ്പിച്ചെന്നും റിഷാദ് അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.'വിദേശതാരങ്ങളായ സാം ബില്ലിങ്‌സ്, ഡാരില്‍ മിച്ചല്‍, കുശാല്‍ പെരേര, ഡേവിഡ് വീസെ, ടോം കറന്‍ എന്നിവര്‍ ഭയന്നുപോയി. ഈ സാഹചര്യത്തില്‍ ഇനി പാകിസ്താനില്‍ പോകില്ലെന്നാണ് ദുബായില്‍ എത്തിയശേഷം മിച്ചല്‍ പറഞ്ഞത്. എല്ലാവരും പരിഭ്രാന്തരായിരുന്നു. ടോം കറന്‍ വിമാനത്താവളത്തില്‍ പോയപ്പോൾ വിമാനത്താവളം അടച്ചതായി അറിഞ്ഞു. പിന്നാലെ അദ്ദേഹം കുട്ടിയെപ്പോലെ കരയാന്‍ തുടങ്ങി. രണ്ടുമൂന്നുപേര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചത്.'- റിഷാദ് അന്ന് മാധ്യമങ്ങളോട് പറഞ്ഞു.
'ദുബായിലെ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനുശേഷം ഒരു മിസൈൽ അവിടെ പതിച്ചു എന്നൊരു വിവരം കേട്ടു. ആ വാർത്ത ഭയപ്പെടുത്തുന്നതും ദുഃഖകരവുമായിരുന്നു. ദുബായിൽ എത്തിയപ്പോഴാണ് ഞങ്ങൾക്ക് ആശ്വാസമായത്. ഞാൻ കളിക്കാൻ പുറത്തുപോകുമ്പോഴെല്ലാം വീട്ടുകാർ പരിഭ്രമിക്കാറുണ്ട്. ഇപ്പോൾ പാകിസ്താനിലെ ബോംബ് സ്ഫോടനങ്ങളും മിസൈൽ ആക്രമണങ്ങളും കേട്ടപ്പോൾ അവർ സ്വാഭാവികമായും ടെൻഷനടിച്ചെന്നുമാണ് ദുബായിൽ എത്തിയ ശേഷം റിഷാദ് പ്രതികരിച്ചത്.
Content Highlights: Daryl Mitchell Tom Curran comments rishad hossain apologises








English (US) ·