
അടൂർ, ഷാജി എൻ. കരുൺ | ഫോട്ടോ: മാതൃഭൂമി
എന്നെക്കാള്‍ എത്രയോ ഇളയതായ ഷാജിയെക്കുറിച്ച് ഓര്‍മക്കുറിപ്പ് എഴുതേണ്ടിവരുക വേദനാജനകമായ അനുഭവമാണ്. ഞങ്ങള്‍ ഒരിക്കലും ഒരുമിച്ചു ജോലിചെയ്തിട്ടില്ല. ഒന്നോരണ്ടോ തവണ ചില സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, അത്രമാത്രം. എന്നാല്‍, ഷാജിയെ എനിക്ക്, അദ്ദേഹം പ്രീഡിഗ്രിക്കാരനായിരുന്ന കാലംതൊട്ടേ അറിയാം.
വെള്ളയമ്പലത്തുള്ള ചിത്രലേഖയുടെ ഓഫീസിലേക്ക് മാനേജരായിരുന്ന മുകുന്ദന്‍, കൊലുന്നനെയുള്ള ഒരു പയ്യനുമായിവന്നത് ഓര്‍ക്കുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് സിനിമാറ്റോഗ്രഫി പഠിക്കണം. അതിനുള്ള വഴി അന്വേഷിച്ചാണ് എന്നെത്തേടി എത്തിയത്. പയ്യന്റെ കൈവശം ഏതാനും ഫോട്ടോകളും ഉണ്ടായിരുന്നു. അത് എന്റെമുന്നില്‍ നിരത്തിവെച്ചിട്ട് മുകുന്ദന്‍ പറഞ്ഞു: ഫോട്ടോഗ്രഫിയിലാണ് താത്പര്യം.
ചെറുപ്രായത്തില്‍ത്തന്നെ ഫോട്ടോഗ്രഫിയില്‍ താത്പര്യം കാണിച്ച ചെറുപ്പക്കാരനോട് എനിക്ക് ഒരു പ്രത്യേക അടുപ്പവും മതിപ്പും തോന്നി. പുണെയില്‍ച്ചെന്ന് പ്രവേശനപരീക്ഷ എഴുതി ജയിച്ചശേഷം അഭിമുഖമെന്ന കടമ്പയും കടന്നാല്‍മാത്രമേ പ്രവേശനം ഉറപ്പിക്കാനാവൂ.
ഞങ്ങള്‍ ആയിടെ പ്രസിദ്ധീകരിച്ച ചിത്രലേഖാ ഫിലിം സുവനീറിന്റെ ഒരു കോപ്പി കൈയില്‍ക്കൊടുത്തിട്ട് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു: ''ഇത് മനസ്സിരുത്തി വായിച്ചുകൊണ്ടുപോയാല്‍ ഏതുചോദ്യത്തിനും ഉത്തരമെഴുതാം.'' ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എനിക്ക് അടുപ്പവും ബഹുമാനവുമുള്ള ഒന്നുരണ്ട് അധ്യാപകരെ ഏല്‍പ്പിക്കാനുള്ള കത്തും നല്‍കി. ഏതാനും നാളുകള്‍ക്കുശേഷം ഷാജിയുടെ എഴുത്തുവന്നു: 'എനിക്കിവിടെ അഡ്മിഷന്‍ കിട്ടി. സന്തോഷം. നന്ദി.'
ചലച്ചിത്രരംഗത്തെത്തിയ ഷാജി, അരവിന്ദനുമായിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കാലക്രമേണ സംവിധാനരംഗത്തേക്ക് ചുവടുവെച്ച ഷാജി, അവിടെയും വിജയംകുറിച്ചു. ദേശീയ-സംസ്ഥാനതലങ്ങളില്‍ സമ്മാനിതമായതിനുപുറമേ കാന്‍ ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലും പിറവിയെത്തി.
ഏറെക്കാലത്തെ അവ്യവച്ഛേതിതമായ അകല്‍ച്ചയ്ക്കുശേഷം ഏതാനും ആഴ്ചകള്‍ക്കുമുന്‍പ് ഷാജി എന്നെ കാണാന്‍വന്നിരുന്നു. ഒരു വീഴ്ച കടന്ന് കഷ്ടിച്ച് സുഖംപ്രാപിച്ചുകൊണ്ടിരുന്ന എനിക്ക് ഷാജിയുടെ സന്ദര്‍ശനം അത്യന്തം ഹൃദ്യമായിത്തോന്നി. ഏറെനേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. ഷാജിയെക്കുറിച്ച് എനിക്കുള്ള മതിപ്പ് അദ്ദേഹം ഒരിക്കലും തന്റെ തൊഴിലില്‍, കലയില്‍ ഒത്തുതിര്‍പ്പുകള്‍ക്ക് തയ്യാറായില്ല എന്നതാണ്.
Content Highlights: Adoor gopalakrishnan astir Shaji n karun
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·